കോഴിക്കോട്: സനാതന ധര്‍മ്മം ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പറഞ്ഞു. കോഴിക്കോട് സൈനീക് ഹാളില്‍ സംസ്ഥാന തല ഹിന്ദുവനിതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി.
ഗണപതിയെ കെട്ടുകഥയാക്കിയും സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചും ഭവ്യ സങ്കല്‍പ്പങ്ങളെ ഇകഴ്ത്തി കാണിച്ചും ചിലര്‍ പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തുന്നു.
സനാതന ധര്‍മ്മം നീചമായ ഒരു ജാതിവ്യവസ്ഥയേയും അംഗീകരിച്ചിട്ടില്ല. വര്‍ണ വ്യവസ്ഥയെ ജാതീയ വ്യവസ്ഥയായി വ്യാഖ്യാനിക്കുകയാണ്. സമൂഹത്തില്‍ പരിഷ്ക്കരണങ്ങള്‍ വരുത്തിയത് ആചാര്യന്മാരും നവോത്ഥാന നായകരുമാണ്.
സനാതന ധര്‍മ്മത്തെ ആക്ഷേപിക്കുന്നത് ആസൂത്രിത നീക്കമാണ് ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളുടെ സാരാംശം മനസ്സിലാക്കിയും വ്യക്തിജീവിതത്തില്‍ സംശുദ്ധി നിലനിര്‍ത്തിയും ഭാവിതലമുറയെ സംസ്കാര സമ്പന്നരാക്കാന്‍ വനിതാ നേതൃത്വങ്ങള്‍ മുന്നോട്ട് വരണം അവര്‍ പറഞ്ഞു.
സനാതന ധര്‍മ്മം ഭീഷണി നേരിടുമ്പോള്‍ അവതാരങ്ങള്‍ ഉണ്ടാകാറുണ്ട്. ധര്‍മ്മ സംരക്ഷണത്തിനായി ഈ കാലഘട്ടത്തില്‍ മാതൃ നേതൃത്വം ഉയര്‍ന്നു വരണം അവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോടു നിന്നും ചെന്നൈയില്‍ നിന്നും ഉയര്‍ന്നു വന്ന വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷാ സോമന്, സംസ്ഥാന ട്രഷറര്‍ പി. സൗദാമിനി, ജനറല്‍ സെക്രട്ടറി ഓമന മുരളി, പി.കെ.ഗിരിജ, ശശികല ജയരാജ്, സതി കോടോത്ത്, രമണി ശങ്കര്‍ , പി.കെ. വത്സമ്മ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: