ന്യൂദല്‍ഹി: ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് വന്‍വിജയം. സിപിഎമ്മിന്റെ കുത്തകമണ്ഡലമായ ബോക്സാനഗര്‍ ബിജെപി പിടിച്ചെടുത്തു, സിറ്റിംഗ് സീറ്റായ ധന്പൂര് നിലനിര്‍ത്തി. ഈ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസും മറ്റുപ്രതിപക്ഷപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഐഎന്‍ഡിഐഎ സഖ്യത്തിന്റെ ആദ്യ പരീക്ഷണം നടത്തുകയായിരുന്നു. എന്നാല്‍ ഈ പരീക്ഷണത്തില്‍ സഖ്യം കനത്ത തോല്‍വി ഏറ്റുവാങ്ങി.
2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമായ ബോക്സാനഗറില്‍ സിപിഎം എംഎല്‍എ ആയിരുന്ന ഷംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെഞ്ഞെടുപ്പ് നടന്നത്. ഷംസുല്‍ ഹഖിന്റെ മകന് മിസാന്‍ ഹുസൈനായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷംസുല്‍ ഹഖിനോട് പരാജയപ്പെട്ട തഫജ്ജല്‍ ഹുസൈനെ ബിജെപി ഇവിടെ വീണ്ടും മത്സരരംഗത്തിറക്കി. തഫജ്ജല്‍ ഹുസൈന് 34,146 വോട്ടുകള്‍ നേടി 30,237 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ധന്പൂരില് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്നാഥ് 30,017 വോട്ടുകള്‍നേടി വിജയിച്ചു. 18,871 വോട്ടിന്റെ ഭൂരിപക്ഷം. സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11,146 വോട്ടുകള്‍ ലഭിച്ചു. കേന്ദ്രമന്ത്രിയായ പ്രതിമ ഭൗമിക് മത്സരിച്ചു ജയിച്ച മണ്ഡലമാണ് ധന്പൂര്. പ്രതിമ ഭൗമിക് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: