തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലുണ്ടായത് അതീവ ഗുരുതര സുരക്ഷാ വീഴ്ച.
പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷമാണ് ചെറുതോണി ഡാമിലേക്ക് പ്രവേശനം.
ക്യാമറ, സ്മാര്‍ട്ട് ഫോണ്‍ പോലുള്ളവ അനുവദിക്കാറുമില്ല. മെറ്റല്‍ ഡിറ്റക്ടറും കവാടത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പ്രതി താഴുകളും ദ്രാവകവുമായി ഡാമില്‍ കടന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. ഭീകരബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തേക്കാം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി. ഇയാളുടെ ഒപ്പം വാടകക്കാറിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ജൂലൈ 22ന് 3ന് ശേഷമാണ് അകത്ത് പ്രവേശിച്ച യുവാവ് എട്ടു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ കേബിളുകളുടെ മുകളില്‍ താഴിട്ട് പൂട്ടിയത്. 11 താഴുകളാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ചെറുതോണി ഡാമിന്റെ ഷട്ടറിന് സമീപമെത്തി. കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം ഷട്ടറുയര്‍ത്തുന്ന റോപ്പില്‍ ഒഴിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. 5.30യോടെയാണ് യുവാവ് പുറത്തേക്ക് പോയത്.
കഴിഞ്ഞ 4ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താഴുകള്‍ കൂട്ടത്തോടെ കണ്ടെത്തിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ നീക്കം തിരിച്ചറിഞ്ഞത്. പിന്നാലെ 5ന് ഇടുക്കി പോലീസില്‍ പരാതിയും നല്കി. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം മുതല്‍ പോലീസ് ഒളിച്ച് കളി തുടര്‍ന്നു. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കെഎസ്ഇബി അധികൃതരേയും ഭീഷണിപ്പെടുത്തി. പിന്നാലെ കെഎസ്ഇബി അധികൃതര്‍ താഴുകള്‍ മുറിച്ച് മാറ്റി, ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. റോപ്പിനും
മറ്റ് തകരാറുകളില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. രണ്ട് ദിവസമായി ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം
സംഭവത്തില്‍ കേസെടുത്തത് അറിഞ്ഞ് വിവരം തേടിയെത്തിയ മുതിര്‍ന്ന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഇടുക്കി സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് സംഭവം. നിങ്ങളോട് ഒന്നും പറയാനില്ലെന്നും ജില്ലാ പോലീസ് മേധാവിയെ എല്ലാം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനുമായി രൂക്ഷമായ വാക്കേറ്റവുമുണ്ടായി. അവസാനം ഇരുവരും ഇറങ്ങിപ്പോയതായാണ് വിവരം.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി കളക്ടര്‍ ഷീബ ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്ക് കടക്കും. ഇടുക്കി സംഭരണിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്കിയതായും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: