കൊല്ലം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശത്തിനെതിരെ വിമർശനവുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ. അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ് ഉദയനിധി സ്റ്റാലിൻ. രാഷ്‌ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ല. അപ്പോൾ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ല. എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്‌നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തരങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്‌ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്‌ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക. അപ്പം കാണുന്നവരെ അപ്പാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.’ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: