തൃശൂര്‍: 2019 20 സാമ്പത്തിക വര്‍ഷത്തിലോ അതിന് മുമ്പോ അനുമതി കിട്ടിയിട്ടും ഇതുവരെ ഒരു പ്രവര്‍ത്തനവും ആരംഭിയ്ക്കാത്ത പദ്ധതികള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ. ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ ഇത്തരത്തിലുള്ള 155 പദ്ധതികളാണ് ഒഴിവാക്കാനൊരുങ്ങുന്നത്.
അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ പുരോഗതിയില്ലാത്ത പദ്ധതികളാവും ഒഴിവാക്കുക. അതേസമയം പദ്ധതികള്‍ സമയബന്ധിതമായി തുടങ്ങാത്തതിന്രെ കാരണങ്ങള്‍ പരിശോധിയ്ക്കണമെന്നും ഈ പദ്ധതികള്‍ തുടരണമെങ്കില്‍ ഇത്രയും വൈകിയതിന് ന്യായമായ കാരണങ്ങള്‍ അറിയിയ്ക്കണമെന്നും ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗത്തോടും ഡിവിഷണുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആരംഭിക്കാത്ത പദ്ധതികളില്‍ പ്രധാനമായും മേല്പാലങ്ങളും അടിപ്പാതകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ഡിവിഷണില്‍ എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ വടുതല, അങ്കമാലി യാര്‍ഡ്, കല്ലേറ്റുങ്കര പള്ളി, ആലത്തൂര്‍ വേലന്‍കുട്ടി, നെല്ലായി, നന്തിക്കര, പുതുക്കാട്, തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍ യാര്‍ഡ്, തിരൂര്‍ വേലുക്കുട്ടി, പൈങ്കുളം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്.
ഇനിമുതല്‍ പുതിയ റെയില്‍പാതകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍ ലെവല്‍ ക്രോസ്സുകള്‍ ഒഴിവാക്കണമെന്നും അത്തരം ഇടങ്ങളില്‍ മേല്‍പാലങ്ങളോ അടിപ്പാതകളോ പദ്ധതിയുടെ ഭാഗമായി തന്നെ വിശദ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള പുതിയ നയരേഖ റെയില്‍വേ പുറത്തിറക്കിയത് ഈയിടെയാണ്. അതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ലെവല്‍ ക്രോസ്സുകളില്‍ ന്യായമായ വാഹനഗതാഗതം ഉണ്ടെങ്കില്‍ അവിടെ പൂര്‍ണ്ണമായും റെയില്‍വേയുടെ ചെലവില്‍ മേല്‍പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിച്ച് ലെവല്‍ ക്രോസ്സുകള്‍ പരമാവധി ഒഴിവാക്കണമെന്നും തീരുമാനമുണ്ട്. ഈ രണ്ട് പുതിയ തീരുമാനങ്ങളും ഉള്ളപ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട മേല്‍ പദ്ധതികള്‍ മരവിപ്പിയ്ക്കുന്നത് ഒരു തരത്തിലും ന്യായീകരിയ്ക്കാനാവില്ല. മാത്രമല്ല, ഇതില്‍ പലതിന്റെയും സമര്‍പ്പിച്ച രൂപരേഖകള്‍ക്ക്, നിര്‍ദ്ദിഷ്ട മൂന്നും നാലും പാതകളുടെ പേരില്‍ റെയില്‍വേയുടെ സാങ്കേതികാനുമതി ലഭിയ്ക്കാത്തതിനാലാണ് അവ വൈകുന്നത്.
പ്രാഥമിക അനുമതി കിട്ടിയ എല്ലാ മേല്പാലങ്ങളും അടിപ്പാതകളും, തടസ്സങ്ങള്‍ തീര്‍ത്ത് എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: