കൊല്‍ക്കത്ത: ഒരുമാസമായി തുടര്‍ന്നുവന്ന 132-ാമത് ഡ്യൂറന്റ് കപ്പ് ഫുട്ബോളിന് ഇന്ന് കൊട്ടിക്കലാശം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് ഈ നഗരത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കരുത്തന് ടീമുകള്‍ ഏറ്റുമുട്ടും. ഈസ്റ്റ് ബംഗാള്‍ എഫ്സിയും മോഹന്‍ ബഗാന് എസ്ജിയും. വൈകീട്ട് നാലിനാണ് ഫൈനല്‍ മത്സരം ആരംഭിക്കുക.
കാല്പന്ത് കളിക്ക് കേരളത്തിനുള്ള അതേ തോതില്‍, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ വൈകാരിക പിന്തുണയുള്ള നാടാണ് പശ്ചിമ ബംഗാള്‍. അതിനാലാണ് കൊല്‍ക്കത്ത എന്ന ഒരേ നഗരത്തില്‍ ഇന്ത്യയിലെ തന്നെ രണ്ട് വമ്പന്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ ഉയര്‍ന്നുവന്നത്. ഇവര്‍ രണ്ട് കൂട്ടരും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐഎസ്എല്‍) ശക്തരായ ടീമുകളാണ്. മോഹന്‍ ബഗാന് എസ്ജി നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍ ടീമാണ്. ഇവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട കടുത്ത വാശിപ്പോരാട്ടങ്ങളിലൊന്നായിമാറുമെന്നുറപ്പ്.
പുതിയ പരിശീലകന് കാള്‍സ് ക്വാഡ്രാറ്റിന് കീഴിലാണ് ഈസ്റ്റ് ബംഗാള്‍ പുതിയ സീസണില്‍ കളത്തിലിറങ്ങിയത്. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ സെമി വിജയത്തിലുണ്ട് ഈസ്റ്റ് ബംഗാള്‍ പോരാട്ടവീര്യത്തിന്റെ കരുത്ത്. യുണൈറ്റഡിനോട് രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് സമനിലയിലാക്കി, പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ 5-3 വിജയത്തിന്റെ ബലത്തില്‍ ഫൈനല്‍ ഉറപ്പാക്കുകയായിരുന്നു.
കരുത്തന് ടീമിനെ മറികടന്നാണ് സെമിയില്‍ നിന്നും മോഹന്‍ ബഗാന് എസ്ജിയും മുന്നേറിയത്. വിദേശ താരങ്ങളായ ജേസന്‍ കമ്മിങ്സും അര്‍മാന്‍ഡോ സാദികുവും നേടിയ ഗോളുകളില്‍ ഗോവന്‍ ടീമിനെ 2-1ന് തോല്‍പ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നതാണ്. ഏകപക്ഷീയമായ ഒരു ഗോളിന് മോഹന്‍ ബഗാന് എസ്ജി ആണ് ജയിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബദ്ധവൈരികള്‍ തമ്മില്‍ കണ്ട മത്സരമായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു ഇരുവരും ഉള്‍പ്പെട്ടിരുന്നത്.
ഇന്നത്തെ കളിയില്‍ ജയിക്കുന്നവര്‍ക്ക് 17-ാമത്തെ ഡ്യൂറന്റ് കപ്പ് കിരീടം സ്വന്തമാകും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളാകുകയും ചെയ്യും. രണ്ട് ടീമുകളും 16 തവണ വീതം കപ്പടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കപ്പടിച്ചത് ഈസ്റ്റ് ബംഗാള്‍ ആണ്, 2004ല്‍. ഇന്ന് മോഹന്‍ ബഗാന് എസ്ജി എന്ന് നാമകരണം ചെയ്യപ്പെട്ട മോഹന്‍ ബഗാന് ആയിരുന്നു അന്നത്തെ എതിരാളികള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ അന്നത്തെ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് കപ്പടിച്ചത്. അതിന് ശേഷം ഈസ്റ്റ് ബംഗാള്‍ ആദ്യമായാണ് കലാശപ്പോരിലെത്തുന്നത്. മോഹന്‍ ബഗാന് പിന്നീട് 2009ലും 2019ലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ അവര്‍ ഡ്യൂറന്റ് കപ്പ് നേടിയത് 2000ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: