കൊച്ചി: കെഎസ്ഇബി കമ്പനിയാക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ രൂപം നല്‍കിയ മാസ്റ്റല്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുക വൈദ്യുതോത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി വൈദ്യുതി നിരക്കു നിര്‍ണയിക്കാമെന്ന 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
വര്‍ഷം 407.2 കോടി രൂപയാണ് മാസ്റ്റര്‍ ട്രസ്റ്റ് എന്ന ഫണ്ടിലേക്ക് അനുവദിക്കുന്നത്. ഈ ബാദ്ധ്യത താരിഫ് നിര്‍ണയത്തിനു പരിഗണിക്കുന്നില്ലെങ്കില്‍ വൈദ്യുതി യൂണിറ്റ് ഒന്നിന്
ഉണ്ടാകുമായിരുന്ന 17 പൈസയുടെ വര്‍ദ്ധനയാണ് ഇല്ലാതാകുന്നത്. 2021 ലെ വൈദ്യുതി താരിഫ് റെഗുലേഷനി
ലെ 34 (4) വ്യവസ്ഥയാണ് നിയമവിരുദ്ധമാണെന്നു വിലയിരുത്തി സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. വൈദ്യുതി താരിഫ് വര്‍ദ്ധനയെ ചോദ്യം ചെയ്ത് കേരള ഹൈടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുരളീ പുരുഷോത്തമന്റെ ഉത്തരവ്. എന്നാല്‍ വോള്‍ട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി വൈദ്യുതി താരിഫ് നിശ്ചയിക്കണമെന്നതുള്‍പ്പെടെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഈ തര്‍ക്കങ്ങള്‍ ഇലക്ട്രിസിറ്റി അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ടെന്നതിനാലാണ് സിംഗിള്‍ബെഞ്ച് ഇടപെടാതിരുന്നത്.
കെഎസ്ഇബി 2013 ല്‍ കമ്പനിയാക്കുമ്പോഴാണ് അന്നു നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമായി മാസ്റ്റര്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. ഇതിലേക്കു നല്‍കുന്ന തുകയുടെ പലിശ മാത്രമേ വൈദ്യുതോത്പാദനച്ചെലവിനൊപ്പം കൂട്ടാവൂ എന്നായിരുന്നു ധാരണ. 2014 ലും 2018 ലും താരിഫ് റെഗുലേഷന്‍ വന്നപ്പോള്‍ ഇതു പാലിച്ചിരുന്നു. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുകയുടെ ബാദ്ധ്യത സര്‍ക്കാരിനായിരുന്നു. 2021 ലെ കരട് താരിഫ് റെഗുലേഷനിലും പലിശ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. കരട് റെഗുലേഷനുമേല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും തേടിയപ്പോഴും മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അന്തിമ റെഗുലേഷന്‍ പുറപ്പെടുവിച്ചപ്പോള്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുകയും ഇതിന്റെ പലിശയും വൈദ്യുതോത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി നിരക്കു നിര്‍ണയിക്കാമെന്നാക്കി. ബന്ധപ്പെട്ട ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളുമൊന്നും തേടാതെ ഇത്തരത്തില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നല്‍കുന്ന തുക ഉള്‍പ്പെടുത്തണമെന്നു കെഎസ്ഇബി പോലും ആവശ്യപ്പെട്ടിരുന്നില്ല. ഇത്തരമൊരു നടപടി ഉപഭോക്താക്കള്‍ക്ക് ഷോക്കാവുമെന്നതില്‍ തര്‍ക്കമില്ല . 2003 ലെ വൈദ്യുതി നിയമം, വൈദ്യുതി ചട്ടം എന്നിവ പാലിക്കാതെയാണ് ഇത്തരമൊരു വ്യവസ്ഥ അന്തിമ റെഗുലേഷനില്‍ ഉള്‍പ്പെടുത്തിയത്. കരടില്‍ ഇല്ലാത്ത വ്യവസ്ഥ ഉള്‍പ്പെടുത്തുമ്പോള്‍ റെഗുലേറ്ററി കമ്മിഷന്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് വിവാദ വ്യവസ്ഥ നിയമവിരുദ്ധമാണെന്നു വിലയിരുത്തി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: