ബത്തേരി: ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐ.സി. ബാലകൃഷ്ണന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ ഫോണില്‍ തെറിവിളിച്ചു. ഇതിന്റെ ശബ്ദരേഖ പരസ്യമായപ്പോള്‍ എംഎല്‍എ ക്ഷമ ചോദിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് വയനാട് കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് എംഎല്‍എ എത്തിയെങ്കിലും പ്രസിഡന്റ് അപ്പച്ചന് വൈകി. ഇതിനെത്തുടര്‍ന്നാണ് എംഎല്‍എ ഫോണില്‍ തെറി വിളിച്ചത്. ഫോണ്‍ സംഭാഷണം കോണ്‍ഗ്രസിലെ ഒരു വിഭാഗം പുറത്തുവിട്ടു. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ച ഒമ്പതുപേരുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു എന്ന് അപ്പച്ചന് വിശദീകരിച്ചു. പച്ചത്തെറി വിളിച്ചതിന് കെപിസിസിക്ക് പരാതി നല്‍കുമെന്ന് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. തുടര്‍ന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, എന്‍.ഡി. അപ്പച്ചനോട് ക്ഷമ പറഞ്ഞു.
26ന് രാവിലെ പത്തുമണിക്ക് ഡിസിസിയില്‍ യോഗം വിളിച്ചിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ട്. സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയാണ് കുഴപ്പങ്ങള്‍. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കെപിസിസി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുവെന്നതാണ് പ്രശ്നം. അതിനു പിന്നാലെയാണ് തെറിവിളി വിഷയവും വന്നിരിക്കുന്നത്.
ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അപ്പച്ചനെ എംഎല്‍എ അസഭ്യംവിളിച്ചതില് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. സ്വകാര്യ സംഭാഷണം ചോര്‍ത്തി പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഐ.സി. ബാലകൃഷ്ണന് പറയുന്നത്.
ഇതുകൂടാതെ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു കത്തും വിവാദത്തിന് ചൂടേകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: