രാജാവേ! കേള്‍ക്ക, അങ്ങയുടെ മാനസം വര്‍ത്തിക്കുമെങ്കിലും രൂപം വെടിഞ്ഞിടും. വളരെ കൃപണമാകുന്ന മനസ്സ് നിസ്സാരകാര്യത്തിലും കഷ്ടപ്പെടും. ജീര്‍ണാംഗനാകുന്ന കൊതുകിന് കറ്റുകാല്‍കുളമ്പടിയിലെ വെള്ളമെന്നാല്‍ സമുദ്രമായീടും. നീ ദൃശ്യത്തെയൊക്കെയും എത്രമാത്രം സ്വയം ത്യജിച്ചിടുന്നുവെന്ന് ഓര്‍ക്കുക, അത്രമാത്രം പ്രകൃഷ്ട(പ്രധാനമായ, മേന്മയുള്ള)പ്രകാശനാകുന്ന പരമാത്മാവ് ശോഭിക്കുമെന്നതില്‍ സംശയമില്ല. സകലവും നന്നായി ത്യജിക്കുംവരെ ആത്മലാഭമുണ്ടായിവരാ എന്നതിലും സംശയമില്ല. സകല ദൃശ്യവും ത്യജിച്ചീടില്‍ ശേഷിച്ചിടുന്നതാണ് ആത്മാവെന്നു നീ അറിയുക. സാധോ! സ്വര്‍ണം, രത്നം മുതലായ സാധാരണമായ സാധനംകൂടിയും അന്യവസ്തുക്കളെ കൈവെടിയാതെ ലഭിക്കുകയില്ല. എന്നിരിക്കെ സ്വാത്മലാഭമെന്നുള്ളതില്‍ പറയേണ്ടതുണ്ടോ എന്നു മന്നവ! നീ ചിന്തിക്കുക. അതുകൊണ്ട് ആത്മാവലോകനാര്‍ത്ഥം ഭവാന് ആകവേ പരിത്യജിച്ചീടണം. ഒക്കെ ത്യജിച്ചീടില്‍ ഏതൊന്നു ശേഷിക്കുമോ, ഉള്ളില്‍ ഓര്‍ത്തീടുക, അതുതാന്‍ പരം പദം. ചാരുബുദ്ധേ! നീ ധരിച്ചീടുക, നിശ്ശേഷകാരണകാര്യപരമ്പരാരൂപമാകുന്ന ലോകസ്ഥിത വസ്തുവൃന്ദ വിജൃംഭിതമാകുന്ന മനസ്സിനെ ദൂരെക്കളഞ്ഞ് വര്‍ദ്ധിച്ചീടുന്ന ശരീരവാസനയെ ദൂരെക്കളഞ്ഞീടില്‍ ശേഷിച്ചിടുന്നതു ഏതാണോ സുമതേ! ശുഭമായീടും അതു സദാ നന്നായി ഭവിക്കട്ടെ.
ഇങ്ങനെ കിരാതരാജാവിനോട് പറഞ്ഞിട്ട് മുനീശ്വരന്‍ അവിടെനിന്നു പോയി.
പിന്നെ രാജാവ് വിജനമായ പ്രദേശത്തുപോയിരുന്നു ഞാനാകുന്നതാരെന്നു ചിന്തിച്ചു. കൈകാലുകളോടുകൂടിയ ഈ ശരീരം ഞാനായതും അസ്ഥി, രക്തം, മാംസം ഇത്യാദികളാകുന്നതുമോര്‍ത്താല്‍, അചേതനം നിശ്ചയമായും ഞാനല്ല. കര്‍മ്മേമന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ബുദ്ധിയും ജഡങ്ങളാണ്. ദേഹം ആദിയായതൊന്നുംമേ ഞാനല്ല, ഞാനായീടുന്നത്
പിന്നെ ആരാകുന്നു? ശേഷിച്ചതായി, നിര്‍വികല്പമായി, ശുദ്ധമായി, നാശമില്ലാതുള്ള ചിത്താണു ഞാന്‍. ബ്രഹ്മാണ്ഡത്തില്‍ വായുപോലെ സര്വഭൂതവൃന്ദത്തിലും നിത്യനായീടുന്ന ആത്മാവ് മുത്തുമണികള്‍ക്കുള്ളിലെ ചരടുപോലെ ചേരുന്നു. ശുദ്ധമായി, സൂക്ഷ്മയായീടും ഈ ചിച്ഛക്തി (ചിത്താകുന്ന ശക്തി) ചേത്യമായ ഹീനയായുള്ളതാകുന്നു. സര്‍വാധാരാ, സര്‍വഗാ (സര്‍വശക്തിയുടെയും ഉത്ഭവസ്ഥാനമായുള്ളത്), നിശ്ശേഷശക്തി, സര്‍വരൂപാ, ഭൈരവാകാരരൂപിണീ, വിശ്വത്തിലുള്ളതായി കാണപ്പെടുന്ന ദൃശ്യം മുഴുവനും ചിന്തിച്ചുകാണുകില്‍ ചിത്തിനുള്ള ഒരു സ്പന്ദാംശം മാത്രമാകുന്നു, മറ്റൊന്നുമില്ല. വാസനാഹീനനായി ഞാന്‍ വിഷയങ്ങളില്‍ വാസമില്ലാത്തവനായി ഇനി ഭവിച്ച് നല്ല ഉറക്കത്തെ പ്രാപിച്ചു, സ്വരൂപത്തില്‍ ശമത്തോടെ എല്ലായ്പ്പോഴും വാഴും.
ഇങ്ങനെ അനുത്തമമാകുന്ന പദത്തെ മഹാബൂദ്ധിമാനായ കിരാതരാജാവ് നല്ല വിവേകോത്സാഹശക്തികൊണ്ട് ഗാഥിജന്‍ (വിശ്വാമിത്രന്) ബ്രാഹ്മണ്യത്തെ പ്രാപിച്ചതുപോലെ പ്രാപിച്ച് നിത്യവും സുഷുപ്തിപദധര്‍മ്മിണിയായ ചിത്തവൃത്തിയോടെ നല്ലവണ്ണം ശോഭിച്ചു. സുരഘു ക്രൂരനായും നല്ല കാരുണ്യശാലിനായും ഭവിച്ചില്ല. സൂരിയായിട്ടും ഭവിച്ചില്ല, സൂരി(ധീമാന്‍, പണ്ഡിതന്)യല്ലാത്തവനായും ഭവിച്ചില്ല. രാഗിയും വിരാഗിയുമല്ലവന്‍, രാഘവ! അവന് ദ്വന്ദ്വവിഹീനനായി ഭവിച്ചു.
ധന്യനായ ആ കിരാതേശ്വരന്റെയും പര്‍ണാദമായുള്ള (ഇലകള്‍ ഭക്ഷിക്കുന്ന) ആ രാജര്‍ഷിയുടെയും അത്ഭുതമായുള്ള സംവാദം ഉല്പലലോചന! ഞാനിപ്പോള്‍ പറയാം, നീ കേള്‍ക്കുക. പാരസീകന്മാര്‍ക്ക് രാജാവ് (പേര്‍ഷ്യന്‍ രാജാവ്) ശാത്രവവീരവാരാന്തകന്‍, (ശാത്രവന്=ശത്രു, ശത്രുവീരന്മാര്‍ക്ക് അന്തകനായുള്ളവന്‍) നീതിജ്ഞന്‍, ഉത്തമന്, പാരില്‍ പരിഘനെന്ന് നല്ലവണ്ണം പേരുകേട്ടവന്‍, അദ്ദേഹം തേരില്‍ പരിഘംകണക്ക് ശോഭിച്ചു. ഹിമജടാധീശനാകുന്ന സുരഘുവിന് ആ മഹീധരന്‍ നല്ല സ്നേഹിതനായി മാറി. രാമ! പരിഘന്റെ രാജ്യത്ത് ഒരിക്കല്‍ ഭയങ്കരമായി ക്ഷാമം ബാധിക്കകാരണം വിശപ്പുശമിപ്പിക്കാനാകാതെ അനേകം മനുഷ്യര്‍ ചത്തുപോയി. നാട്ടിനു വന്നുചേര്‍ന്ന ഈ അനര്‍ത്ഥം മാറ്റുവാന്‍ രാജാവിനായില്ല. എല്ലാം പോട്ടെ എന്നുപേക്ഷിച്ചു കാട്ടില്‍ പോയി തപസ്സാരംഭിച്ചു. ഉണങ്ങിയ ഇലകള്‍ മാത്രം ഭക്ഷിച്ചുകൊണ്ട് തീരെ നിഷ്ക്കാമനായി തപസ്സുചെയ്തു. പര്‍ണങ്ങ(ഇലകള്‍)ളെത്തിന്നു വാഴുന്നതുകൊണ്ട് പര്‍ണാദനെന്നു വിഖ്യാതനായി. ഒരായിരം വര്‍ഷം ഇങ്ങനെ ദാരുണമായ തപംചെയ്ത് അനന്തരം പാരസീകേശ്വരന്‍ (പേര്‍ഷ്യയുടെ രാജാവ്) അഭ്യാസശക്തിയാല്‍ പരമാത്മജ്ഞാനമാര്‍ന്നു. ധന്യനായ പരിഘന്‍ സമദര്‍ശിയായി, ദ്വന്ദ്വമില്ലാത്തവനായി, ദുഃഖമില്ലാത്തവനായി, ഭവിച്ച് പാരില്‍ പാരമാനന്ദം കലര്‍ന്ന് സൈ്വരം വിഹരിച്ചു. ജ്ഞാനിയായ ഹേമചന്ദ്രചൂഡന്‍ ഒരിക്കല്‍ പാരസീകേന്ദ്രന്റെ മന്ദിരത്തിലെത്തി, മുന്നേ സുഹൃത്തുകളായവര്‍ അന്നേരം അന്യോന്യം ഇങ്ങനെ പറഞ്ഞു, ‘അങ്ങയുടെ ദര്‍ശനംകൊണ്ട് എനിക്കേറെ ആനന്ദമുണ്ടായതുചിന്തിച്ചാല്‍ സുഹൃന്മണേ! എനിക്കിപ്പോള്‍ വളരെ സുഖംതോന്നുന്നു.’ പിന്നെ പരിഘന്‍ കീരാതഭൂപാലനോട് സരസമായി പറഞ്ഞു, ‘മാനവേന്ദ്ര! ഞാനും അങ്ങയെപ്പോലെ വിമലമായ ബോധമാര്‍ന്നിരിക്കുന്നു. പ്രസന്നദംഭീരയാകുന്ന ബുദ്ധിയാല്‍ ഭവാന് നല്ലവണ്ണം കര്‍മ്മങ്ങളെ ചെയ്തീടുന്നുവോ? ആപാതരമ്യമാകുന്ന ഭോഗത്തില്‍ ഏതും മുങ്ങാതിരിക്കുന്നവോ ഭവാന്? സങ്കല്പമെന്നത് അല്പവും ഇല്ലാത്തതായി പരവിശ്രമണാസ്പദമായി ശ്രേയസ്സായി ഉപശമമായ സമാധിയില്‍ ഭവാന് വാഴുന്നുവോ?’ പാരസീകേന്ദ്രന്റെ ചോദ്യങ്ങളെ കേട്ടനേരം കിരാതരാജാവ് ഉങ്ങനെ മറുപടി പറഞ്ഞു, ‘ജ്ഞാനമില്ലാത്തവന് മൗനിയായാലും വ്യവഹാരിയായാലും എല്ലാസമയവും നന്നായി സമാഹിതചിത്തനായിത്തീരുന്നത് എന്നാണെന്ന് സന്മതേ ! നീ പറയുക. ജ്ഞാനിയായുള്ളവന് എല്ലാ സമയവും മൗനിയായാലും വ്യവഹാരിയായാലും നന്നായി സമാഹിതചിത്തനല്ലാതെകണ്ട് എന്നാണെന്ന് നീ സഖേ! വിചാരിക്ക. ശുദ്ധബുദ്ധേ! നീ നിരൂപിച്ചാലും, ആത്മൈകതത്ത്വത്തിന്റെ ഇഷ്ടരായീടുന്നവര്‍ നിത്യവും ലോകകാര്യങ്ങളെ ചെയ്കിലും നിത്യപ്രബുദ്ധചിത്തത്വം നിമിത്തം ഭൂമിയില്‍ നല്ല സമാധിസംയുക്തരായി വര്‍ത്തിച്ചുകൊള്ളുന്നവരാണ്. പത്മാസനത്തിലിരുന്നാലും നിത്യവും ബ്രഹ്മാഞ്ജലിചെയ്തു വാണാലും അവിശ്രാന്തസുരൂപനായീടുന്നവന് എന്തു സമാധിയാകുന്നു? ഓര്‍ത്തീടുക,അശേഷാഭിലാഷമാകുന്ന പുല്ലിന് അഗ്നിയാകുന്ന തത്ത്വബോധത്തെ നിത്യവും നല്ല സമാധിയെന്നു സാധുക്കള്‍ പറയുന്നു, മൗനത്തെയല്ലെന്നു സന്ദേഹമില്ല. സാധോ! സമാഹിതയായി, നിത്യതൃപ്തയായി, ഭൂതാര്‍ത്ഥദര്‍ശിനിയായി, പരയായുള്ള ബുദ്ധിയെ നല്ല സമാധിയെന്ന് സത്തുക്കളൊക്കെയും പറയുന്നു. രണ്ടെന്ന ഭാവം അഹങ്കാരം എന്നിവ ഉണ്ടാകാതെയും ക്ഷോഭിച്ചിടാതെയും മേരുവിനേക്കാളും ഉറപ്പുകൂടും സ്ഥിതി ചേരുന്നത് സമാധിയെന്നോതുന്നു. ഹേയം (ഉപേക്ഷിക്കത്തക്ക), ഉപാദേയം (സ്വീകരിക്കത്തക്ക) എന്നുള്ളതില്ലാത്തതായി, ഗതാഭീഷ്ടയായി ആഗ്രഹങ്ങളൊക്കെ ഉപേക്ഷിച്ച്), നിശ്ചിന്തയായി നന്നായി പരിപൂര്‍ണയായ മനോഗതിയെ ബുധന്മാര്‍ സമാധിയെന്നോതുന്നു. കാലം എവ്വണ്ണമാണോ കലാഗതിയെ അല്പവും മറക്കാതിരിക്കുന്നത് അവ്വണ്ണം പ്രാജ്ഞധീ(ജ്ഞാനബുദ്ധി)യായവന് സ്വന്തം ആത്മാവിനെ മറക്കില്ലെന്നതു നിശ്ചയമാണ്. സാധോ! ഗതിയെ സദാഗതി വിസ്മരിക്കാതിരുന്നീടുന്നത് എങ്ങനെയാണ്, അതുപോലെ പ്രാജ്ഞധീയായീടുന്നവന്‍ എന്നും മറക്കില്ല, ഉറയ്ക്ക ചിന്മാത്രത്തെ. ഊനംകൂടാതെ പൂര്‍ണമായി ജ്ഞാനമാര്‍ന്ന മഹത്തുക്കളൊക്കെയും ദുഃഖസുഖാദിഭേദങ്ങളെ ദൂരവേനീക്കി എങ്ങും സമദൃഷ്ടികളായി നിത്യം സമാഹിതബുദ്ധികളായിത്തന്നെ വര്‍ത്തിച്ചുകൊണ്ടീടും എന്നറിയുക. അതുകൊണ്ട് സമാഹിത(അടങ്ങിയ)നായവനെന്നും സമാഹിതനല്ലാത്തവനെന്നും വര്‍ദ്ധിച്ചുവരുന്ന വിഭാഗത്താല്‍ മിത്ഥ്യോദിതമായ വാക്പ്രപഞ്ചം നിരൂപിച്ചീടില്‍ എവിടെയാണ്! ‘ ഹേമചൂഡാധിപന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പരിഘന്‍ ആദരവോടെ പറഞ്ഞു, ‘മാനവശ്രേഷ്ഠ! പ്രബൂദ്ധനായി ഭവാന് തല്പ്പദം പ്രാപിച്ചുവെന്നതില്‍ സന്ദേഹമില്ല. അങ്ങയുടെ അന്തഃകരണം കുളിര്‍ത്തിരിക്കുന്നു. അങ്ങ് ഗംഭീരപ്രകടാശയന്‍, നിര്‍മ്മലന്‍, സ്വസ്ഥന്, പരിപൂര്‍ണനായവന്‍, നിര്‍മ്മമന്‍, ഒക്കെയായ അങ്ങ് എങ്ങും വിളങ്ങുന്നു. ഇങ്ങനെ പലവിധമായ വാക്കുകള്‍ ഞാന്‍ വിസ്തരിച്ചു പറയുന്നതെന്തിനാണ്, ചിത്തം കുറച്ചും വിഷയത്തിലിച്ഛയില്ലാത്തതായി, സമരസപ്പെട്ടതായി, അന്തര്‍മുദിതമായി വന്നിതെന്നാകില്‍ ഈ ദൃഷ്ടി ഏകയാകുമെന്നു സംശയമില്ല. ആനന്ദദായിനിയായുള്ളതാകുന്നു ജീവന്മുക്തിയെന്നു ഓര്‍ത്തുകൊള്ളുക.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: