ന്യൂദല്‍ഹി: ജി 20 അത്താഴവിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സ്റ്റാലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബിജെപിക്കെതിരേ പ്രതിപക്ഷം ശക്തമായ പോരാട്ടത്തിനിറങ്ങുമ്പോള്‍ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവയ്‌ക്കണമായിരുന്നോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് രാഷ്‌ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി സ്റ്റാലിനാണ്. കൂടാതെ അമേരിക്കൻ പ്രസിഡൻ്റ് ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ പങ്കുവയ്‌ക്കുകയും ചെയ്തു. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ എത്തി. ഇത് ഭരണപരമായ തീരുമാനമാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പോയതാണെന്നും പാർട്ടി വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേകര്‍ റാവു, ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. നേരത്തേ ജ 20യുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും സ്റ്റാലിന്‍ പങ്കെടുത്തിരുന്നു. ഇത് രാജ്യത്തിനുള്ള അംഗീകാരമാണ്. ഏതെങ്കിലും വ്യക്തിക്കുള്ളതല്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: