ന്യൂദല്‍ഹി: ഫിഡെ ലോക ചെസ് കിരീടത്തിനുള്ള പോരാട്ടത്തില്‍ മാഗ്നസ് കാള്‍സനോട് ഫൈനലില്‍ പൊരുതിത്തോറ്റ് വെള്ളി നേടിയ പ്രജ്ഞാനന്ദ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ എത്തി. “എനിക്ക് ഇന്ന് 7, ലോക കല്യാണ്‍ മാര്‍ഗില്‍ (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) വിശേഷ അതിഥികളുണ്ട്.” – സമൂഹമാധ്യമസൈറ്റായ എക്സില്‍ പ്രജ്ഞാനന്ദയും മാതാപിതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി എഴുതി.
“പ്രജ്ഞാനന്ദ, കുടുംബത്തോടൊപ്പം താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!” – പ്രധാനമന്ത്രി എഴുതി. “താങ്കള്‍ അഭിനിവേശത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആള്‍രൂപമാണ്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഏത് മേഖലയും കീഴടക്കാമെന്ന് താങ്കളുടെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. താങ്കളെയോര്‍ത്ത് അഭിമാനിക്കുന്നു- മോദി എഴുതി.
Had very special visitors at 7, LKM today.
Delighted to meet you, @rpragchess along with your family.
You personify passion and perseverance. Your example shows how India's youth can conquer any domain. Proud of you! https://t.co/r40ahCwgph
— Narendra Modi (@narendramodi) August 31, 2023
അച്ഛന് രമേഷ് ബാബു, അമ്മ നാഗലക്ഷ്മി എന്നിവരോടൊപ്പമാണ് പ്രജ്ഞാനന്ദ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വ്യാഴാഴ്ച എത്തിയത്. പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന നിലയില്‍ അച്ഛനും അമ്മയും ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രജ്ഞാനന്ദയ്ക്ക് ചെസില്‍ അഭിനിവേശം വളര്ത്തിയവരെന്ന നിലയില്‍ മാതാപിതാക്കള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എക്സ് യുവി 400 ഉടമയായ ആനന്ദ് മഹീന്ദ്ര സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് മുഖ്യമന്ത്രി സ്റ്റാലിന് മൂന്ന് ലക്ഷം രൂപ സമ്മാനമായി നല്കി. ഫിഡെ ലോക ചെസ് ഫൈനലില്‍ മാഗ്നസ് കാള്‍സനോട് തോറ്റ പ്രജ്ഞാനന്ദയ്ക്ക് 80000 ഡോളര്‍ (ഏകദേശം 67 ലക്ഷം രൂപ) ആയിരുന്നു സമ്മാനത്തുകയായി ലഭിച്ചത്.
മോദി ഏറെ ആഹ്ളാദത്തോെടെയാണ് അച്ഛന് രമേഷ് ബാബുവിനെയും അമ്മ നാഗലക്ഷ്മിയെയും പ്രജ്ഞാനന്ദയെയും സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. പ്രജ്ഞാനന്ദയുമായി ഏറെ നേരം പ്രധാനമന്ത്രി കുശലം നടത്തി. പ്രജ്ഞാനന്ദയ്ക്ക് ഫിഡെ ചെസില്‍ ലഭിച്ച ട്രോഫിയും കണ്ടു.
മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പ്രജ്ഞാനന്ദ പിന്നീട് കുറിച്ചു. “ഔദ്യോഗിക വസതിയില്‍ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു. എനിക്കും മാതാപിതാക്കള്‍ക്കും നല്കിയ പ്രോത്സാഹനവാക്കുകള്‍ക്ക് നന്ദി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: