കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കടയുടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന് തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്കി.
റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന് തുക നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിട്ടും സര്‍ക്കാര്‍ തുക നല്‍കുന്നില്ലെന്നാരോപിച്ച് റേഷന്‍ കടയുടമകള്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
11 മാസത്തെ കമ്മിഷന് കുടിശികയാണ് നല്‍കാനുള്ളത്. പണം നല്‍കാത്തതിനെതിരെ ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ. നല്കിയ ഹര്‍ജിയില്‍ തുകയനുവദിക്കാന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചും ഡിവിഷന് ബെഞ്ചും ഉത്തരവിട്ടിരുന്നു.
തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജൂലൈ 14 നു സുപ്രീം കോടതി അപ്പീല്‍ തള്ളി. എന്നിട്ടും പണം നല്കാന് നടപടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് റേഷന്‍കടയുടമകള്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഇതു സെപ്തംബര്‍ 11 നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കമ്മിഷന് കുടിശിക കൊടുക്കാന്‍ ഭരണാനുമതി നല്കി സെപ്തംബര്‍ 5 ന് ഉത്തരവിറക്കിയത്. കിറ്റൊന്നിന് ഏഴു രൂപ നിരക്കിലാണ് കമ്മിഷന് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇതു അഞ്ചു രൂപയാക്കി കുറച്ചിരുന്നു. എന്നിട്ടും ഈ തുക നല്‍കിയില്ലെന്നാണ് റേഷന്‍ കടയുടമകളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: