ശാസ്താംകോട്ട: സ്കൂള്‍ കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ കേരളം അവഗണിച്ചു. ഇതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫണ്ടുകള്‍ തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതോടെ പരിഭ്രാന്തിയിലായ വിദ്യാഭ്യാസ വകുപ്പ് ഓണാവധി മാറ്റിവയ്പ്പിച്ച് അധ്യാപകരെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഡേറ്റ അപ്
ലോഡ് ചെയ്യിപ്പിക്കുകയാണ്. സമയത്ത് ഇത് ചെയ്തില്ലെങ്കില്‍ കോടികളാണ് കേരളത്തിന് നഷ്ടമാകുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം കൊണ്ട് നാല് തവണയാണ് കേരളത്തിന് കത്തയച്ചത്. മറുപടിയില്ലാതെ വന്നതോടെയാണ് വാക്കാലുള്ള താക്കീത്. പല സ്കൂളുകളിലും ഇന്നലെ വൈകിയും ജോലി തീര്‍ന്നിട്ടില്ല. വനിതാ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് രാത്രി വൈകിയാണ് വീട്ടിലെത്താനായത്.
വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി വിദ്യാഭ്യാസ മന്ത്രാലയം ആദ്യം കത്തയച്ചത് 2022 ആഗസ്ത് 30ന്. പിന്നീട് നവംബര്‍ 16നും 2023 മാര്‍ച്ചിലും ജൂണിലും. ആഗസ്ത് 31നകം മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കിയില്ലെങ്കില്‍ ഗ്രാന്റുകള്‍ തടയുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് കേരള സര്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത്.
അടിയന്തരമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരാഴ്ച മുമ്പ് നിര്‍ദേശിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് കുഴങ്ങി. കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് തീയതി സപ്തംബര്‍ രണ്ടിലേക്ക് നീട്ടി നല്കി. എല്‍പി, യുപി, ഹൈസ്കൂള്‍ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്‍ട്ടലിലുണ്ട്. പ്രീപ്രൈമറിയും ഹയര്‍സെക്കന്‍ഡറിയും വിവരങ്ങള്‍ ശേഖരിച്ച് അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.
സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം മുതല്‍ സൂക്ഷ്മതല വിവരങ്ങള്‍ ഉള്‍പ്പെടെ 54 വിവരങ്ങള്‍ ചേര്‍ക്കണം. 2023ല്‍ കോഴ്സ് കഴിഞ്ഞുപോയ കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഓരോരുത്തരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ 20 മിനിറ്റ് വേണം.
ഉച്ചഭക്ഷണം, എസ്സിഇആര്‍ട്ടി പരിശീലനം, സിലബസ് തയ്യാറാക്കല്‍, കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, എസ്എസ്കെ, ബിആര്‍സി വഴി നടത്തുന്ന പദ്ധതികള്‍ എല്ലാം കേന്ദ്ര ഫണ്ടാണ്. കോടികളാണ് ഇങ്ങനെ ലഭിക്കേണ്ടത്. ഇത് തടഞ്ഞാല്‍ വിദ്യാഭ്യാസ മേഖല അവതാളത്തിലാകും. സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നിര്‍മാണ ഫണ്ട് വരെ നിലയ്ക്കും. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്ത് കേന്ദ്രഫണ്ട് നിലച്ചാല്‍ ഉണ്ടാകുന്ന ആപത്ത് മുന്നില്‍കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര നിര്‍ദേശം അക്ഷരംപ്രതി പാലിക്കാന്‍ വൈകി എങ്കിലും നിര്‍ബന്ധിതരായത്.
ഓണാവധിയില്‍ ആയിരുന്ന അധ്യാപകര്‍ ഇന്നലെ മുതല്‍ സ്കൂളില്‍ എത്തേണ്ട സ്ഥിതിയിലായി. ജോലി ഇന്ന് വൈകിട്ട് 5ന് അവസാനിപ്പിച്ച് കേന്ദ്രത്തിന് നല്‍കണം. വിദ്യാഭ്യാസ മന്ത്രാലയം ആദ്യം അയച്ച ഉത്തരവ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ തുടക്കത്തില്‍ തന്നെ അവഗണിച്ചു. ആവശ്യം അവഗണിക്കാന്‍ അധ്യാപക ഗ്രൂപ്പ് കൂട്ടായ്മകള്‍ നിര്‍ദേശം നല്കിയതിന്റെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: