കണ്ണൂർ: കണ്ടാൽ യഥാർത്ഥ സ്വർണമെന്ന് തോന്നിക്കും വിധത്തിൽ പുതിയ തട്ടിപ്പ്. തൂക്കി നോക്കിയാലും മെഷീൻ ഉപയോഗിച്ച് നോക്കിയാലും വ്യാജനാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. പുറമേ 916-ൽ തീർക്കുന്ന ഇത്തരം സ്വർണങ്ങളിൽ ഉള്ളിൽ നിറയ്ക്കുന്നത് മെഴുക് അഥവാ വാക്സ് ആണ്. തൂക്കം കിട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഫൊറൻസിക് ലാബുകളിലെ പരിശോധനയിലാണ് ഇത്തരത്തിൽ വ്യാജനെ കണ്ടെത്തിയത്. സ്വർണത്തിന് തൂക്കം ലഭിക്കുന്നതിന് വേണ്ടി ചെമ്പുമുതൽ മെഴുകുവരെ ഉപയോഗിച്ചുള്ള കബളിപ്പിക്കലാണ് അനുദിനം വർദ്ധിച്ചു വരുന്നത്.
ഇപ്പോഴിതാ മൂന്ന് പവൻ തൂക്കം വരുന്ന മാല പണയം വെച്ച് ബാങ്കിൽ നിന്നും പരമാവധി തുക കൈക്കലാക്കി. എന്നാൽ കാലാവധി കഴിഞ്ഞെങ്കിലും ഉടമ സ്വർണം തിരിച്ചെടുക്കാൻ വരാത്തത് സംശയമുണ്ടാക്കി. തുടർന്ന് ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് പവൻ സ്വർണമെന്ന വ്യാജേന പണയം വെച്ച മാലയിൽ രണ്ട് പവൻ തൂക്കവും മെഴുകാണെന്ന് തെളിയുന്നത്. ഇത്തരത്തിൽ നിരവധി കേസുകളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഡിസൈനുകളിലാണ് ഇപ്പോൾ വിപണിയിൽ വാക്സ് ഗോൾഡ് ലഭ്യമാകുന്നത്. 916 സ്വർണത്തിൽ പണി കഴിപ്പിച്ച സ്വർണത്തിനുള്ളിൽ മെഴുകാണെന്ന് മാത്രം. ബാങ്കുകളിൽ വ്യാജ സ്വർണം കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുണ്ടെങ്കിലും ഈ രീതികളിലെ സ്വർണം തിരിച്ചറിയുന്നതിന് അവ പര്യാപ്തമല്ല. ഉള്ളിൽ ചെമ്പ് വെച്ച് മുകളിൽ സ്വർണത്തകിട് വെച്ച് നിർമിക്കുന്നവയും വിപണിയിൽ സുലഭമാണ്. ഇത് കാരറ്റ് അനലൈസർ ഉൾപ്പെടെ ഉപയോഗിച്ച് കണ്ടെത്തിയാലും പിടിക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: