ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും തുല്യമല്ലാത്ത നരഹത്യയില്‍ പങ്കുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഒഡീഷയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജൂണ്‍ രണ്ടിന് നടന്ന അപകടത്തില്‍ മുന്നൂറോളം പേര് മരിക്കുകയും 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാലസോര്‍ ജില്ലയിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിഗ്നല്‍സ്) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എന്‍ജിനീയര്‍ അമീര്‍ ഖണ്ഡ്, ടെക്നീഷ്യന് പപ്പു കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജൂണ്‍ ആറിനാണ് ട്രെയിന്‍ അപകടക്കേസ് സിബിഐ ഏറ്റെടുത്തത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 304 ഭാഗം-2, സെക്ഷന്‍ 34, 201, റെയില്‍വേ നിയമത്തിലെ 153 എന്നിവ പ്രകാരം മൂന്ന് പേര്‍ക്കെതിരെയും സിബിഐ കുറ്റം ചുമത്തി. പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ ഏഴിന് അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമുള്ള ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 94 ലെ അറ്റകുറ്റപ്പണികള്‍ എല്‍സി ഗേറ്റ് നമ്പര്‍ 79 സര്‍ക്യൂട്ട് ഡയഗ്രം ഉപയോഗിച്ച് മഹന്ത നടത്തിയതായി സിബിഐ കണ്ടെത്തി. നിലവിലുള്ള സിഗ്നല്‍, ഇന്റര്‍ലോക്ക് ഇന്സ്റ്റാലേഷനു
കളില്‍ പരിശോധന, ഓവര്‍ഹോള്‍, മാറ്റങ്ങള്‍ വരുത്തല്‍ എന്നിവ നടത്തുന്നത് അംഗീകൃത പ്ലാനും നിര്‍ദേശങ്ങളും അനുസരിച്ചാണെന്ന് ഉറപ്പാക്കേണ്ടത് മഹന്തയുടെ ഉത്തരവാദിത്വമാണെന്നും സിബിഐ വ്യക്തമാക്കി.
ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനില്‍ കോറോമാന്‍ഡല്‍ എക്സ്പ്രസ് ഇടിച്ചതിനെ തുടര്‍ന്നാണ് വന്‍ അപകടമുണ്ടായത്. തൊട്ടുപിന്നാലെ, പാളം തെറ്റിയ കോച്ചുകളില്‍ ചിലത് തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയും യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്തു. നോര്‍ത്ത് സിഗ്നല്‍ ഗൂംട്ടി സ്റ്റേഷനിലെ സിഗ്നലിങ്-സര്‍ക്യൂട്ട്-മാറ്റത്തിലെ പിഴവാണ് കോറോമാണ്ടല്‍ എക്സ്പ്രസ്, മെയിന്‍ ലൈനിന് പകരം ലൂപ്പ് ലൈനിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: