ഭോപ്പാല്‍ : മധ്യപ്രദേശിലെ പന്ന രാജകുടുംബത്തിലെ മഹാറാണി ജിതേശ്വരി ദേവിയെ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിച്ച് ബലമായി ആചാരങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.
മഹാറാണി മദ്യപിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ജന്മാഷ്ടമി ദിനത്തില്‍ പരമ്പരാഗതമായി രാജകുടുംബത്തിലെ ഒരു പുരുഷന് കര്‍മ്മങ്ങള്‍ നടത്തുന്ന പന്നയിലെ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തിലാണ് സംഭവം.
പൂജാരിമാര്‍ മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കാവൂ എന്നതാണ് ആചാരമെന്നിരിക്കെയാണ് മഹാറാണി ജിതേശ്വരി ദേവി ബലമായി ശ്രീകോവിലില്‍ കടന്ന് പൂജ നടത്താന്‍ ശ്രമിച്ചതെന്നും പൂജാരിമാര്‍ പറഞ്ഞു.
രാജാവോ അദ്ദേഹത്തിന്റെ മകനോ സാധാരണയായി ഈ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ മകന് വ്യാഴാഴ്ച എത്താന്‍ കഴിയാത്തതിനാല്‍ അമ്മ ജിതേശ്വരി ദേവി എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ കള്ളക്കേസ് നല്‍കിയിരിക്കുകയാണെന്ന് മഹാറാണി ജിതേശ്വരി ദേവി പ്രതികരിച്ചു. അവര്‍ മോശമായി പെരുമാറി. അമ്മായിയുമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും അവര്‍ പറഞ്ഞു. 2021ല്‍ അമ്മായിയെ തോക്ക് ചൂണ്ടി ആക്രമിച്ചതിന് ജിതേശ്വരി ദേവിയെ ജയിലിലടച്ചിരുന്നു.
ജിതേശ്വരി ദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും ജാമ്യാപേക്ഷ തള്ളിയതായും ദേവിയുടെ അഭിഭാഷകന് എം എല്‍ അവസ്തി പറഞ്ഞു. ഉടന്‍ മറ്റൊരു ജാമ്യാപേക്ഷ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: