തിരുവനന്തപുരം: പോലീസ് ബാന്റിലേക്ക് ആളെയെടുക്കാന്‍ പിഎസ്സി നടത്തുന്ന പരീക്ഷയുടെ മറവില്‍ വന്‍ ക്രമക്കേട്. സംഗീത ഉപകരണങ്ങള്‍ പഠിക്കാത്തവര്‍ക്കു പോലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കുന്നതായി കണ്ടെത്തല്‍. ഉദ്യോഗാര്‍ഥികളില്‍ നിന്ന് 3000 മുതല്‍ 5000 രൂപവരെ കൈപ്പറ്റി നെയ്യാറ്റിന്‍കര വെണ്പകലില് പ്രവര്‍ത്തിക്കുന്ന മ്യൂസിക്ക് അക്കാദമിയില്‍ നിന്നും നല്കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെയാണ് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്നത്. പോലീസ് സേനയുടെ ഭാഗമായ ബാന്റ് സംഘത്തില്‍ ചേരാനാണ് പിഎസ്സി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങള്‍ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തുപരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ഥികളോട് ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ പിഎസ്സി ആവശ്യപ്പെട്ടു. സംഗീതപഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ലിസ്റ്റോ പിഎസ്സി ആവശ്യപ്പെട്ടിരുന്നില്ല. നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക്ക് സ്ഥാപനം പോലീസ് ബാന്റില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെയാണ്.
സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യവുമായി പ്രിന്‍സിപ്പലിനെ ബന്ധപ്പെട്ടാല്‍ കോട്ടയ്ക്കകത്തെ ജില്ലാ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ വരാനാവും നിര്‍ദേശം. 3000 രൂപ വീതം വാങ്ങിയാണ് സീലും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. സംഗീത ഉപകരണങ്ങള്‍ വായിക്കേണ്ട പരീക്ഷയാണ് പിഎസ്സി നടത്തുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിലും ആള്‍ക്കാറുണ്ടെന്നും പിഎസ്സി ഇന്റവ്യൂ ബോര്‍ഡിലുള്ളവരാണ് ഈ സ്ഥാപനത്തിന്റെ തലപ്പത്തെന്നും ജയിക്കാനുള്ള വിദ്യകള്‍ പറഞ്ഞ് നല്‍കാമെന്നും ഉടമസ്ഥര്‍ വാഗ്ദാനം നല്‍കാറുണ്ട്. സംഭവത്തില്‍ വെണ്‍പകലിലെ മ്യൂസിക് അക്കാദമിയില്‍ നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തില്‍ മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയും നടന്നു. രേഖകള്‍ പരിശോധിച്ച് വരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: