തൊടുപുഴ: ഉയര്‍ന്ന താപനിലയ്ക്കും കുടിവെള്ള, കാര്‍ഷിക പ്രശ്നങ്ങള്‍ക്കും താല്കാലിക പരിഹാരമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. അതേ സമയം മണിക്കൂറുകള്‍കൊണ്ട് ലഭിക്കുന്ന കനത്തമഴ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നിലവില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറും പടിഞ്ഞാറന്‍ മധ്യമേഖലയിലുമായി നാളെ രാവിലെയോടെ ന്യൂനമര്‍ദം രൂപമെടുക്കും. ഇതിന് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്നാണ് നിഗമനം. ന്യൂനമര്‍ദം വടക്കോട്ട് നീങ്ങുന്നതോടെ മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കും.
ജൂലൈ 26ന് ശേഷം കാലവര്‍ഷത്തിന് വലിയൊരു ഗ്യാപ്പ് വന്നത്. പിന്നീട് 35 ദിവസത്തിന് ശേഷമാണ് ഈ മാസം ആദ്യം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വീണ്ടും വരവറിയിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലയിലാണ് ദിവസങ്ങളായി കനത്തമഴ ലഭിക്കുന്നത്. കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് ഇടിയോട് കൂടിയ തീവ്രമഴയ്ക്ക് ഇത് കാരണമാകും. മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും മഴ കാരണമാകും. സാധാരണയായി കാണാത്ത ഇത്തരം മേഘങ്ങളും ശക്തമായ ഇടിമിന്നലിന്റെ സാന്നിധ്യവും കാലവര്‍ഷത്തില്‍ അടുത്തിടെയായി പതിവായിരിക്കുകയാണ്. നിലവിലെ മഴ ആറിന് കൂടുതല്‍ ശക്തമാകും. വാരാന്ത്യത്തോടെ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.
അതേ സമയം അണക്കെട്ടുകളില്‍ ചെറിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള 12 ഉം കെഎസ്ഇബിയുടെ രണ്ടും വീതം അണക്കെട്ടുകളുടെ ഷട്ടറുകള്‍ നിലവില്‍ തുറന്ന് വച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കോന്നിയിലാണ് 15 സെ.മീ. മങ്കൊമ്പ്-12, കുന്നംകുളം- 13, കുരുടാമണ്ണില്‍-12, തിരുവല്ല- 11 സെ.മീ. വീതവും മഴ കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: