ന്യൂദല്‍ഹി: ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയില്‍, അസാധുവോ അസാധുവാകേണ്ടതോ ആയ വിവാഹങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കും (നിയമപരമല്ലാത്ത) സ്വത്തവകാശമുണ്ടെന്ന് സുപ്രീം
കോടതിയുടെ നിര്‍ണായക വിധി. ഇത്തരം കുട്ടികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ പൂര്‍വിക സ്വത്തില്‍ അവകാശമുന്നയിക്കാം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദീവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ വിധിച്ചു.
ഹിന്ദുവിവാഹ നിയമത്തിലെ 16(1), 16(2) വകുപ്പുകള്‍ പ്രകാരം, ഹിന്ദു പിന്തുടര്ച്ചാ നിയമമനുസരിച്ച് ഈ കുട്ടികളും നിയമപരമായ ബന്ധുക്കള്‍ തന്നെയാണ്. മാതാപിതാക്കള്‍ സ്വയമാര്‍ജ്ജിച്ച സ്വത്തിന്മേല് മാത്രമാണോ അതോ പൂര്‍വിക സ്വത്തിലും ഇവര്‍ക്ക് അവകാശമുണ്ടോയെന്നതു സംബന്ധിച്ച തര്‍ക്കത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
കൂട്ടുകുടുംബത്തില്‍, മാതാപിതാക്കള്‍ക്കുള്ള സ്വത്തു വിഹിതത്തില്‍ മാത്രമാണ്, മക്കള്‍ക്കും അവകാശം. കടുംബത്തിന്റെ മൊത്തം സ്വത്തില്‍ (മറ്റുള്ളവര്‍ക്കുള്ള സ്വത്ത്) ഇവര്‍ക്ക് അവകാശമില്ല. പൂര്‍വിക സ്വത്തില്‍ അസാധുവായ വിവാഹത്തിലുള്ളവരുടെ മക്കള്‍ക്ക് അവകാശമില്ലെന്ന് 2010 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അപ്പീലില്‍, 2011ല്‍ കോടതിയിലെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ തര്‍ക്കം മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. നിയമാനുസൃതമല്ലാത്ത മക്കള്‍ക്ക് മാതാപിതാക്കള്‍ ആര്‍ജ്ജിച്ച സ്വത്തില്‍ മാത്രമേ അവകാശമുള്ളോ, അതോ പൂര്‍വിക സ്വത്തിലും അവകാശമുണ്ടോയെന്നതാണ് വിഷയം. കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: