ഹൈദരാബാദ്: ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നതിനാല്‍ രാജ്യത്ത് പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് ഖജനാവിന് സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശകള്‍, നിയമ കമ്മീഷന് ശുപാര്‍ശകള്‍, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകള്‍, ചെലവ് ലാഭിക്കല്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന തത്വത്തില്‍ നാം പോകണമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു.
1971 വരെ പാര്‍ലമെന്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയത്താണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ ഈ രീതി അവസാനിക്കുകായായിരുന്നു.
ജനാധിപത്യത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ നമ്മള് ഒഴിവാക്കണം. ചിലപ്പോഴൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ സംവാദത്തിന് ശേഷം നമുക്ക് സമവായം രൂപപ്പെടുത്തണം, തുടര്‍ന്ന് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് നിയമസഭാംഗങ്ങള്‍ കൂറുമാറിയതിനെക്കുറിച്ച് സംസാരിച്ച നായിഡു, ഈ പ്രശ്നം പരിഹരിക്കാന്‍ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യണമെന്നും പറഞ്ഞു.
ഇടയ്ക്കിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അന്നത്തെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും മുന്‍ ഉപരാഷ്ട്രപതി പറഞ്ഞു.
‘ഇന്ത്യ’ എന്ന വാക്ക് വിദേശികള്‍ നല്കിയ പേരാണ്. സാംസ്കാരികമായി രാജ്യം ഭാരതം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയും ഭാരതവും പരസ്പരം മാറ്റാവുന്നവയാണ്. പണ്ടു മുതലേ ഭാരതം എന്നാണ് ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ ഭാരത് എന്ന പേര് ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും അദേഹം പറഞ്ഞു.
പൗരാണിക കാലം മുതല്‍ നമ്മുടെ രാജ്യം ഭാരതം എന്നറിയപ്പെട്ടിരുന്നതിനാല്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വിഷയങ്ങളില്‍ സമഗ്രവും അര്‍ത്ഥവത്തായതുമായ സംവാദം നടക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സ്വവസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: