തിരുവനന്തപുരം: തിരുവോണത്തിനുപോലും കര്‍ഷകരെ പട്ടിണിക്കിട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി മന്ത്രി പി. പ്രസാദ് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മന്ത്രി പാടത്തിറങ്ങിയിട്ട് കാര്യമില്ല, കര്‍ഷകന്റെ മനസ് ഉണ്ടാകണമെന്നും അങ്ങനെ മനസ് ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ലെന്നും എം.ടി. രമേശ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്വാനത്തിന്റെ പ്രതിഫലമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാന്‍ കര്‍ഷകരെ പണയം വയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നത് കര്‍ഷകര്‍ക്ക് ലോണായി നല്‍കാനല്ല. ബാങ്കുകളുമായി കരാറുണ്ടെങ്കില്‍ അവര്‍ക്ക് സെക്യൂരിറ്റി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കര്‍ഷകര്‍ ഒരു ബാങ്കിലും ലോണിന് ഒപ്പിട്ട് നല്‍കരുത്. നിയമവിരുദ്ധമായ ലോണ്‍ നിര്‍ത്തലാക്കണം.
നടന് ജയസൂര്യ ഉന്നയിച്ച കര്‍ഷകരുടെ ജീവിതപ്രശ്നത്തിന് മറുപടി പറയാതെ ജയസൂര്യയെ അപഹസിക്കുകയാണ്. കേന്ദ്ര ഗവണ്മെന്റിനെ കുറ്റം പറഞ്ഞും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്തിയും രക്ഷപ്പെടാനാകില്ല. പണം നല്‍കാനില്ലെന്ന് കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കണക്ക് നല്കിയാല് 20 ദിവസത്തിനകം പണം നല്‍കാമെന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം കണക്കുകള്‍ നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം കേന്ദ്രത്തില്‍ നിന്നും വാങ്ങിയിട്ട് ചെലവാക്കിയതിന്റെ കണക്കാണ് ചോദിക്കുന്നത്. പണം കര്ഷകന് നല്കിയെങ്കില് കണക്ക് നല്കാന് എന്തിന് വൈകിക്കണം. ബക്കറ്റ് പിരിവിനും മാസപ്പടിക്കും കണക്ക് നല്കാതെയുള്ള ശീലമാണ് മന്ത്രിമാര്‍ക്കുള്ളത്.
സംസ്ഥാന ധനവകുപ്പില്‍ നിന്നും പണം കിട്ടുന്നില്ലെങ്കില്‍ അത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്. അതില്‍ കര്‍ഷകരെ ബലിയാടാക്കേണ്ട. മുഖ്യന്ത്രിയും കുടുംബവും പ്രത്യേക വേഷത്തില്‍ ഓണം ആഘോഷിക്കുമ്പോള്‍ വിളിപ്പാടകലെ കര്‍ഷകരെ പട്ടിണിക്കിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ദിനംപ്രതി കൂട്ടുന്നത് ജനങ്ങളെ ഭയപ്പെടുത്തി ധൂര്‍ത്ത് നടത്താനാണ്. സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി പ്രധാന അധ്യാപകര്‍ വരെ കടക്കെണിയിലാണ്. കേന്ദ്രം നല്കിയ പണത്തിന് കണക്ക് നല്കാതിരിക്കാന് തറവാട്ട് സ്വത്തല്ലെന്നും മോദി ഭരിക്കുമ്പോള്‍ തോന്ന്യവാസത്തിന് കൈയിട്ട് വാരാനാകില്ലെന്നും എം.ടി. രമേശ് പറഞ്ഞു.
നെല്ലുവിലയില്‍ കേന്ദ്രത്തിന് ആനുപാതികമായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുക, നെല്ലിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ 80% തുകയുടെ ചെലവ് പരസ്യപ്പെടുത്തുക, കര്‍ഷകര്‍ക്ക് കുടിശ്ശിക മുഴുവന്‍ നല്കിയെന്നു പറഞ്ഞ കൃഷി മന്ത്രി രാജി വയ്ക്കുക, നെല്ലുസംഭരണ നോഡല്‍ ഏജന്‍സിയായ സപ്ലൈകോയുടെ ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസസമരം സംഘടിപ്പിച്ചത്.
കര്‍ഷക മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ എ. ആര്. അജിഘോഷ്, കെ.ടി. വിബിന്, സുഭാഷ് പട്ടാഴി, സുരേഷ് ഓടക്കല്‍, രഞ്ജിത്ത് എം.വി., മണമ്പൂര്‍ ദിലീപ്
തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: