കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില് പ്രതികളും സര്ക്കാരും കെ.കെ. രമ എംഎല്എയും ഹൈക്കോടതിയില് നല്കിയ അപ്പീലുകളില് ഇന്നലെ വാദം തുടങ്ങി. ജസ്റ്റിസ് എ.കെ. ജയശങ്കരന് നമ്പ്യാര്, ജസ്റ്റിസ് ഡോ.കൗസര് എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വാദം കേള്ക്കുന്നത്.
കേസില് ശിക്ഷിക്കപ്പെട്ട 12 പ്രതികള് ശിക്ഷാവിധിക്കെതിരെ നല്കിയ അപ്പീലും പ്രതികള്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന സര്ക്കാരിന്റെ അപ്പീലും സിപിഎം നേതാവ് പി. മോഹനനടക്കമുള്ള കേസില് വെറുതേ വിട്ടതിനെതിരെ കെ.കെ. രമ നല്കിയ അപ്പീലുമാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ടി.പി. വധക്കേസിന്റെ എഫ് ഐആറില് കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും ഗൂഢാലോചനയെത്തുടര്ന്നാണ് പലരെയും കേസില് പ്രതി ചേര്ത്തതെന്നും ഒന്നാം പ്രതി കണ്ണൂര് സ്വദേശി എം.സി. അനൂപിനു വേണ്ടി അപ്പീലില് ഹാജരായ സീനിയര് അഭിഭാഷകന് ആരോപിച്ചു.
ആര്എംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരയ്ക്കടുത്ത് വള്ളിക്കാടു വച്ച് ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില് നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആര്എംപി എന്ന പേരില് പാര്ട്ടിയുണ്ടാക്കിയതിലുള്ള പക നിമിത്തം സിപിഎമ്മുകാരായ പ്രതികള് ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണക്കോടതി ഈ കേസില് എം.സി അനൂപ്, കിര്മ്മാണി മനോജ്, കൊടിസുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രന്, ട്രൗസര് മനോജ്, സിപി
എം പാനൂര് ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്ക്ക് ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂര് സ്വദേശി ലംബു പ്രദീപന് മൂന്നു വര്ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. പി.കെ. കുഞ്ഞനന്തന് ജയില് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില് മരിച്ചു.
2014 ലാണ് വിചാരണക്കോടതി പ്രതികള്ക്ക് ശിക്ഷ വിധിച്ചത്. 36 പ്രതികളുണ്ടായിരുന്ന കേസില് സിപിഎം നേതാവായ പി. മോഹനന് ഉള്പ്പെടെ 24 പേരെ വെറുതേ വിട്ടിരുന്നു.
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെ അപേക്ഷ പ്രകാരം കേസില് അഡ്വ. പി. കുമാരന്കുട്ടിയെ സര്ക്കാര് സ്പെഷ്യല് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: