റായ്‌പൂർ: ചന്ദ്രയാൻ-3 ചരിത്ര നിമിഷം രചിച്ചതിന് പിന്നാലെ രാജ്യമെമ്പാടും ഇതിന്റെ ആഘോഷങ്ങളും ആരവങ്ങളും നടന്നു വരികയാണ്. ചന്ദ്രയാനോടും ഐഎസ്ആർഒയോടുമുള്ള ആദരസൂചകമായി വിവിധ തരത്തിലുള്ള ആദരവുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ ഛത്തീസ്ഗഡിന്റെ തലസ്ഥാനം റായ്‌പൂരിലെ ഒരു പന്തലാണ് ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്. റായ്‌പൂരിൽ ഗണേശോത്സവത്തിനോടനുബന്ധിച്ച് നിർമിക്കുന്ന പന്തലിന് ചന്ദ്രയാൻ-3യുടെ രൂപസാദൃശ്യമാണുള്ളത്.
120 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് പന്തൽ നിർമിക്കുന്നത്. കാളിബാരിയിലാണ് ചന്ദ്രയാൻ-3യുടെ രൂപത്തിൽ പന്തൽ നിർമിക്കുന്നത്. പന്തലിന്റെ നിർമ്മാണത്തിനായി കൊൽക്കത്തയിൽ നിന്നും കരകൗശല വിദഗ്ധരും ഇവിടെയെത്തിയിട്ടുണ്ട്. നിർമ്മാണത്തിനായി പ്രധാനമായും പ്ലൈവുഡ്, വിവിധയിനം വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. ആയിരത്തിലധികം മുളകളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ചന്ദ്രയാൻ-3യുടെ രൂപത്തിലുള്ള ഛത്തീസ്ഗഡിലെ തന്നെ ഏറ്റവും വലിയ പന്തലായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: