തിരുവനന്തപുരം: രണ്ടു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നല്കി പുനരുജ്ജീവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു. വിനോദസഞ്ചാര വകുപ്പ് ആണ് ഈ പദ്ധതി കൊണ്ട് വന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 40 കോടി രൂപ ചെലവില്‍ ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിനെയാണ് നിര്‍മാണച്ചുമതലയേല്‍പ്പിച്ചിരുന്നത്. എന്നാല്‍ ചാല പച്ചക്കറി മാര്‍ക്കറ്റും അതിന് സമീപം പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനും മാത്രം നിര്‍മിച്ചു. പച്ചക്കറി മാര്‍ക്കറ്റിന്റെ അശാസ്ത്രീയ നിര്‍മാണം കച്ചവടക്കാരെ വലച്ചു. സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇല്ലാത്തതിനാല്‍ കടയില്‍ കച്ചവടം നടക്കുന്നുമില്ല.
പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന് ടിസി ലഭിക്കാത്തതിനാല്‍ ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. ചാല മാര്‍ക്കറ്റിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മഴ പെയ്താല്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പോലും കഴിയില്ല. ചാല പൈതൃകത്തെരുവ് പദ്ധതിക്ക് വേണ്ടി ഹാബിറ്റാറ്റ് ഇതുവരെ രണ്ടേമുക്കാല്‍ കോടി രൂപയുടെ പണി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ലെന്നും ഹാബിറ്റാറ്റിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സ്മാര്‍ട്ട്സിറ്റി പദ്ധതി: കൗണ്‍സിലര്‍ക്ക് പണി കിട്ടി
ചാല വാര്‍ഡിലെ എണ്‍പത് ശതമാനം റോഡുകളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കീഴിലുള്‍പ്പെടുത്തിയതോടെ പണി കിട്ടിയത് കൗണ്‍സിലര്‍ സിമി ജ്യോതിഷിനാണ്. വാര്‍ഡിലെ മൂന്നോ നാലോ ഇടവഴികള്‍ ഒഴിച്ച് മറ്റെല്ലാ റോഡുകളുടെയും റോഡിനോട് ചേര്‍ന്നുള്ള ഓടകളുടെയും പണി സ്മാര്‍ട്ട് സിറ്റിയെ ആണ് ഏല്‍പ്പിച്ചത്. പണി പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും പല റോഡുകളുടെയും പണി തുടങ്ങിയിട്ട് പോലുമില്ല.
ആദ്യത്തെ കരാറുകാരന് പണി ഉപേക്ഷിച്ചു പോയി. പുതിയ ടെന്‍ഡര്‍ ആയി എന്നു പറയുന്നു. പക്ഷേ ഇതുവരെയും പണികള്‍ ആരംഭിച്ചിട്ടില്ല. തകര്‍ന്ന റോഡുകള്‍ കൗണ്‍സിലറുടെ ഫണ്ട് ഉപയോഗിച്ച് നന്നാക്കാനുമാകുന്നില്ല. ഇതൊന്നും പക്ഷേ വാര്‍ഡിലെ ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. തകര്‍ന്ന റോഡുകളും ഓടകളും ചൂണ്ടിക്കാട്ടി കൗണ്‍സിലറെയാണ് അവര്‍ പഴിചാരുന്നത്.
അട്ടക്കുളങ്ങരകിളളിപ്പാലം ബൈപ്പാസില്‍ നിന്നും വാട്ടര്‍ അതോറിറ്റി ഓഫീസ് വഴി ചാല മാര്‍ക്കറ്റിലേക്ക് ഉള്ള ഇടവഴിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെട്ടതാണ്. ഇവിടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നു. ഈ റോഡില്‍ പരസ്യമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വ്യാപകമാണെന്ന പരാതിയുമുണ്ട്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപനും കൗണ്‍സിലര്‍ സിമി ജ്യോതിഷും തിരുമല അനിലും സ്മാര്‍ട്ട് സിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്നപ്പോഴാണ് റോഡ് അറ്റകുറ്റപണികള്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്.
കളക്ടര്‍, മന്ത്രിമാര്‍, എംഎല്‍എ, സ്മാര്‍ട്ട്സിറ്റി, പൈതൃകത്തെരുവ് പദ്ധതി തുടങ്ങിയവരുടെയൊന്നും മീറ്റിംങ്ങുകളോ സന്ദര്‍ശനങ്ങളോ തന്നെ അറിയിക്കാറില്ലെന്ന് ചാലവാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: