ഓണമൊരീണമായ്
കൊഞ്ചിയാടും
ചിങ്ങവരമ്പിന്റെ
ചേല്‍ കണ്ട് ഉയിരുയരണം
പൂക്കുട നിറയെ
പൂക്കള്‍ കുളിര്‍ കൊള്ളും
ഹൃദയമായ് പിടി വിട്ടു –
പായണമിളം കാറ്റിന്റെ വേഗമായ്
സ്‌നേഹ സ്വപ്‌നമായ്
തിരുമുറ്റം നിറയെ
പൂവസന്തമാടിയെന്നും
നിനവിലാ നിറപ്പൊലിമ
മായാതിരിക്കണം
ഉള്‍ക്കുടം തുളുമ്പും
വയല്‍പ്പൊലിപ്പാട്ടിന്റെ
താള വേഗത്തില്‍
ഗ്രാമ്യ താളം ചവിട്ടിക്കുഴയണം
സ്മൃതിയിലെ നിത്യ പ്രണയമേ
നിനക്കായ് പൂക്കളമൊരുക്കിയ
സ്വപ്‌ന നിശകള്‍ തെളിയിച്ച
നക്ഷത്ര ജാലകം നിന്നില്‍
പൊലിഞ്ഞുവോ.
മിഥ്യ വിട്ടുണരവേ
ഓര്‍മയില്‍ നാള്‍ തൊട്ടു മറിക്കും
നാവുള്ള സത്യങ്ങളെന്നേ
മര്‍മ്മരം നിലച്ച് ശാന്തമായ്
പൂവില്ല, പൂക്കള നോവില്ല
ശബ്ദരഹിത ആംഗ്യങ്ങള്‍ ആര്‍പ്പുകള്‍
നിറം പോയ സ്വപ്‌നത്തില്‍
പിഞ്ചിപ്പോയ ഊഞ്ഞാല്‍ ചരടുകള്‍ .
സിരയില്‍ നുരയുന്നു നാം ജീവിച്ചൊരുക്കിയ
പഴമകള്‍ പുണ്യങ്ങള്‍
പുലരുമോ കാലം
ദു:ഖ ക്കറുപ്പില്‍
നിലച്ച നിണമായ് ഉറയ്‌ക്കവേ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: