ഡോക്ടറെ, എനിക്കിനി ആള്‍ക്കാരെ ശബ്ദം കൊണ്ടല്ലാതെ തിരിച്ചറിയാന്‍ പറ്റുമോ….?
വാക്കിങ് സ്റ്റിക്ക് ഇല്ലാതെയെനിക്ക് എണീറ്റു നടക്കാന്‍ പറ്റുമോ?
എല്ലാരേയും ഒന്ന് കാണാന്‍ പറ്റുമോ …?
ബിനു ഇങ്ങനെ ചോദിക്കുമ്പോള്‍ കണ്ണില്‍ നിന്ന് കെട്ടുകള്‍ അഴിച്ചുമാറ്റുകയായിരുന്ന ഡോക്ടറുടെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നു.
നോക്കാം ബിനൂ, അല്‍പ്പം ക്ഷമിക്കൂ എന്നുപറഞ്ഞ ഡോക്ടറുടെ മറുപടിയിലൊരു നിമിഷം കൊണ്ട് അവന്റെയുള്ളിലൂടെ ഓര്‍മ്മകളുടെ തീവണ്ടി പാഞ്ഞു പോയി.
തീര്‍ത്തും അനാഥമാക്കി അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിച്ചത്.
അതില്‍ ഇളയവനായ താന്‍ അന്ധനാണെന്ന് അറിഞ്ഞിട്ടാകുമോ. തന്റെ ചേച്ചി ഒരുകാലിനു സ്വാധീനം ഇല്ലാത്തവള്‍ എന്നവര്‍ക്ക് അറിയാമായിരിക്കും. പക്ഷേ ചേച്ചിയവരെ കണ്ടിട്ടുണ്ട്. വയ്യാത്ത ചേച്ചിക്ക് ലോട്ടറി കച്ചവടം ചെയ്യാന്‍ കോര്പ്പറേഷന് കൊടുത്ത കൈകൊണ്ട് കറക്കുന്ന ഉന്തുവണ്ടിയില്‍ തനിക്കു കാഴ്ച കിട്ടാനായി ഭിക്ഷയാചനകള്‍ക്കിടയില്‍ എവിടെയൊക്കെയാണ് പോയി പ്രാര്‍ഥിച്ചത്.
കഴിഞ്ഞയാഴ്ച്ച ചേച്ചിയോട് ഒരു ഡോക്ടര്‍ പറഞ്ഞത്രേ കണ്ണ് ദാനം ചെയ്യുന്നവര്‍ മരണത്തിനു മുന്‍പു ബിനുവിന് കണ്ണ് വയ്ക്കണമെന്ന് എഴുതി വച്ചിരുന്നാല്‍ ഓപ്പറേഷന് പെട്ടന്ന് നടക്കുമെന്ന്… എത്ര തിരക്കിയിട്ടും പഴയ പ്രാര്‍ഥന പോലെ പക്ഷേ ഗുണമൊന്നുമില്ലയിരുന്നു… ഇനിയേതാനും മിനിറ്റുകള്‍ക്കകം തന്റെ കാഴ്ച തിരിച്ചു കിട്ടും… ചേച്ചിയെ വെളിയില്‍ നിര്‍ത്തിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്… ഈ രണ്ടാം നില കയറി വരാന്‍ ചേച്ചിക്ക് പാടാണ്… വലത്തേക്കാല് നിര്‍ജ്ജീവമാണ്.
ഒരുമിനിറ്റില്‍ ഡോക്ടര്‍ കെട്ടുകള്‍ അഴിച്ചു. ബിനു കാഴ്ചകള്‍ കാണുന്നുണ്ടെന്നു ഉറപ്പുവരുത്തി. ടേക്ക് കെയര്‍ എന്നു പറഞ്ഞു കണ്ണില്‍ പൊടിപോകാതിരിക്കാന്‍ ഒരു ഗ്ലാസ് കൊടുത്തു, തൊട്ടടുത്തു നിന്ന ഒരു സ്ത്രീ പരിചയപ്പെടുത്തിയ പോലൊരു ചോദ്യമെറിഞ്ഞു. ”ബിനൂനു എന്നെ മനസ്സിലായോ?”
ശബ്ദം കേട്ട് അവന് പെട്ടന്ന് പറഞ്ഞു. ”ലതേടത്തി…
തങ്ങള്‍ക്കു കിടക്കാന്‍ ചായ്പ്പും ആഹാരവും തന്നു പോറ്റി വളര്‍ത്തിയ മനസാക്ഷിയുള്ള വാര്‍ഡ് മെമ്പര്‍ ലതേടത്തി… ”മ്മ്…” അവര്‍ മറുപടി പറഞ്ഞു.
എന്റെ ചേച്ചിയെവിടെ?
അവന് മെമ്പറോട് ചോദിച്ചു. മെമ്പര്‍ ഒന്നും പറയാതെ ഡോക്ടറോഡ് പറഞ്ഞു. ഡോക്ടറെ ഇവന്റെ ഒപ്പ് താഴെ വേണമെന്നാ പറയുന്നത്. കൊണ്ടുപൊക്കോട്ടെ. ഡോക്ടര്‍ സമ്മതം മൂളി.
അവനെയും കൊണ്ട് താഴെ വന്ന മെമ്പര്‍ നേരെ പോയത് മോര്‍ച്ചറിയിലേക്കാണ്. തിരിച്ചറിയാനാകാത്ത വിധം തെരുവുപട്ടികള്‍ കടിച്ചുകീറി ഭക്ഷിച്ച ഒരു പെണ്ണിന്റെ ദുര്‍ഗന്ധമെടുക്കുന്ന ജഡം അവിടെ മെമ്പര്‍ക്കു കൈപ്പറ്റാനുണ്ടത്രേ. ആ പെണ്ണിന്റെ കണ്ണാണ് തനിക്കു വച്ചത് എന്നു മെമ്പറാണ് പറഞ്ഞത്.
ഡോക്ടര്‍ പോസ്റ്റുമാര്‍ട്ടത്തിനായി ബോഡി അകത്തേക്ക് എടുത്തു. മെമ്പര്‍ പറഞ്ഞു തുടങ്ങി. ആരും പോകാത്ത വഴിയാണ് ആ കുട്ടി പോയത്. മരിക്കാന്‍ തീരുമാനിച്ചു ഉറപ്പിച്ചതാണെന്നു പറയുന്നുണ്ട് നാട്ടുകാര്‍. പിന്നെ അവള് ഇപ്പോ നാല് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ പറഞ്ഞു. ആത്മഹത്യയായിരുന്നുവെന്നു കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. സ്നേഹിച്ചവന് ചതിച്ചതാണ്. പട്ടി കടിച്ചു നീറി നീറി മരിച്ചപ്പോഴും അവളുടെ കയ്യില്‍ ഒരു കത്ത് ചുരുട്ടി വച്ചിരുന്നു. ആ കത്തില്‍ അവള് പറഞ്ഞിരുന്നു അവളുടെ കണ്ണുകള്‍ നിനക്ക് വയ്ക്കണമെന്ന്, നീ ഈ ലോകം കാണണമെന്ന്. അത്രമാത്രം. കാല് വയ്യാത്ത കുട്ടിയല്ലേ… ഓടാന്‍ കൂടി പറ്റിയില്ല പാവം. ബോഡി തിരിച്ചു മെമ്പര്‍ കയ്യിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ അവളുടെ സാധനങ്ങളായി കൂട്ടത്തില്‍ ഒരു ബാഗും അവളോളം ഭാഗ്യമില്ലാത്ത തരം ചില ലോട്ടറി ടിക്കറ്റുകളുമുണ്ടെന്നു അവര്‍ ഉറപ്പ് വരുത്തി. ഒപ്പം എന്റെ പൊന്നനിയന് ബിനൂന്…ചേച്ചിയോട് ക്ഷമിക്കുക എന്നു മാത്രമുള്ള ഒരു ചെറിയ കത്തും വായനയും താന്‍ നില്ക്കുന്ന സ്ഥലവും അവന് ഒന്നും മനസ്സിലായില്ല. താന്‍ ഇതുവരെ അറിയാത്ത ആശുപത്രിയുടെ ഏതോ ഭാഗത്തെന്നു മാത്രമെ അവന് തോന്നിയുള്ളൂ..!
കാലത്തിന്റെ ഇരുട്ട് നീങ്ങിപ്പോയത് കണ്ണീര് തരാനെന്നറിയാതെ അവന് പിന്നെയും മെമ്പറെ നോക്കി ചോദിച്ചു … ലതേടത്തീ…. എന്റെ ചേച്ചിയെവിടെ, ഞാനിതുവരെ കണ്ടില്ലല്ലോ… എനിക്കൊന്ന് കാണണമെന്റെ ചേച്ചിയെ….?
പ്രതികരിക്കാൻ ഇവിടെ എഴുതുക: