എറണാകുളം: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും സഹകരിച്ചിരുന്നില്ല. അന്വേഷണ സംഘം ഇന്ന് രാവിലെ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷമാകും കോടതിയിൽ ഹാജരാക്കുക. പ്രതി ക്രിസ്റ്റൽ രാജിനെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ഓളം കേസുകളാണ് നിലവിലുള്ളത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ആലുവയിൽ വീണ്ടും പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയാകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയാണ് മറ്റുള്ളവരെയും വിവരം അറിയിക്കുന്നത്. ശബ്ദം കേട്ട സുകുമാരൻ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ 15-20 മിനിറ്റുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി. പിന്നാലെ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കി വീട്ടിലെത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രദേശവാസികൾ പോലീസിലും വിവരം അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: