തിരുവനന്തപുരം: അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്ന പെരുമാതുറ മുതലപ്പൊഴിയെ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. കേന്ദ്ര ഫിഷറീസ് വകുപ്പ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മുതലപ്പൊഴി സന്ദര്‍ശിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടു കൂടിയാണ് കേന്ദ്ര മന്ത്രിമാരായ പര്‍ഷോത്തം രൂപാല, വി. മുരളീധരന്, എല്‍. മുരുഗന് എന്നിവര്‍ മുതലപ്പൊഴി സന്ദര്‍ശിച്ചത്. മുതലപ്പൊഴി വിഷയത്തില്‍ സിഡബ്ലിയുആര്സിഎസിന്റെ റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണുള്ളത്. റിപ്പോര്‍ട്ട് വന്നാലുടനെ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് രൂപാല പറഞ്ഞു.
മുതലപ്പൊഴിയില്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രിമാരോട് വിശദീകരണവും നല്കി. ശാശ്വതപരിഹാരം ഇക്കാര്യത്തിലുണ്ടാകുമെന്ന് മന്ത്രി ഉറപ്പും നല്കി. കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ ബോട്ട് മറിഞ്ഞ് ആറ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലുണ്ടായത്.
കേന്ദ്രഫിഷറീസ് വകുപ്പു മായി ബന്ധപ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇതനുസരിച്ച് കേന്ദ്ര വിദഗ്ധ സംഘം മുതലപ്പൊഴിയിലെത്തി വിശദപഠനം നടത്തി അടിയന്തരമായി പൊഴിയില്‍ അടിഞ്ഞുകൂടിയ മണ്ണ് ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യാന്‍ അദാനി ഗ്രൂപ്പിന് ചുമതലയും നല്കി. എന്നാല്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഡ്രഡ്ജിംഗ് നിലച്ചിരിക്കുകയാണ്. ഡ്രഡ്ജിംഗ് നിലച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി. മുരളീധരന് പറഞ്ഞു.
മുതലപ്പൊഴിയിലെ ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് അധികൃതര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത് കാര്യങ്ങള്‍ വേഗത്തിലാക്കാണ്. മഴകാരണമാണ് ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അദാനിഗ്രൂപ്പ് അറിയിച്ചിട്ടും കല്ലും മണലും അടിയന്തരമായി നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത് പ്രശ്നപരിഹാരം വേഗത്തിലാക്കാനെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രിമാരൊപ്പം ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, തുമ്പ ഇടവക വികാരി ഫാദര്‍ ഷാജിന് ജോസ്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാര്‍ക്കര, ജനറല്‍ സെക്രട്ടറി സന്തോഷ് എന്നിവരും മുതലപ്പൊഴി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: