ന്യൂദൽഹി: ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ രാജ്യത്തിന്റെ പേര് ‘ഭാരത്‘ എന്നെഴുതിയത് ശ്രദ്ധേയമായി. ‘ഇന്ത്യ‘ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്‘ എന്ന് മാത്രമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നടപടി. ഇതിനൊപ്പം ദേശീയപതാകയും സ്ഥാപിച്ചിരുന്നു.
നേരത്തെ ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്‌ട്രനേതാക്കൾക്ക് രാഷ്‌ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്ന് പ്രയോഗിച്ചത് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വിവാദമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷ പ്രസംഗത്തോടെയാണ് ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ജി 20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷം വിവിധ വിഷയങ്ങളിലെ ഇന്ത്യയുടെ പൊതുനിലപാട് എന്തായിരുന്നുവെന്ന് മോദി വിശദീകരിച്ചു.
നാമെല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത്. ഇത്തവണ, ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് ദീപം പകരും, അത് വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും മാനേജ്മെന്റ്, തീവ്രവാദം , സൈബർ സുരക്ഷ, ആരോഗ്യം, ഊർജം , ജല സുരക്ഷ, എന്നിവയിൽ ഭാവി തലമുറകൾക്കായി ഞങ്ങൾ ഇതിന് ശക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ന്‍ യുദ്ധവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കോവിഡിന് ശേഷം പല രാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസരാഹിത്യം പ്രകടമാകുന്നുണ്ട്. കോവിഡിന് ശേഷമുണ്ടായ യുദ്ധവും ഈ വിശ്വാസരാഹിത്യം വര്‍ധിക്കാന്‍ ഇടയാക്കി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ജി 20 ഉച്ചകോടി കൈക്കൊള്ളണമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കാതെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ലോകത്തിന് ഒരു പുതിയ ദിശ കാണിക്കാനുള്ള സുപ്രധാന സമയമാണ് 21-ാം നൂറ്റാണ്ട്. പഴയ പ്രശ്നങ്ങൾ നമ്മിൽ നിന്ന് പുതിയ പരിഹാരങ്ങൾ തേടുന്ന സമയമാണിത്. അതിനാലാണ് നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് മുന്നോട്ട് പോകേണ്ടത്. നമുക്ക് കോവിഡിനെ പരാജയപ്പെടുത്താൻ കഴിയുമെങ്കിൽ, യുദ്ധം മൂലമുണ്ടാകുന്ന വിശ്വാസ വിശ്വാസരാഹിത്യത്തിലും നമുക്ക് വിജയിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.
യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശം സംയുക്ത പ്രഖ്യാപനത്തില്‍ ഉണ്ടാകുന്നത് സംബന്ധിച്ച് അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ദേയമാണ്. ജി 20യില്‍ റഷ്യയുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതോടെയാണ് റഷ്യ, ചൈന രാജ്യങ്ങളുടെ രാഷ്‌ട്രതലവന്മാര്‍ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: