തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം.
പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. നിയമനത്തെ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.
ആഗസ്ത് ഏഴിനാണ് എസ്. മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെയാണ് സമിതി എസ്. മണികുമാറിന്റെ പേര് നിര്‍ദേശിച്ചത്. മണികുമാറിന്റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷേനേതാവിന്റെ വിയോജനകുറിപ്പ് രേഖപ്പെടുത്തിയ ശിപാര്‍ശ ഫയല്‍ രാജ് ഭവനില്‍ എത്തിയത്. ജസ്റ്റിസ് മണികുമാറിന്റെ വിധികളില്‍ പക്ഷപാതിത്വം കാണിച്ചെന്നെടക്കമുള്ള ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നിരവധി പേര് ഗവര്‍ണര്‍ക്ക് പരാതികളും നല്കി.
വിരമിച്ച മണികുമാറിന് സര്‍ക്കാര്‍ ചെലവില്‍ അസാധാരണ യാത്രയയപ്പ് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്നാണ് പരാതികള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചത്. സര്‍ക്കാരിനോട് വിശദീകരണം തേടിയുള്ള കത്ത് ഇത്ത് രാജ്ഭവന് കൈമാറും.
ഇന്നലെ ദല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ ഈമാസം 10നാകും തിരിച്ചെത്തുക. തുടര്‍ന്നാകും ചീഫ്സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ വിശദീകരണവും പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: