‘ജീവിതം ആഘോഷമാക്കുന്നവരാണ് ഭാരതീയര്‍. ജി20 ഉച്ചകോടിയും ഉത്സവമാക്കി മാറ്റി. വെറും ഉത്സവമല്ല. ജനകീയ ഉത്സവം.’ ഉച്ചകോടി വേദിയിലെ അന്താരാഷ്‌ട്ര മീഡിയ സെന്ററില്‍ പരിചയപ്പെട്ട വിദേശ മാധ്യമ പ്രവര്‍ത്തകന്റെ വിലയിരുത്തലായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ജി20 ഉച്ചകോടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുളള അദ്ദേഹം ദല്‍ഹിയിലെ ഉച്ചകോടിയെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത് ‘സൂപ്പര്‍’ എന്നും. ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജി20ന് കഴിയും എന്ന് ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം തെളിയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനും പറഞ്ഞു. പങ്കാളികളും പത്രക്കാരുമെല്ലാം ഒരുകാര്യത്തില്‍ ഒറ്റസ്വരം. ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി എല്ലാ തരത്തിലും വന്‍ വിജയം. ലോകത്തിനു മുന്നില്‍ ഭാരതത്തെ ഷോക്കേസ് ചെയ്ത, ഭാരതം ഷോ ആയി മാറി എന്നു പറയുന്നവരുമുണ്ട്.
ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ പ്രധാന നഗരത്തില്‍ അംഗരാജ്യതലവന്മാര്‍ ഒത്തു ചേരുന്ന രണ്ടു ദിവസത്തെ സമ്മേളനം. അതായിരുന്നു ഇതുവരെ ജി 20 ഉച്ചകോടി. അതിന്റെ രൂപവും ഭാവവും അടലും ഉടലും മാറ്റി എന്നതാണ് ഭാരതത്തിന്റെ അധ്യക്ഷ പദവിയുടെ പ്രസക്തി. ജി20യെ രാജ്യം മുഴുവന്‍ പങ്കാളിത്തമുള്ള ജനകീയ സമ്മേളനമാക്കി മാറ്റി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒന്നരക്കോടിയോളം സാധാരണക്കാരെ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുത്തി 200 അനുബന്ധ സമ്മേളനങ്ങള്‍ രാജ്യത്തെ 60 നഗരങ്ങളില്‍ നടന്നു. അതോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഒരുക്കങ്ങളിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കാനായി. ദല്‍ഹിയില്‍ ഭാരത് മണ്ഡപമെന്ന ലോകോത്തര കണ്‍വന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമായി. പല സംസ്ഥാനങ്ങളുടെയും തനതുകലകളും ഉല്‍പന്നങ്ങളും ആഗോളതലത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരതത്തിന് ഗുണം ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നൈപുണ്യ വികസനമടക്കമുള്ള വിഷയങ്ങളും സ്‌കില്‍ മാപ്പിങ്ങും ഉച്ചകോടി ചര്‍ച്ച ചെയ്തു. യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സാമ്പത്തിക നയങ്ങളും നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തിക്കുന്ന സംവിധാനങ്ങളും ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ജി20നെ ഉപയോഗിച്ചു.
‘വസുധൈവ കുടുംബകം’ എന്ന ആപ്തവാക്യം ജി20 അധ്യക്ഷതയുടെ മുദ്രാവാക്യമായും ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നത് തലവാചകമായും സ്വീകരിച്ച ഭാരതം രണ്ടിനോടും നൂറു ശതമാനം നീതി പുലര്‍ത്തി. ലോകത്തിനു സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതോടൊപ്പം സാമാന്യ നീതി കൂടി ഉറപ്പാക്കണമെന്ന വിധത്തിലേക്ക് ജി20 കൂട്ടായ്മ ചിന്തിപ്പിക്കുന്നതില്‍ വിജയിച്ചു.
‘ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്‍കാന്‍ നിര്‍ദേശിച്ചത് ഏവര്‍ക്കുമൊപ്പം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിനു മുമ്പ് ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷനെ ജി20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നു’ ജി20 ഉച്ചകോടിയുടെ ആരംഭസമ്മേളനത്തിലെ അധ്യക്ഷപ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോള്‍ അതൊരു ചരിത്ര പിറവികൂടിയായിരുന്നു. 50ല്‍ അധികം രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ യൂണിയന്‍ ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ അംഗമായി. വികസിത രാജ്യങ്ങളുടെ ആശങ്കകളും ആശയങ്ങളും വെല്ലുവിളികളും മുന്‍ഗണനകളും പ്രകടിപ്പിക്കാനുള്ള വേദിയായികൂടി ജി20 മാറണം എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടിന് ലോകരാഷ്‌ട്രങ്ങള്‍ കയ്യൊപ്പു ചാര്‍ത്തലായി. ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം എന്ന നയത്തിന്റെ ഭാഗമായി ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ സമ്മേളനങ്ങള്‍ ഭാരതത്തിന്റെ അധ്യക്ഷതയില്‍ നടത്തിയിരുന്നു. ലോകത്തിന്റെ തെക്കേഭാഗത്തുള്ള രാജ്യങ്ങള്‍ വികസനത്തില്‍ പിന്നിലാണെന്നത് വസ്തുതയാണ്. വിഭവ വികസന തലത്തിലെ മൂന്നാം ലോകം എന്ന നിലയ്‌ക്കാണ് ഗ്ലോബല്‍ സൗത്ത് എന്ന ആശയം ശക്തിപ്രാപിച്ചത്. ഗ്ലോബല്‍ സൗത്ത് കണ്‍വന്‍ഷന്‍ നടത്തി അഭിപ്രായ രൂപീകരണം നടത്തിയ ശേഷമാണ് ആഫ്രിക്കന്‍ യൂണിയനുവേണ്ടി ഭാരതം ശക്തമായ വാദമുന്നയിച്ചത്. 100കോടി ജനങ്ങളുള്ള ഭൂഖണ്ഡമായ ആഫ്രിക്കകൂടി ജി20ല്‍ ഉള്‍പ്പെടുമ്പോള്‍ ലോകരാജ്യങ്ങളുമായുള്ള വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ഭാരതത്തിന് കഴിഞ്ഞു. രാജ്യാന്തര വേദികളില്‍ വിവിധ വിഷയങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ഇതു വഴിതുറക്കും.
ആഫ്രിക്കയെ അംഗമാക്കാനായത് ഭാരതത്തിന്റെ ആശയ പരമായ നേട്ടമാണെങ്കില്‍, രാഷ്‌ട്രീയപരവും നയതന്ത്രപരവുമായ വന്‍വിജയമായത് ഉച്ചകോടിയില്‍ അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച സംയുക്തപ്രമേയം പാസാക്കാനായി എന്നതാണ്. മുന്‍വര്‍ഷങ്ങളില്‍ പലതവണയും പ്രമേയം പാസാക്കല്‍ നടന്നിട്ടില്ല എന്ന സാഹചര്യത്തില്‍ ഇതിനു പ്രാധാന്യം ഏറെയാണ്.
ഉക്രയിന്‍ യുദ്ധത്തിന് പരിഹാരം ഉണ്ടാകണമെന്നാണ് ജി20 സംയുക്ത പ്രഖ്യാപനം. ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കൊവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ ഉക്രയിന്‍ യുദ്ധം ഇടയാക്കിയെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്നായിരുന്നു പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശം പാടില്ലെന്നായിരുന്നു റഷ്യയുടേയും ചൈനയുടേയും ആവശ്യം. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ഭാരതത്തിന്റെ ശ്രമമാണ് വിജയിച്ചിരിക്കുന്നത്. സംയുക്ത പ്രഖ്യാപനമില്ലാതെ സമ്മേളനം അവസാനിക്കുന്നത് നയതന്ത്രപരമായി തിരിച്ചടിയാകുമെന്നതിനാല്‍ കടുത്ത പ്രയത്‌നത്തിലൂടെയാണ് അവസാന നിമിഷം അതിലേക്കെത്തിക്കാനായത്. 200 മണിക്കൂറുകളോളം 300 ലധികം മീറ്റിംഗുകള്‍ക്ക് ശേഷമാണ് സമവായം ഉണ്ടായത് എന്ന് പറയുമ്പോള്‍ പിന്നിലെ ശ്രമം ഊഹിക്കാം.
”രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും ഉക്രയിനില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്‌ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതവും ചെയ്യും. ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല”സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
രാഷ്‌ട്രീയ നിലപാടുകളെക്കാള്‍ സാമ്പത്തിക വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമാണ് ജി20 ഉച്ചകോടിയില്‍ പ്രാധാന്യം. അങ്ങനെ വിലയിരുത്തിയാലും ഭാരതത്തിന്റെ താല്‍പര്യം മുഴച്ചു നിന്ന തീരുമാനങ്ങളാണ് ഉണ്ടായത്. ഭാരതം-ഗള്‍ഫ്-യൂറോപ് സാമ്പത്തിക ഇടനാഴിയാണത്.
ജി20 ഉച്ചകോടിയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നാണിതെന്നു പറയാം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ പ്രഖ്യാപിച്ചത്. ബഹുരാഷ്‌ട്ര റെയില്‍, തുറമുഖ കരാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും സാമ്പത്തിക സംയോജനത്തിന് ഫലപ്രദമായ മാധ്യമമായി മാറും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളം റെയില്‍വേ, തുറമുഖ സൗകര്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഭാരതവും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വരെ വേഗത്തിലാക്കും. ആധുനിക കാലത്തെ സുഗന്ധവ്യഞ്ജന റൂട്ട് ആയി ഇടനാഴിമാറും. മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള വ്യാപാരം ശക്തിപ്പെടുത്താനും ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാനും പദ്ധതി ശ്രമിക്കുന്നു. പദ്ധതിയില്‍ ഡാറ്റ, റെയില്‍, വൈദ്യുതി, ഹൈഡ്രജന്‍ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ ഉള്‍പ്പെടും.
വികസ്വര രാജ്യങ്ങള്‍ അനാവശ്യ വായ്പകളിലൂടെ കടക്കെണിയിലുള്‍പ്പെടുന്നതു സംബന്ധിച്ചും അവബോധമുണ്ടാക്കാനും ഭാരതത്തിനു കഴിഞ്ഞു. രാജ്യാന്തര വായ്പാ ഏജന്‍സികളുടെ വായ്പാ നയങ്ങളില്‍ ഉദാരതയും അനുഭാവവും വേണമെന്ന നിലപാടും. യുദ്ധവും മറ്റു രാഷ്‌ട്രീയപ്രശ്‌നങ്ങളും ഭക്ഷ്യധാന്യങ്ങളുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള വഴികളാലോചിക്കണമെന്നതും ഭാരതത്തിന്റെ ആവശ്യമായിരുന്നു. ഉച്ചകോടിയില്‍ അനുകൂല പ്രതികരണം ഉണ്ടാക്കാനായതും വിജയമായി.
ജി20 അധ്യക്ഷരാജ്യം എന്ന നിലയില്‍ ഭാരതം മുന്നോട്ടുവെച്ച സംരംഭമാണ് ആഗോള ജൈവ ഇന്ധന സഖ്യം. ഭാരതത്തിനു പുറമെ സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇറ്റലി, യുഎസ്എ, ബ്രസീല്‍, അര്‍ജന്റീന, മൗറീഷ്യസ്, യുഎഇ എന്നീ രാജ്യങ്ങളുടെ സഖ്യത്തിനു ജി20യില്‍ തുടക്കം കുറിക്കാനായി. സാങ്കേതിക മുന്നേറ്റങ്ങള്‍ സുഗമമാക്കല്‍, സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ഊര്‍ജിതമാക്കല്‍, മേഖലയുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തത്തോടെ ശക്തമായ മാനദണ്ഡ ക്രമീകരണവും അംഗീകാരവും രൂപപ്പെടുത്തല്‍ എന്നിവയിലൂടെ ജൈവ ഇന്ധനങ്ങളെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതു ത്വരിതപ്പെടുത്താനാണു സഖ്യം ഉദ്ദേശിക്കുന്നത്. വിജ്ഞാന സങ്കേതമായും വിദഗ്ധ കേന്ദ്രമായും സഖ്യം പ്രവര്‍ത്തിക്കും. ജൈവ ഇന്ധനങ്ങളുടെ പുരോഗതിക്കും വ്യാപകമായ സ്വീകാര്യതയ്‌ക്കും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്ന വേദിയായി പ്രവര്‍ത്തിക്കാനാണു സഖ്യം ലക്ഷ്യമിടുന്നത്. എല്ലാതരത്തിലും ഭാരതത്തെ അടയാളപ്പെടുത്തുക മാത്രമല്ല, നരേന്ദ്രമോദിയുടെ നേതൃഗുണവും നയതന്ത്ര ചാരുതയും വിളിച്ചു പറയുന്നതുമായിരുന്നു ജി20 ഉച്ചകോടി. എല്ലാതരത്തിലും വിജയമായ സമ്മേളനം.
സംയുക്ത പ്രസ്താവന ഉപസംഹരിച്ചുകൊണ്ട് ലോകനേതാക്കള്‍ കുറിച്ചതിങ്ങനെ: ‘പതിനെട്ടാമത് ജി20 ഉച്ചകോടി ന്യൂദല്‍ഹിയില്‍ വിജയകരമായി ആതിഥേയത്വം വഹിച്ചതിനും പ്രതിനിധികളെ ഊഷ്മളമായി സ്വാഗതം ചെയ്തതിനും ജി20നെ ശക്തിപ്പെടുത്തുന്നതിനുള്ള വിലയേറിയ സംഭാവനകള്‍ നല്‍കിയതിനും ഞങ്ങള്‍ ഭാരതത്തിന് നന്ദി പറയുന്നു. വിവിധ ജി20 കര്‍മ്മസമിതികളുടെയും മന്ത്രിതല യോഗങ്ങളുടെയും വിജയകരമായ സമാപനത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയും അവയുടെ പരിണതഫലങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. 2023 ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതിന് ഞങ്ങള്‍ ഭാരതത്തെ അഭിനന്ദിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: