ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിനെയും ധോക് ലാമിനെയും ചൈനയുടെ ഭാഗമാക്കി അടയാളപ്പെടുത്തിയ പുതിയ ചൈനാ ഭൂപടം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്ക. നിയമവിരുദ്ധമായാണ് സ്ഥലങ്ങള്‍ ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതെന്നും ഈ ഭൂപടം അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഎസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ദക്ഷിണ ചൈനാസമുദ്രമേഖലയിലും മറ്റ് അന്താരാഷ്ട്ര സമുദ്രമേഖലകളിലും അവകാശവാദമുന്നയിക്കുന്ന ചൈനയുടെ ഭൂപടം അന്താരാ്ട്ര നിയമങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് യുഎസ് ആഭ്യന്ത്രമന്ത്രാലയത്തിലെ സഹവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏഷ്യാ പസഫിക് പ്രദേശങ്ങളിലെ രാജ്യങ്ങളായ മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ ഭൂപടത്തിനെ എതിര്‍ത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്തോനേഷ്യ, തായ് വാന്‍ എന്നീ രാഷ്ട്രങ്ങളും പുതിയ ഭൂപടത്തെ എതിര്‍ത്തിട്ടുണ്ട്. ഈ ഭൂപടത്തില്‍ ഭൂപ്രദേശങ്ങള്‍ മാത്രമല്ല, സമുദ്രപ്രദേശങ്ങളും സ്വന്തമെന്ന നിലയില്‍ ചൈന അടയാളപ്പെടുത്തിയിരിക്കുകയാണ്.
ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന ഏറ്റവും പുതിയ ചൈനയുടെ ഭൂപടത്തില്‍ മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങളും ചൈനയുടെ ഭാഗമാക്കി കാണിച്ചിട്ടുണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തിപ്രദേശമായ അക്സായ് ചിനും ചൈനയുടെ പ്രദേശമാണെന്നാണ് പുതിയ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത്. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത് ചൈനയുടെ ശൈലിയാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഈ ഭൂപടമെന്നും പെന്റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു.
ചൈനയോട് അതിര്‍ത്തി പങ്കിടുന്ന മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങള്‍ കൂടി ചൈനയുടെ ഭാഗമാക്കിയുള്ളതാണ് ഈ ഭൂപടം. ദക്ഷിണ ചൈനാസമുദ്രത്തിന്റെ ഭാഗവും മറ്റ് ചില അന്താരാഷ്ട്ര സമുദ്രപ്രദേശങ്ങളും ചൈനയുടെ ഭാഗമായി ഈ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: