വീടിനു ചുറ്റും ചെറുതായാലും വലുതായാലും പുഴയോ തോടോ ചുറ്റി വരുന്നത് നല്ലതുതന്നെയാണ്. എന്നാല്‍, ഇവ പ്രദക്ഷിണരീതിയില് ആയിരിക്കണമെന്നുമാത്രം. നിശ്ചലമായ തടാകത്തിനു നേരേ ഒരു വീടിന്റെ പൂമുഖവാതില്‍ കൊടുക്കുന്നത് നന്നല്ല. അതുപോലെ, ഒഴുകിവരുന്ന നദിക്കെതിരെ വീടിന്റെ ദര്‍ശനം കൊടുക്കുന്നതും നല്ലതല്ല. അഴുക്കുതുണികള്‍ അടിച്ചുനനയ്ക്കുന്ന കുളം, തോടുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവയ്ക്കുനേരേയും മുന്‍വശത്തെ വാതില്‍ കൊടുക്കരുത്.
ഭൂമിപൂജയും പഞ്ചശിരസ്സും
ഒരു ഭവനം പണിയുംമുമ്പേതന്നെ പ്രസ്തുത ഭൂമിയില്‍ ഭൂമിപൂജയും തറരക്ഷയും ചെയ്തശേഷം മാത്രമേ വീടുപണി ആരംഭിക്കാവൂ. അതു
പോലെ വാസ്തുദോഷപരിഹാരകര്മമായിട്ടാണ് പഞ്ചശിരസ്സ് വിധിപ്രകാരം സ്വര്‍ണത്തകിടുകളില്‍ ഉണ്ടാക്കി ചെപ്പുകളില്‍ സ്ഥാപിക്കുന്നത്.
മരങ്ങള്‍ വളര്‍ത്തുമ്പോള്‍
വീടിന്റെ പുറത്തുകൂടി ചാഞ്ഞുനില്ക്കുന്ന ഏതു മരമായാലും എത്രതന്നെ ഫലങ്ങളും സമ്പത്തും തരുന്നവയായിരുന്നാലും അവയുടെ ശിഖരങ്ങള്‍ വീടിന് പുറത്ത് തൊട്ടുനില്ക്കാതെ മുറിച്ചുമാറ്റേണ്ടതാണ്.
വാസ്തു ഒത്ത വീട്ടില്‍ എക്സ്റ്റന്‍ഷന്‍ പാടില്ല
വാസ്തുപരമായി കണക്കൊത്ത ഒരു വീട് പണികഴിപ്പിച്ച് താമസിച്ചുവരുമ്പോള്‍ സ്ഥലസൗകര്യത്തിന്റെ കാര്യം പറഞ്ഞ് പ്രസ്തുത വീടിന് എക്സ്റ്റന്‍ഷന്‍ ചെയ്യുമ്പോഴാണ് പല വീടിന്റെയും സന്തുലനാവസ്ഥ നഷ്ടപ്പെടുന്നത്. ആയതിനാല്‍ കഴിയുന്നതും എക്സ്റ്റന്‍ഷന്‍ ഒഴിവാക്കുക.
സ്റ്റെയര്‍കെയ്സിന്റെ സ്ഥാനം
ഒരു വീടിന്റെ ഭാരമുള്ള ഭാഗങ്ങള്‍ എല്ലാംതന്നെ തെക്കുഭാഗത്ത് വരുന്നത്. നല്ലതാണ്. പ്രത്യേകിച്ച് വീടിന്റെ അകത്തെ സ്റ്റെയര്‍കെയ്സ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ ക്ളോക്ക് വൈയ്സിലായിരിക്കണം.
വൃത്തിശുദ്ധിയുടെ പ്രാധാന്യവും അടുക്കളയുടെ അളവും
എത്രതന്നെ വാസ്തുശാസ്ത്രപരമായി പണിഞ്ഞിരുന്ന വീടായാലും അതില്‍ വസിക്കുന്നവരുടെ വൃത്തിഹീനമായ പ്രവൃത്തിമൂലം നെഗറ്റീവ് എനര്‍ജി തളംകെട്ടി സര്‍വനാശം വിതക്കും. ആയതിനാല്‍ ചെറുതായാലും വലുതായാലും വീട് വൃത്തിയായി സൂക്ഷിക്കുക. പ്രധാന ബെഡ് റൂമിനെക്കാള്‍ വലുപ്പത്തില്‍ അടുക്കള വരരുത്. സമസ്തമായോ ദീര്‍ഘചതുരമായോ അടുക്കള എടുക്കാവുന്നതാണ്. അടുക്കളയ്ക്കകത്ത് കോണ്കെട്ടുകള് പാടില്ല.
വീട് പണിയുവാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍
വീട് വയ്ക്കുവാന്‍ മുട്ടയുടെ ഷെയ്പ്പുള്ള ഭൂമി ഒരിക്കലും എടുക്കരുത്. അതുപോലെ പാറ പൊട്ടിച്ചുമാറ്റിയ പാറമടകള്‍ ഭവനനിര്‍മ്മാണത്തിന് എടുക്കരുത്. ക്ഷേത്രത്തിന് ചേര്‍ന്ന ഭൂമി, ഭവനം വയ്ക്കുവാന്‍ എടുക്കരുത്.
കോമ്പൗണ്ട് എന്തിനുവേണ്ടി?
വലിയ കോമ്പൗണ്ടിനകത്ത് നാലു വീടുകള്‍ പണിഞ്ഞിട്ടുണ്ടെങ്കിലും ഓരോ വീടിനും പ്രത്യേകം പ്രത്യേകം ചെറുതായിട്ടെങ്കിലും കോമ്പൗണ്ട് വാള് കെട്ടണം. എങ്കില്‍ മാത്രമേ ഓരോ വീടിനും ഓരോ വാസ്തുമണ്ഡലം ഉണ്ടാവുകയുള്ളൂ. അപ്രകാരം ചെയ്താല്‍ അവരവരുടെ വീടിന്റെ ഐശ്വര്യം അവിടെത്തന്നെ നിലനില്ക്കും.
നാല് പ്രധാന കോണും ഗ്രഹങ്ങളുടെ സ്വാധീനവും
ഭൂമിയുടെ വടക്കുകിഴക്കേ കോണ്‍ ഈശാനകോണും തെക്കുകിഴക്ക് അഗ്നി കോണും, തെക്കുപടിഞ്ഞാറ് നിരൃതികോണും, വടക്കുപടിഞ്ഞാറ് വായുകോണുമാകുന്നു. വടക്കുകിഴക്ക് വ്യാഴന്റെ സ്വാധീനം, കിഴക്ക് സൂര്യന്റെ സ്വാധീനം കിഴക്ക് തെക്ക് ശുക്രന്റെ സ്വാധീനം, തെക്ക് ചൊവ്വയുടെ സ്വാധീനം, തെക്കുപടിഞ്ഞാറ് രാഹുവിന്റെ സ്വാധീനം, പടിഞ്ഞാറ് ശനിയുടെ സ്വാധീനം, വടക്കുപടിഞ്ഞാറ്ചന്ദ്രന്റെ സ്വാധീനം, വടക്ക് ബുധന്റെ സ്വാധീനം.
ഗൃഹപ്രവേശത്തിന് ശ്രദ്ധിക്കേണ്ടത്
ഗൃഹപ്രവേശത്തിന് ചരരാശികളായ മേടം, കര്‍ക്കടകം, തുലാം, മകരം വര്‍ജ്യങ്ങളാകുന്നു. കുംഭരാശിയും നല്ലതല്ല. തിഥികളും നക്ഷത്രങ്ങളും ഗൃഹാരംഭത്തിന് പറഞ്ഞവ സ്വീകരിക്കാം.
വീടിന്റെ ഏതുഭാഗത്ത് തള്ളല്‍ വരാം
വീട് പണിയുമ്പോള്‍ വടക്കുകിഴക്കുഭാഗമോ കിഴക്കുവടക്കുഭാഗമോ കിഴക്കുതെക്കു ഭാഗമോ തള്ളിനില്ക്കുന്നതില് അപാകതയില്ല.
മരം മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഗൃഹം പണിയുന്നതിനുവേണ്ടി മരം മുറിക്കുന്നതിന് വൃക്ഷപൂജ ചെയ്യണം. ബുധനും വ്യാഴനും ഉത്തമമാണ്. വെള്ളി മധ്യമവും, തിങ്കള്‍, ചൊവ്വ, ശനി അധമവുമാകുന്നു.
കട്ടളപ്പടി സ്ഥാപിക്കുന്ന സമയം
ഒരു ഭവനത്തിന്റെ പൂമുഖവാതിലിന്റെ കട്ടളപ്പടി സ്ഥാപിക്കുന്നതിന് രാവിലത്തെ മുഹൂര്‍ത്തം എടുക്കണം. മകയിരം, പുണര്‍തം, ചിത്തിര, ചോതി, അനിഴം, മൂലം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ ഉത്തമമാണ്. കട്ടളപ്പടി വയ്ക്കുന്നതിനോടൊപ്പം എനര്‍ജി ലെവല്‍ വമിക്കുന്ന രത്നങ്ങളും കട്ടിളപ്പടിയുടെ അടിയില്‍ വയ്ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: