ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയുടെ വേദിയില്‍ താരമാകാന്‍ തൃശ്ശൂരിലെ നടവരമ്പില്‍ നിന്നുള്ള വെള്ളോടും. ഉച്ചകോടിയുടെ വേദിയായ ഭാരത മണ്ഡപത്തില്‍ ഒരുക്കുന്ന കരകൗശല ബസാറിലാണ് നടവരമ്പില്‍ നിന്നുള്ള വെള്ളോടില്‍ തീര്‍ത്ത കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുക. എട്ടു മുതല്‍ 10 വരെയാണ് കരകൗശല ബസാറില്‍ പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് ഇവിടെ ഉണ്ടാവുക. സ്ത്രീകളും വനവാസി കരകൗശല വിദഗ്ധരും തയാറാക്കിയ ജിഐ ടാഗ് ചെയ്ത ഉല്‍പ്പന്നങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ടാകും. നടവരമ്പില്‍ നിന്നുള്ള വെള്ളോടില്‍ നിര്‍മിച്ച ഉരുളി, പാചക പാത്രങ്ങള്‍ എന്നിവയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ക്കും ഈ കരകൗശല വിപണി സന്ദര്‍ശിക്കാനും പ്രാദേശികമായ ഉല്‍പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്. അങ്ങനെ, ഇതിലൂടെ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ക്ക് പുതിയ സാമ്പത്തിക, വിപണി അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെയും സംസ്ഥാനസര്‍ക്കാരുകളുടെയും ഏകോപനത്തോടെ ജി 20 സെക്രട്ടേറിയറ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മുപ്പതോളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൂടാതെ ഖാദി വില്ലേജ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍, ട്രൈഫെഡ്, സരസ് ആജീവിക, നാഷണല്‍ ബാംബൂ മിഷന്‍ തുടങ്ങിയ മറ്റ് കേന്ദ്ര ഏജന്‍സികളും കരകൗശല ബസാറില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: