ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഒരുക്കുന്ന പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗീതയില്‍ നിന്ന് ഉപദേശം തേടാം.
ഗീത (GITA Guidance, Inspiration, Transformation and Action) എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി 20 ഉച്ചകോടി നടക്കുന്ന ഭാരത മണ്ഡപത്തില്‍ ഐടി മന്ത്രാലയം ഒരുക്കിയ ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണിലാണ് പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത്. ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണ് ഗീത.
എല്‍ഇഡി സ്ക്രീനില്‍ നോക്കി ആര്‍ക്കും സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം ചോദിക്കാം. ഇതിനുള്ള മറുപടി ശ്രീകൃഷ്ണ രൂപത്തിലുള്ള ‘ഡിജിറ്റല്‍ അവതാര്‍’ നല്‍കും. ഐഐടി റൂര്‍ക്കിയില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടത്തുന്ന ടാഗ്ബിന്‍ എന്ന സ്റ്റാര്‍ട്ടപ്പാണ് ഗീത വികസിപ്പിച്ചെടുത്തത്. ജി 20യുടെ മുന്നോടിയായി ലക്നൗവില്‍ നടന്ന സമ്മേളനത്തില്‍ സമാനമായ സംവിധാനം ടാഗ്ബിന്‍ അവതരിപ്പിച്ചിരുന്നു.
സമ്മേളനത്തിന് എത്തുന്ന വിവിധ രാഷ്ട്രതലവന്മാര്ക്കും അവരെ അനുഗമിക്കുന്നവര്‍ക്കും മറ്റും ഈ പ്രദര്‍ശനം സന്ദര്‍ശിക്കാം. സാങ്കേതികവിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന ഇ പവലിയനും പ്രദര്‍ശനശാലയില്‍ ഉണ്ടാകും.
ഗീതയ്ക്കുപറമെ ആധാര്‍, യുപിഐ എന്നിവയെകുറിച്ചും ഇവിടെ നിന്ന് വിശദമായി മനസ്സിലാക്കാം. വില്പ്പനക്കാരന്, ഉപഭോക്താവ്, നെറ്റ്വര്‍ക്ക് ദാതാക്കള്‍ എന്നിവരെ ഒന്നിച്ച് ചേര്‍ത്തുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് അഥവാ ഒഎന്ഡിസിയെക്കുറിച്ചും ഇവിടെയെത്തുന്നവര്‍ക്ക് മനസ്സിലാക്കാനാകും.
2014 മുതല്‍ ഡിജിറ്റല്‍ മേഖലയില്‍ ഭാരതം കൈവരിച്ച പ്രധാന നേട്ടങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുന്ന വലിയ പ്രദര്‍ശനവേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) പ്രധാനപ്പെട്ട നിയമങ്ങളും ഡിജിറ്റല്‍ ട്രീ എക്സിബിറ്റിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും അനുഭവിച്ചറിയുന്നതിനുള്ള അവസരവും ഇവിടെ ഐടി മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ജി 20 സമ്മേളനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയുന്നതിന്, ജി 20 ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഭാരതത്തിലെ ജി 20 പരിപാടികള്‍ സംബന്ധിച്ച കലണ്ടറും വെര്‍ച്വല്‍ ടൂര്‍ നടത്താനുള്ള അവസരവും ഈ ആപില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: