തൃശൂര്‍: കേരളം നേരിടുന്ന സാംസ്കാരിക പ്രതിസന്ധി മറികടക്കാന്‍ ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കണമെന്ന് പ്രശസ്ത സംവിധായകന് ഹരിഹരന്. തപസ്യ കലാ സാഹിത്യവേദി സംസ്ഥാന പഠനശിബിരം ചേര്‍പ്പ് ശ്രീലകം കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഘടിച്ചു നില്ക്കുന്ന കേരളത്തില്‍ മനുഷ്യനെവിടെ എന്നതാണ് ചോദ്യം. നല്ല മനുഷ്യരെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് ഉണ്ടാകേണ്ടത്. ആത്മീയതയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകം. ആത്മബോധമുണ്ടാകുന്നതിന് തടസം അജ്ഞത മാത്രമാണ്. അറിവ് നേടുകയാണ് അതിനുള്ള പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പെരുവനം കുട്ടന് മാരാര്‍ ആശംസാപ്രസംഗം നടത്തി. സുധീര്‍ പറൂര് രചിച്ച കരിന്തണ്ടന് നോവലിന്റെ പ്രകാശനം ഹരിഹരന് നിര്‍വഹിച്ചു. പെരുവനം കുട്ടന് മാരാര്‍ ഏറ്റുവാങ്ങി. കവി കല്ലറ അജയന്, സംസ്കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്, സംസ്ഥാന സമിതിയംഗം സി.സി. സുരേഷ് എന്നിവരും സംസാരിച്ചു. തുടര്‍ന്ന് ഡോ. എം.വി. നടേശന്, കല്ലറ അജയന്, മുരളി പാറപ്പുറം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പഠനശിബിരത്തില്‍ ഇന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് എന്നിവര്‍ ക്ലാസെടുക്കും. പഠനശിബിരം ഇന്ന് സമാപിക്കും.
തപസ്യ സംസ്ഥാന പഠനശിബിരം സംവിധായകന് ഹരിഹരന് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: