ശിവഗിരി : പ്രശസ്ത സാഹിത്യകാരനും ശ്രീനാരായണ ഗുരുദേവ ദര്‍ശന പ്രചാരകനും ഗുരുദേവ ജീവചരിത്രകാരനുമായ പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്കി ശിവഗിരി മഠം ആദരിച്ചു. 169ാമത് ഗുരുദേവജയന്തി ആഘോഷ സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സാനു മാസ്റ്റര്‍ക്ക് ആദരവ് നല്കി.
മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിക്കാന്‍ ശ്രീനാരായണ ഗുരുദേവന് മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്നും മറ്റൊരു മഹാത്മാവും ഈ വിധം പറഞ്ഞിട്ടില്ലെന്നും ബഹുമതി സ്വീകരിച്ച ശേഷം നടത്തിയ മുഖ്യപ്രഭാഷണത്തില്‍ സാനു മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ജാതി ഭേദവും മതദ്വേഷവുമില്ലാത്ത ലോകം യാഥാര്‍ത്ഥ്യമാകുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജയന്തി സമ്മേളനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ജനതയുടെ ജീവിതം ഏതുവിധമാകണമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് റിയാസ് അഭിപ്രായപ്പെട്ടു. ഗുരുവിന്റെ വാക്കും പ്രവര്‍ത്തിയും മലയാളി സമൂഹത്തില്‍ ആഴ്ന്നിറങ്ങിയതിന്റെ പ്രതിഫലനമാണ് ഇന്നത്തെ കേരളം.നരനും നരനും തമ്മില്‍ സാഹോദര്യത്തോടെ കഴിയണമെന്നുപദേശിച്ച ഗുരുദേവന് ജീവിതത്തിലുടനീളം സാഹോദര്യവും കാരുണ്യവും സ്നേഹവും പകര്‍ന്നു നല്കിയതും മനുഷ്യന്റെ ജാതി, മനുഷ്യത്വം മാത്രമാണെന്നു പ്രഖ്യാപിച്ചതും ഏറെ ചലനങ്ങളുണ്ടാക്കി. താഴ്ന്ന വിഭാഗത്തില്‍ നിന്നും വലിയൊരു ജനതയെ മാനവ സമൂഹത്തിന്റെ മുന്നണിയിലെത്തിക്കുവാന്‍ ഗുരുദേവന് കഴിഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജയന്തി സന്ദേശവും സ്വാമി നല്കി. ലോകത്തൊരിടത്തും ഗുരുദേവനെപ്പോലൊരു മഹാത്മാവിനെ കാണാനാവില്ലെന്ന് വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ രേഖപ്പെടുത്തിയത് ഗുരുവിനെ നേരില്‍ക്കണ്ട ശേഷമായിരുന്നുവെന്നും അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്നാ യിരുന്നു നാട്ടില്‍ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉടലെടുത്തതെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവന് ആഗ്രഹിച്ചത് ക്ഷേത്ര പ്രവേശനം മാത്രമായിരുന്നില്ലെന്നും ക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ ഏവര്‍ക്കും കഴിയണമെന്നുമായിരുന്നു. ശബരിമല അടക്കം ഇന്നും പല ക്ഷേത്രങ്ങളില്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ചില പ്രത്യേക വര്‍ഗങ്ങള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സ്വാമി ചൂണ്ടിക്കാട്ടി. തുല്യമായ നീതി എല്ലാവര്ക്കും എല്ലായിടത്തും ലഭ്യമാകണം തമ്പുരാന് കോട്ടകള്‍ ഇല്ലാതാകണം ശാരദാമഠത്തില്‍ പൂജ ചെയ്ത ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി ഗുരുദേവന് രചിച്ചു നല്കിയ ദൈവദശകം പ്രാര്‍ത്ഥന ദേശീയ പ്രാര്‍ത്ഥനയായി അംഗീകരിക്കണമെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.
സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീശാരദാമഠം ചരിത്രം കെ.ജി ബാബുരാജന് നല്കി ഗോകുലം ഗോപാലന് പ്രകാശനം ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും, പ്രൊഫ. എം.കെ. സാനുവും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. അടൂര്‍ പ്രകാശ് എം.പി., അഡ്വ. വി. ജോയി എം.എല്‍.എ., മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.
പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്കി ശിവഗിരി മഠം ആദരിച്ചു. ജപയജ്ഞം ശ്രീനാരായണ ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ, ഗോകുലം ഗോപാലന്, കെ.ജി. ബാബുരാജന്, മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍ , വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ രാഖി, മുന്‍ മുനിസിപ്പല്‍ ചെയര്മാന് സൂര്യപ്രകാശ് തുടങ്ങിവര്‍ പ്രസംഗിച്ചു. 3 ന് ജയന്തി വിളംബരഘോഷയാത്രയും തുടര്‍ന്ന് ഗുരുദേവറിക്ഷ എഴുന്നളളിച്ച് ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥത്തിന് പഞ്ചവാദ്യം, മുത്തുക്കുടകള്‍, തെയ്യം, ഡാന്‍സുകള്‍, കഥകളി, ഹനുമാന്‍വേഷങ്ങള്‍ എന്നിവ അകമ്പടി സേവിച്ചു. ഗുരുദര്‍ശനം അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഫ്ളോട്ടുകള്‍ അണിനിരന്നു. റെയില്‍വേ സ്റ്റേഷന്, മൈതാനം, ആയൂര്‍വേദാശുപത്രി ജംഗ്ഷന്, പുത്തന്‍ചന്ത, കിടാവത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എന്‍.കോളേജ് എന്നിവിടങ്ങള്‍ പിന്നിട്ട് മഹാസമാധിയില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: