പുതുപ്പള്ളി(കോട്ടയം): ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി ഇന്നു വിധിയെഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. എന്‍ഡിഎയുടെ ജി. ലിജിന്‍ ലാല്‍, യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫിന്റെ ജെയ്ക് സി. തോമസ് എന്നിവരും മറ്റ് ഏഴു പേരുമാണ് മത്സര രംഗത്തുള്ളത്.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 182 പോളിങ് ബൂത്തുകള്‍ സജ്ജമായിട്ടുണ്ട്. മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. ആകെ വോട്ടര്‍മാര്‍ 1,76,417.
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുപ്പള്ളി നിയമസഭാ മണ്ഡല പരിധിയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇന്നു പൊതു അവധിയാണ്. സുരക്ഷയ്ക്ക് 675 അംഗ പോലീസ് സേനയെ നിയോഗിച്ചു. വോട്ടെടുപ്പു കഴിയുന്നതു വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിരോധനാജ്ഞയുണ്ട്.
നാലു ബൂത്തുകള്‍ പ്രശ്ന ബാധിതമാണ്. പാമ്പാടി പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ് സ്കൂളിലെ 91, 92, 93, 94 ബൂത്തുകളാണ് അവ. നാലു ബൂത്തിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പോലീസ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വോട്ടെണ്ണും. കോട്ടയം ബസേലിയസ് കോളജാണ് വോട്ടെണ്ണല്‍ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: