തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എം പി, ആലത്തൂര്‍ എം പിയായിരുന്ന പി കെ ബിജുവാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ അനില്‍ അക്കര.കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.
വടക്കാഞ്ചേരിയില്‍ പി കെ ബിജുവിന്റെ ഓഫീസ് 2014ല്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഓഫീസ് എടുത്ത് നല്കിയതും ചെലവുകള്‍ വഹിച്ചതും സതീഷാണ്. ഒന്നാം പ്രതിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പി കെ ബിജുവിനെയാണ് നിയോഗിച്ചതെന്നും അനില്‍ അക്കര പറഞ്ഞു.
തട്ടിപ്പ് പണം കൈപ്പറ്റിയവരില്‍ മുന്‍ എംപിയും ഉണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ലഭിച്ചെന്നും ഇ.ഡി റിപ്പോര്‍ട്ടിലുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീന് പുറമെ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സൂചനയാണ് ഇ ഡി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുളളത്. മുന്‍ എംപിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
കേസില്‍ ഒന്നും രണ്ടും പ്രതികളായ പി പി കിരണ്‍, പി സതീഷ് കുമാര്‍ എന്നിവരെ ഇ മാസം 19 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മുന്‍ മന്ത്രി എ സി മൊയ്തീനോട് തിങ്കളാഴ്ച ഇ ഡി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: