ബെംഗളൂരു: ഗ്രാമ്യജീവിതത്തിലെ നുറുങ്ങു സംഭവങ്ങളെ നാട്ടുഭാഷയുടെ സൗരഭ്യവും കരുത്തും പേറുന്ന ഭാഷയില്‍, ദാര്‍ശനിക മാനങ്ങള്‍ നല്കി അവതരിപ്പിക്കുന്ന ശ്രീധരന്‍പിള്ളയുടെ കഥകള്‍ വായനയെ മൂല്യവത്താക്കുന്നു എന്ന് ജ്ഞാനപീഠ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞു. ഗോവ ഗവര്‍ണര്‍ പി.
എസ്. ശ്രീധരന്‍പിള്ളയുടെ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ കന്നട പരിഭാഷ ‘ഗിളിയു ബാരദേ ഇരദു’ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ബസവനഗുഡിയിലെ ഡോ. സി അശ്വത് കലാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്തു. ശ്രീധരന് പിള്ളയുടെ കഥകള്‍ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങി ഗവര്‍ണര്‍ ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. ഭരണ നൈപുണ്യവും സാഹിത്യ പ്രതിഭയും ഒരുപോലെ സംഗമിക്കപ്പെട്ട വ്യക്തിത്വമാണ് ശ്രീധരന് പിള്ളയുടേതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവിത പരിസരങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളാണ് കഥകള്‍ക്ക് ആധാരമെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. വിജയ കര്‍ണാടക എഡിറ്റര്‍ സുദര്ശന് ചന്നഗിഹള്ളി, കൃതിയുടെ വിവര്‍ത്തക മേരി ജോസഫ്, കന്നട എഴുത്തുകാരി ശോഭാറാവു, വി. ശ്രീനിവാസ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: