ന്യൂദല്‍ഹി : കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുമ്പ് നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.
കാനഡ എപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം, മനസാക്ഷി സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധം നടത്താനുളള സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കും. അതേ സമയം അക്രമം തടയാനും വിദ്വേഷത്തിനെതിരെ എപ്പോഴും മുന്നിലുണ്ടാകും- ജസ്റ്റിന് ട്രൂഡോ പറഞ്ഞു.
ഖാലിസ്ഥാന്‍ തീവ്രവാദികളുടെ കാനഡയിലെ പ്രവര്‍ത്തനം സംബന്ധിച്ച് , ചുരുക്കം ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമൂഹത്തെയും കാനഡയെയും പ്രതിനിധീകരിക്കുന്നില്ല എന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണെന്ന് ജസ്റ്റിന് ട്രൂഡോ പറഞ്ഞു. എന്നാല്‍ നിയമവാഴ്ചയെ മാനിക്കേണ്ടതുണ്ട്. ഖാലിസ്ഥാന്‍ വാദത്തില്‍ വൈദേശിക ഇടപെടലിന്റെ കാര്യവും മോദിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ട്രൂഡോ പറഞ്ഞു.
കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളുടെ ആധിക്യം ഗൗരവത്തോടെയാണ് തന്റെ സര്‍ക്കാര്‍ കാണുന്നതെന്ന് ട്രൂഡോ പറഞ്ഞു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തിലുളള ശ്രീ മാതാ ഭമേശ്വരി ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പുറം ഭിത്തികളില്‍ ഇന്ത്യാ വിരുദ്ധവും ഖാലിസ്ഥാന്‍ അനുകൂലവുമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന.വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പൂട്ടുമെന്ന് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പറഞ്ഞ് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ക്ഷേത്രത്തിന് നേരെ അതിക്രമം ഉണ്ടായത്.
ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോഴാണ് കനേഡിയന്‍ പ്രധാനമന്ത്രി ഖാലിസ്ഥാന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: