ന്യൂദല്‍ഹി:ഭാരതമെന്ന് കേൾക്കുമ്പോൾ കോൺഗ്രസ്സ് പ്രശ്നമുണ്ടാക്കുന്നതെന്തെന്നു തനിക്ക് മനസ്സിലാവുന്നില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
“ഞാൻ ഒരു ഭാരതീയൻ; എന്റെ നാടും ഭാരതം. ഈ രാജ്യത്തിന്റെ പേര് ഭാരതം എന്നായിരുന്നു, അത് ഭാരതമായിത്തന്നെ എക്കാലവും നിലനിൽക്കുകയും ചെയ്യും”, ന്യൂ ഡൽഹിയിൽ എഎൻഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവൻ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന പേരിൽ ക്ഷണപത്രം അയച്ചുവെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. “അവർക്ക് എല്ലാത്തിലും പ്രശ്നമുണ്ട്; എനിക്കില്ല. കാരണം ഞാൻ ഒരു ‘ഭാരതവാസി’ ആണ്, കോൺഗ്രസിന് ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനുള്ള മരുന്ന് അവർ തന്നെ കണ്ടെത്തണം”, അദ്ദേഹം തുടർന്നു .
സെപ്തംബർ 9 ന് തുടങ്ങുന്ന ജി20 അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച് നടന്ന മന്ത്രിതല സമ്മേളനത്തിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിന് ന്യൂ മീഡിയ സെന്ററിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് രാജീവ് ചന്ദ്രശേഖർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: