Categories: VicharamSamskriti

ശ്രീ നാരായണഗുരുദേവന്റെ സംന്യാസി ശിഷ്യന്‍മാര്‍

അധ്യാത്മഗുരുവായ സ്വാമി തൃപ്പാദങ്ങളെ ഒരു സാമൂഹിക വിപ്ലകാരിയായും സാമൂഹിക പരിഷ്‌ക്കര്‍ത്താവായും മാത്രം വിലയിരുത്തുന്നത് മഹാത്മാ ഗാന്ധിയെ ഒരു വക്കീലായി മാത്രം ചിത്രീകരിക്കുന്നതുപോലെ അപൂര്‍ണമാണ്. മഹാത്മാഗാന്ധി ഒരു നിയമബിരുദധാരി കൂടിയായിരുന്നുവല്ലൊ.

Published by

ശ്രീ നാരായണ ഗുരുദേവന് മഹാത്മാക്കളും പ്രശസ്തരും അപ്രശസ്തരുമായ ഏതാണ്ട് അറുപതിലധികം സംന്യാസി ശിഷ്യന്മാരുണ്ടായിരുന്നു. അതുപോലെ നാനാ ജാതി മതസ്ഥരായ ലക്ഷക്കണക്കിന് അനുയായികളും ഗൃഹസ്ഥശിഷ്യന്മാരുമുണ്ടായിരുന്നു. ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചപ്പോള്‍ ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ഒന്നായ തിയോസഫിക്കല്‍ സൗസൈറ്റി അതിന്റെ മുഖപത്രമായ ‘സനാതന ധര്‍മ്മം’ മാസികയില്‍ സാര്‍വ്വ ജനീനവും അന്യൂനവുമായ ഇത്രയേറെ അനുയായികളോടു കൂടിയ ഒരു മഹാത്മാവ് അടുത്ത നൂറ്റാണ്ടുകളിലൊന്നും ഭാരതത്തില്‍ ഉണ്ടായിട്ടില്ല(1928 സെപ്റ്റംബറില്‍) എന്ന് മുഖപ്രസംഗമെഴുതിയത് ഗുരുദേവന്റെ ആനുയായികളിലും ശിഷ്യന്മാരിലും ഒരധ്യാത്മതരംഗം തന്നെ സൃഷ്ടിക്കുകയുണ്ടായി. അധ്യാത്മഗുരുവായ സ്വാമി തൃപ്പാദങ്ങളെ ഒരു സാമൂഹിക വിപ്ലകാരിയായും സാമൂഹിക പരിഷ്‌ക്കര്‍ത്താവായും മാത്രം വിലയിരുത്തുന്നത് മഹാത്മാ ഗാന്ധിയെ ഒരു വക്കീലായി മാത്രം ചിത്രീകരിക്കുന്നതുപോലെ അപൂര്‍ണമാണ്. മഹാത്മാഗാന്ധി ഒരു നിയമബിരുദധാരി കൂടിയായിരുന്നുവല്ലൊ.
ഗുരുദേവന്റെ 169ാമത് തിരുജയന്തി ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയില്‍ ഗുരുദേവന്റെ സംന്യാസിശിഷ്യന്മാരെ പരിചയപ്പെടുത്തുവാനാണ് ഈ കുറുപ്പ് എഴുതുന്നത്.
1. ശിവലിംഗദാസ സ്വാമികള്‍
അരുവിപ്പുറത്തിനടുത്ത് മാരായിമുട്ടത്ത് ഒരു യാഥാസ്ഥിതിക നായര്‍ ഭവനത്തില്‍ ജനിച്ച കൊച്ചപ്പിപ്പിള്ള 17ാം വയസ്സില്‍ ശിഷ്യത്വം സ്വീകരിക്കുകയും അവിടുത്തെ പ്രഥമശിഷ്യനായി മാറുകയും ചെയ്തു. നല്ലൊരു കവിയായിരുന്ന സ്വാമികള്‍ കുമാരനാശാന്റെ ആത്മ സുഹൃത്തായിരുന്നു. 1912ല്‍ ശാരദാമഠത്തില്‍ വച്ച് ഗുരുദേവന്‍ അവിടുത്തെ അനന്തരഗാമിയായി നിശ്ചയിച്ച ശിവലിംഗദാസസ്വാമികള്‍ 51ാം വയസ്സില്‍ 1919 ജനുവരി 8ന് സമാധി പൂകി. സ്വാമികളുടെ ശിഷ്യനായി സദ്ഗുരു മലയാള മഹര്‍ഷി ആന്ധ്രയിലെ ഏര്‍പ്പേടില്‍ വ്യാസാശ്രമം സ്ഥാപിച്ച് മഹത്തായ ഗുരുശിഷ്യ പാരസ്പര്യം ഉറപ്പിച്ചു.
2. ഭൈരവന്‍ ശാന്തി സ്വാമികള്‍
ഗുരുദേവനേക്കാള്‍ 18 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്ന ഭൈരവന്‍ ശാന്തി സ്വാമികളെയാണ് അരുവിപ്പുറത്തെ ആദ്യത്തെ വൈദികനായി ഗുരുദേവന്‍ നിയോഗിച്ചത്. അരുവിപ്പുറം കാട്ടില്‍ വച്ച് ഒരു തേജസ്വിയായ യുവാവിനോട് ഗുരുദേവന്‍ സംസാരിക്കുന്നത് ഭൈരവന്‍ കാണുകയും അനുഗ്രഹീതനാവുകയും ചെയ്തു. സുബ്രഹ്മണ്യഭഗവാന്റെ ദര്‍ശനമായിരുന്നു അത്. ഗുരുദേവന്‍ ദീര്‍ഘായുഷ്മാനാവും എന്നനുഗ്രഹിച്ചത് പ്രകാരം 114മത്തെ വയസ്സില്‍ അന്നും അരുവിപ്പുറം ക്ഷേത്രത്തിലെ പൂജകള്‍ നടത്തിയതിനുശേഷം ഭൈരവന്‍ ശാന്തി സ്വാമികള്‍ സമാധിയായി.
3. നിശ്ചലദാസ് സ്വാമികള്‍
ശങ്കരാചാര്യര്‍ക്ക് ഹസ്തമ ലകനെന്നപോലെ ഗുരുദേവന്റെ ശിഷ്യനായിരുന്നു അരുമാനൂര്‍ നാണു എന്ന നിശ്ചലദാസ് സ്വാമികള്‍. അഷ്ടൈശ്വര്യസിദ്ധികള്‍ ഉണ്ടായിരുന്ന സിദ്ധപുരുഷനും കവിയും കാരുണ്യമൂര്‍ത്തിയുമായ സ്വാമികള്‍ വളരെ നേരത്തേയുള്ള പ്രവചനമനുസരിച്ച് 33ാം വയസ്സില്‍ 1910 ജൂലൈ 24ന് സമാധിയായി.
4. സേലം ശാന്തലിംഗസ്വാമികള്‍
ചേര്‍ത്തല സ്വദേശിയായ വേലു അരുവിപ്പുറത്തെത്തുകയും ഗുരുദേവ ശിഷ്യത്വം വരിച്ച് ശാന്തലിംഗ്‌സ്വാമികള്‍ ആവുകയും ചെയ്തു. കൗപീനമാത്രധാരിയായ ഈ അവധൂത സംന്യാസി തിരുവണ്ണാമലയില്‍ രമണമഹര്‍ഷിയോടൊപ്പം തപശ്ചര്യയില്‍ മുഴുകുകയും തമിഴ്‌നാട്ടിലെ സേലത്ത് ആനന്ദാശ്രമം സ്ഥാപിക്കുകയും ചെയ്തു.
5. കൃഷ്ണപിള്ള സ്വാമി
അരുവിപ്പുറത്തിനടുത്ത് ജനിച്ച കൃഷ്ണപിള്ള ഗുരുദേവശിഷ്യത്വം വരിക്കുകയും കൃഷ്ണപിള്ള സ്വാമി എന്ന പേരില്‍ ഒരവധൂത സംന്യാസിയായി മാറുകയും ചെയ്തു. 1905ല്‍ ഈ മഹാത്മാവ് സമാധിപ്രാപിക്കുകയും ചെയ്തു.
6. ശ്രീനാരായണ ചൈതന്യ സ്വാമികള്‍
ചിറയിന്‍കീഴ് സ്വദേശിയായ നാരായണപിള്ള (ജനനം 1877) ആദ്യം ചട്ടമ്പിസ്വാമികളുടെയും ചട്ടിമ്പിസ്വാമികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനം ഇല്ലാതിരുന്നതിനാല്‍, തുടര്‍ന്ന് ചൈതന്യസ്വാമികള്‍ എന്ന പേരില്‍ ഗുരുദേവ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. എസ്എന്‍ഡിപിയോഗം സ്ഥാപിച്ചപ്പോള്‍ അതില്‍ സാക്ഷിയായി ഒപ്പിട്ട ചൈതന്യ സ്വാമികള്‍ ഡോ. പല്‍പ്പു 1904ല്‍ ചെമ്പഴന്തിയില്‍ സ്ഥാപിച്ച പുലയ സ്‌കൂളില്‍ അധ്യാപകനും പിന്നീട് ഗുരുദേവന്റെ പ്രതിപുരുഷനും മുക്ത്യാര്‍ നാമവുമായി സേവനം ചെയ്തു. ആലുവ അദ്വൈതാശ്രമത്തിന്റെ സ്ഥാപക സെക്രട്ടറിയായ സ്വാമികള്‍ ഗുരുപൂജാമന്ത്രം രചിച്ച് ഗുരുദേവനെ വായിച്ച് കേള്‍പ്പിച്ച് പ്രസാധനം ചെയ്തു. ആത്മോപദേശശതകം ഗുരുദേവനാവില്‍ നിന്ന് പകര്‍ത്തിയെടുത്തവരില്‍ ഒരാളായ സ്വാമികള്‍, 1953ല്‍ കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തില്‍ വച്ച് സമാധിയായി.
7. ഗുരുപ്രസാദ് സ്വാമികള്‍
മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പണ്ഡിതനായ ഗുരുപ്രസാദ് സ്വാമികളുടെ സ്വദേശം തലശ്ശേരിയായിരുന്നു. ശ്രീലങ്ക, മംഗലാപുരം, ബോംബെ, ബര്‍മ്മ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ഗുരുദേവ സന്ദേശ പ്രചാരണം നടത്തിയ വാഗ്മിയും സാഹിത്യകാരനുമായിരുന്നു സ്വാമികള്‍. 1962ല്‍ കണ്ണൂരില്‍ വച്ച് സമാധിയായി.
8. ശിവപ്രസാദ് സ്വാമികള്‍
കണ്ണൂര്‍ സ്വദേശിയായ കൃഷ്ണന്‍ , ശിവലിംഗദാസ സ്വാമികള്‍ വഴി ഗുരുദേവ ശിഷ്യത്വം സ്വീകരിച്ച് ശിവപ്രസാദ് സ്വാമികളായി. എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യത്തെ ദേവസ്വം സെക്രട്ടറിയായിരുന്ന സ്വാമികള്‍ കുമാരനാശാന്റെ ആത്മ സുഹൃത്തും ആശാന്റെ നളിനിയിലെ ദിവാകരയോഗിയുമായിരുന്നു. കവിയും ഗ്രന്ഥകര്‍ത്താവും പത്രാധിപരും അതുല്യനായിരുന്ന പ്രഭാഷകനുമായിരുന്ന സ്വാമികള്‍ രചിച്ച സത്യധര്‍മ്മസോപാനം എന്ന ബൃഹത്ഗ്രന്ഥം മലയാളത്തിലുണ്ടായ ആദ്യകാല ഹൈന്ദവപഠനഗ്രന്ഥങ്ങളിലൊന്നാണ്.
9. മാമ്പലം വിദ്യാനന്ദ സ്വാമികള്‍
മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, സിംഹളം എന്നീ എട്ടുഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന ചേര്‍ത്തല സ്വദേശി രാമന്‍കുട്ടി ഗുരുദേവ ശിഷ്യത്വം നേടി വിദ്യാനന്ദ സ്വാമികളായി. ഗുരുദേവന്റെ ദര്‍ശനമാല എന്ന സംസ്‌കൃത കൃതി കേട്ട് എഴുതിയെടുക്കുകയും ദീതിതി എന്ന വ്യാഖ്യാനം എഴുതുകയും ചെയ്തു. സ്വാമികള്‍ തമിഴ്‌നാട്ടിലെ മാമ്പലത്ത് സ്ഥാപിച്ച ആശ്രമവും സൗജന്യ വൈദ്യശാലയും തുടര്‍ന്നുണ്ടായ സീനിയര്‍ സെക്കന്ററി സ്‌കൂളും ഒരു മഹാസ്ഥാപനമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു.
10. ബോധാനന്ദ സ്വാമികള്‍
തൃശൂര്‍ ചിറയ്‌ക്കല്‍ സ്വദേശിയായ വേലായുധന്‍ 18ാം വയസ്സില്‍ ഹിമാലയത്തിലെത്തി തപം ചെയ്യുകയും ശങ്കരാചര്യരുടെ പരമ്പരയില്‍ നിന്ന് സംന്യാസം സ്വീകരിച്ച് ബോധാനന്ദസ്വാമികള്‍ ആയി മാറുകയും ചെയ്തു. ഒരു വിപ്ലവകൊടുങ്കാറ്റായി അയിത്തത്തിനെതിരായി ചീറിയടിച്ച സ്വാമികളുടെ ധര്‍മ്മഭട സംഘം പോലെ ഒരു വിപ്ലവപ്രസ്ഥാനം അതിനുമുമ്പോ അതിനുശേഷമോ കേരളക്കര കണ്ടിട്ടില്ല. കവിയും പത്രാധിപരും അധ്യാത്മനിഷ്ഠനുമായ സ്വാമികള്‍ ശിവലിംഗദാസ സ്വാമികള്‍ക്കുശേഷം അനന്തരഗാമിയായി അവരോധിതനാവുകയും ഗുരുദേവന്റെ മഹാസമാധിയും കഴിഞ്ഞ് നാലാം നാള്‍ വെളുപ്പിന് 3.30ന് സ്വാമി തൃപ്പാദങ്ങള്‍ എന്നെ വിളിക്കുന്നു, എനിക്ക് പോകാന്‍ സമയമായി എന്ന് പറഞ്ഞ് ധ്യാനനിഷ്ഠയില്‍ സമാധിയായി. ശ്രീനാരായണമതം. എന്ന പുതിയ മതസംഘടനയ്‌ക്ക് രൂപം നല്‍കിയ സ്വാമികളുടെ 46ാം വയസ്സില്‍ അകാലത്തിലുള്ള സമാധി കേരളക്കരയെ ആകെ ദുഃഖത്തിലാഴ്‌ത്തി.
11. നരസിംഹസ്വാമികള്‍
കൊച്ചി എളമ്പിക്കര സ്വദേശിയായ കുട്ടി, കുട്ടി ശാന്തിയായും ഗുരുദേവന്റെ സന്തതസഹചാരിയായും ദുര്‍ദേവതാരാധനയെ ഇല്ലായ്മ ചെയ്യാന്‍ ഗുരുദേവന്റെ പ്രതിപുരുഷനായും പ്രവര്‍ത്തിച്ച് ഗുരുദേവ ശിഷ്യത്വം നേടി. ഭ്രാന്ത് അപസ്മാരം തുടങ്ങിയ മാനസിക രോഗങ്ങളെ സാന്നിധ്യംകൊണ്ട് ഇല്ലാതാക്കിയിരുന്ന സിദ്ധപുരുഷനായിരുന്ന നരസിംഹസ്വാമികള്‍ക്ക് സാക്ഷാല്‍ നരസിംഹമൂര്‍ത്തി പ്രത്യക്ഷനായിരുന്നുവത്രേ. സ്വാമികള്‍ . തൃപ്പൂണിത്തുറയില്‍ നരസിംഹാശ്രമം ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനമാണ്.

12. സത്യവ്രതസ്വാമികള്‍
ആലപ്പുഴയിലെ മാമ്പുഴക്കരിയില്‍ ജനിച്ച അയ്യപ്പന്‍പിള്ള എന്ന അധ്യാപകന്‍ ഗുരുദേവനാല്‍ ആകര്‍ഷിക്കപ്പെട്ട് ആലുവ അദൈ്വതാശ്രമത്തില്‍ എത്തി ഗുരുദേവ ശിഷ്യത്വം നേടി. ശ്രീനാരായണ ഗുരുദേവന്റെ വിവേകാനന്ദന്‍ എന്ന് പ്രശസ്തി നേടിയ സത്യവ്രതസ്വാമികള്‍ കേരളം കണ്ട് ഉജ്ജ്വല വാഗ്മിയായിരുന്നു. ആലുവയില്‍ ഗുരുദേവന്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ സ്വാമികളുടെ പ്രഭാഷണങ്ങളില്‍ നിന്നുമാണ് വൈക്കം സത്യാഗ്രഹത്തിനുള്ള ആളും അര്‍ത്ഥവുമുണ്ടായത്. എന്നെ സവര്‍ണജാഥ നയിപ്പിച്ചത് സത്യവ്രതസ്വാമികളാണെന്ന് മന്നത്ത് പത്മനാഭന്‍ രേഖപ്പെടുത്തുന്നു. ടി.കെ. മാധവന്‍, സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സ്വാമികള്‍ ഗുരുദേവന്‍ മഹാസമാധി പ്രാപിക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് 1926ല്‍ 33-ാം വയസ്സില്‍ സമാധി പൂകി. അപ്പോള്‍ ഗുരുദേവന്‍ അരുളി ചെയ്തു:”ജാതിയില്ലായ്മ, ജീവിത വിശുദ്ധി, എന്നിവയില്‍ സത്യവ്രതന്‍ ബുദ്ധനേയും ജയിച്ചയാളാണ്.’

13. ഗേവിന്ദാനന്ദസ്വാമികള്‍
കൊച്ചി മുളവുകാട് സ്വദേശിയായ ഗോവിന്ദന്‍ ബോധാനന്ദസ്വാമികളുടെ ധര്‍മ്മഭട സംഘത്തിലെ അംഗമായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന അദ്ദേഹം ഉദ്യോഗം രാജിവച്ച് ഗുരുദേവശിഷ്യത്വം സ്വീകരിച്ച് ഗോവിന്ദാനന്ദസ്വാമികളായി. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് ശ്രീനാരായണസേവാശ്രമം സ്ഥാപിക്കുകയും ഗുരുദേവ സന്ദേശ പ്രചരണാര്‍ത്ഥം ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ ദേശങ്ങളില്‍ സഞ്ചരിക്കുകയും ഫാദര്‍ ഡാമിയനെപ്പോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ബോധാനന്ദസ്വാമികള്‍ക്കുശേഷം രണ്ടാം മഠാധിപതിയായിത്തീര്‍ന്ന സ്വാമികള്‍ കാഞ്ചീപുരത്ത് സ്ഥാപിച്ച ശ്രീനാരായണ സേവാശ്രമം ആയുര്‍വേദ ആശുപത്രിയില്‍ അണ്ണാദുരൈ, കാമരാജ് തുടങ്ങിയ നേതാക്കന്മാര്‍ പോലും ചികിത്സ നടത്തിയിരുന്നു. രമണ മഹര്‍ഷിക്ക് ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍ നല്‍കിയിരുന്നത് ഈ വൈദ്യശാലയില്‍ നിന്നുമായിരുന്നു.

14. ആത്മാനന്ദസ്വാമികള്‍
ഗണക സമുദായത്തില്‍ ജനിച്ച കേരളം കണ്ട മഹാപണ്ഡിതനായിരുന്ന രാമന്‍ ഗുരുക്കളെ ഗുരുദേവന്‍ ആലുവ സംസ്‌കൃത സ്‌കൂളിലെ ഹെഡ്മാസ്റ്ററായി നിയോഗിച്ചു. എ.ആര്‍. രാജരാജവര്‍മ്മ, മഹാകവി കുമാരനാശാന്‍ തുടങ്ങിയവര്‍ പോലും ആദരിച്ചിരുന്ന ഈ പുണ്യാത്മാവ് ഗുരുദേവനില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് ആത്മാനന്ദസ്വാമികളായി മാറി. ഒരാളുടെ ജനനം മുതല്‍ മരണം വരയെുള്ള മുഴുവന്‍ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഗുരുദേവന്റെ ദിവ്യോപദേശം മനുസ്മൃതിപോലെ ശ്രീനാരായണസ്മൃതിയായി സംസ്‌കൃതത്തിലെഴുതി. നൂറാമത്തെ വയസ്സിലും അരോഗദൃഢഗാത്രനായിരുന്ന സ്വാമികള്‍ 1969-ല്‍ കാഞ്ചീപൂരത്ത് വച്ച് സമാധിയായി.

15. സുഗുണാനന്ദസ്വാമികള്‍
ആലപ്പുഴയില്‍ ധീവര സമുദായ പരിഷ്‌കര്‍ത്താവായിരുന്ന സ്വാമികള്‍ ഭാരതമൊട്ടാകെ പര്യനടനം നടത്തുകയും സുഗുണാനന്ദഗിരിസ്വാമികള്‍ എന്ന പേരില്‍ സംന്യാസം സ്വീകരിക്കുകയും ചെയ്തു. മലയാളം, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ പണ്ഡിതനും സംഗീതജ്ഞനുമായിരുന്ന സ്വാമികളെ സംഗീതസ്വാമികള്‍ എന്നും വിളിച്ചിരുന്നു. ഗുരുദേവനോടൊപ്പം പ്രാക്കുളത്തുവച്ച് രോഗശയ്യയിലായിരുന്ന ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ച് കീര്‍ത്തനങ്ങള്‍ ആലാപനം ചെയ്ത് സന്തോഷിപ്പിച്ച സ്വാമികള്‍ ആദ്യ ശിവഗിരി തീര്‍ത്ഥാടന വേളയിലെ സെക്രട്ടറിയും തുടര്‍ന്ന് ശിവഗിരി മഠാധിപതിയുമായി.

16. അച്യുതാനന്ദസ്വാമികള്‍
ചെറായി സ്വദേശിയും സഹോദരന്‍ അയ്യപ്പന്റെ ബന്ധുവും പല ക്ഷേത്രങ്ങളില്‍ വൈദികനുമായിരുന്ന അച്യുതന്‍ ശാന്തി ഗുരുദേവനില്‍ നിന്നും സംന്യാസം സ്വീകരിച്ച് അച്യുതാനന്ദസ്വാമികളായി. പണ്ഡിതോത്തമനായ സ്വാമികളാണ് ശിവഗിരിയിലെ മൂന്നാമത്തെ മഠാധിപതി.

17. ശങ്കരാനന്ദസ്വാമികള്‍
തൃശൂര്‍ പുതുക്കാട് കോമത്തുകാട്ടില്‍ കുടുംബാംഗമായ ശങ്കരന്‍ ഗുരുദേവനില്‍ നിന്നും സംന്യാസം സ്വീകരിച്ച് ശങ്കരാനന്ദസ്വാമികളായി. ആലുവ അദൈ്വതാശ്രമത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി നസ്തന്ദ്രമായി പ്രവര്‍ത്തിച്ച സ്വാമികള്‍ ശിവഗിരിയിലെ 5-ാമത്തെ മഠാധിപതിയായി. ശിവഗിരി മഹാസമാധി മന്ദിരത്തില്‍ ഗുരുദേവവിഗ്രഹം പ്രതിഷ്ഠിച്ചതും ഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാല ഉദ്ഘാടനം ചെയ്തതും ശങ്കരാനന്ദസ്വാമികളാണ്.

18. ശങ്കരന്‍ പരദേശി സ്വാമികള്‍
ഗുരുദേവന്റെ ആദ്യകാല ശിഷ്യന്മാരില്‍ ഒരാളായിരുന്ന ശങ്കരനെ ഗുരുദേവന്‍ കാശിയില്‍ വിട്ട് പഠിപ്പിക്കുകയും ശങ്കരാനന്ദഗിരിസ്വാമികള്‍ എന്ന പേരില്‍ സംന്യാസദീക്ഷ നല്‍കുകയും ചെയ്തു. ശിവഗിരിയില്‍ വൈദികമഠം സ്ഥാപിച്ച് ഗുരുദേവ കല്‍പ്പനപ്രകാരം വാസനയുള്ളവരെ വൈദികം പഠിപ്പിച്ച് ശാന്തിക്കാരാക്കുകയും ഇന്നു കേരളത്തില്‍ കാണുന്ന മുഴുവന്‍ ശ്രീനാരായണീയ വൈദികരുടെയും ആചാര്യനായി പ്രശോഭിക്കുകയും ചെയ്തു. ശാരദാമഠത്തിലെ ആദ്യ വൈദികനായിരുന്ന സ്വാമികള്‍ കാശിയിലെ വിശ്വവിദ്യാലയത്തിലെ ആചാര്യനായി പ്രശോഭിച്ചു. കാശിയിലെ മണികര്‍ണിയില്‍ വച്ച് സമാധിയായി.

19. ജഗദീശ്വരാനന്ദസ്വാമികള്‍
കോഴിക്കോട് കല്ലായി സ്വദേശിയായിരുന്നു കുമാരന്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ വച്ച് ചൈതന്യസ്വാമികളുടെ ശിഷ്യനാവുകയും ഗുരുദേവ കല്‍പ്പനപ്രകാരം സ്വാമികള്‍ കാശിയില്‍ ്അയച്ച് പഠിപ്പിക്കുകയും ജഗദീശ്വരാനന്ദസ്വാമികള്‍ സംന്യസിക്കുകയും ചെയ്തു. കാശിയിലെ നിരവധി വേദാന്ത പാഠശാലകളില്‍ ആചാര്യനായിരുന്ന സ്വാമികള്‍ കാശിയിലെ ആഗമാനന്ദസ്വാമികളെ വ്യാകരണവും ശങ്കരഭാഷ്യത്തോടുകൂടി വേദാന്തവും പഠിപ്പിച്ചിരുന്നു. മഹാപണ്ഡിതനായിരുന്ന ജഗദീശ്വരാനന്ദസ്വാമികള്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ആവുകയും 1962ല്‍ തൃശൂര്‍ പെരിങ്ങോട്ടുകര ആശ്രമത്തില്‍ വച്ച് സമാധിയാവുകയും ചെയ്തു. ഗുരുദേവ കൃതി ‘മുനിചര്യാ പഞ്ചക’ത്തിന് അഞ്ചു പുസ്തകമായി വ്യാഖ്യാനം എഴുതിയിരുന്നു.

20.അമൃതാനന്ദസ്വാമികള്‍
നമ്പൂതിരി സമുദായത്തില്‍ ജനിച്ച അമൃതാനന്ദസ്വാമികള്‍ വേദവേദാന്താദി ശാസ്ത്രങ്ങളിലും വൈദികത്തിലും മഹാപണ്ഡിതനായിരുന്നു. വടക്കേ ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ഗുരുദേവനക്കുറിച്ച് കേട്ടറിയുകയും ആലുവ അദൈ്വതാശ്രമത്തില്‍ വന്ന് ശങ്കരഭാഷ്യത്തോടുകൂടി പ്രസ്ഥാനത്രയത്തെക്കുറിച്ച് (ഉപനിഷദ്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം) ഗുരുദേവനുമായി വാദപ്രതിവാദത്തിനൊരുങ്ങുകയും അവസാനം ഗുരുപാദങ്ങളില്‍ വീണ് നമസ്‌കരിച്ച് ശിഷ്യപ്പെടുകയുമാണുണ്ടായത്. അമൃതാനന്ദസ്വാമികളുടെ ബന്ധുവായ കൊപ്രത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടും (കോട്ടയം) ഗുരുദേവ ശിഷ്യത്വം സ്വീകരിച്ചിരുന്നു. കോത്തല ശ്രീനാരായണ ദീക്ഷിത സ്വാമി മന്ത്ര പുരശ്ചരണം പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടുകാരുടെ പ്രതിനിധിയായി അന്ന് ഒരു സ്വാമി എത്തുമെന്ന ഗുരുദേവന്റെ പ്രവചനം അനുസരിച്ച് ഗുരുദേവന്റെ മഹാസമാധിക്കുശേഷം ആ ക്രിയ നിര്‍വ്വഹിച്ചുകൊടുത്ത മഹാത്മാവാണ് അമൃതാനന്ദസ്വാമികള്‍. കുന്നംകുളത്ത് പഴഞ്ഞിയില്‍ ബ്രാഹ്മണര്‍ നടത്തിക്കൊണ്ടിരുന്ന ക്ഷേത്രവും സ്വത്തുക്കളും ഗുരുദേവന് സമര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവിടെ നാല്‍പ്പത്തഞ്ചു ദിവസം വൈദിക കര്‍മ്മങ്ങള്‍ നടത്തിയ അമൃതാനന്ദസ്വാമികള്‍ ഗുരുദേവനോടൊപ്പം ശ്രീലങ്കയിലും മറ്റു പല സംസ്ഥാനങ്ങളിലും സന്തത സഹചാരിയായിരുന്നു.

21 കൊച്ചു ഗോവിന്ദാനന്ദസ്വാമികള്‍
തമിഴ്‌നാട്ടിലെ പിള്ളയാര്‍പ്പെട്ടിയില്‍ ശ്രീനാരായണാശ്രമവും വൈദ്യശാലയും സ്ഥാപിച്ച, നായര്‍ സമുദായത്തില്‍ ജനിച്ച കൊച്ചുഗോവിന്ദാനന്ദസ്വാമികള്‍ ഗുരുദേവന്റെ മഹാനായ ശിഷ്യനും വൈദ്യനിപുണനുമായിരുന്നു. തമിഴ്‌നാട്ടില്‍ ഗുരുദേവസന്ദേശം പ്രചരിപ്പിക്കുന്നതില്‍ സുസ്ഥിരമായ പങ്ക് വഹിച്ചിട്ടുണ്ട്.

22. അവനവഞ്ചേരി മാധവാനന്ദസ്വാമികള്‍
‘മാധവന്റെ ഹൃദയം തന്നെ ഗീത. ഗീത തന്നെ മാധവന്റെ ഹൃദയം’ എന്ന് ഗുരുദേവനനുഗ്രഹിച്ച ആറ്റിങ്ങല്‍ സ്വദേശിയായ മാധവന്‍ ഗുരുദേവനില്‍ നിന്ന് സംന്യാസം സ്വീകരിച്ച് മാധവാനന്ദ സ്വാമികള്‍ ആയി. എഴുന്നൂറു പദ്യങ്ങളുള്ള വേദാന്തചിന്താമണി എന്ന ഗ്രന്ഥം രചിച്ച സ്വാമികള്‍ 1916 ല്‍ സമാധിയായപ്പോള്‍ മലയാള സാഹിത്യലോകത്തിന് സംഭവിച്ച തീരാനഷ്ടം എന്നാണ് സാഹിത്യലോകം വിലയിരുത്തിയത്. കുമാരനാശാന്‍ ശാസ്ത്രവിഷയങ്ങള്‍ മാധവാനന്ദ സ്വാമികളുമായി ചര്‍ച്ച ചെയ്യുമായിരുന്നു.

23. സ്വാമി ഏണസ്റ്റ് കെര്‍ക്ക്
ഗുരുദേവന്റെ വിദേശ ശിഷ്യനായിരുന്ന കെര്‍ക്ക്‌സായ്പ് ബേലൂര്‍ മഠത്തിലും ബോംബെയിലെ ജ്ഞാനാനന്ദാശ്രമത്തിലും തിരുവണ്ണാമലയില്‍ രമണമര്‍ഷിയോടൊപ്പവും താമസിച്ച് ഗുരുദേവനെക്കുറിച്ച് കേട്ടറി ഞ്ഞ് ശിവഗിരിയില്‍ എത്തി ഗുരുദേവശിഷ്യത്വം സ്വീകരിച്ച മഹാനാണ്. സ്വാമി ഏണസ്റ്റ് കെര്‍ക്ക് എന്ന പേരില്‍ ഗുരുദേവന്‍ ഇദ്ദേഹത്തിന് സംന്യാസ ദീക്ഷയായി നല്‍കിയത് ഒരു ജോഡി ഷൂസും പാന്റ്‌സും കോട്ടും ടൈയും ആയിരുന്നു. കോയമ്പത്തൂരില്‍ ‘ദി ലൈഫ്’ എന്ന പേരില്‍ ഇംഗ്ലീഷ് മാഗസിന്‍ നടത്തിയിരുന്ന ഈ യൂറോപ്യന്‍ ശിഷ്യന് ഗുരുദേവന്‍ ഏകലോക വ്യവസ്ഥയുടെ മഹാപ്രവാചകനായിരുന്നു. 1952 ലാണ് സമാധി.

24: ശ്രീനാരായണതീര്‍ത്ഥസ്വാമികള്‍
കൊല്ലം പരവൂര്‍ സ്വദേശിയായ നാരായണന്‍ 9-ാം വയസ്സില്‍ ഗുരുദേവനോടൊപ്പം ചേരുകയും 18-ാം വയസ്സില്‍ ശ്രീനാരായണദാസ് എന്ന ബ്രഹ്മചാരിയായും 1925 ല്‍ ശ്രീനാരായണ തീര്‍ത്ഥസ്വാമികളായും സംന്യാസം സ്വീകരിക്കുകയും ചെയ്തു. സ്വാമികള്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ തിരുവിതാംകൂര്‍ മഹാജനസഭ എന്ന സംഘടനയുടെ 64 ശാഖകള്‍ എസ്എന്‍ഡിപി യോഗത്തില്‍ ലയിപ്പിച്ച് ടി.കെ.മാധവന്‍ വഴി 108 ശാഖകള്‍ സ്ഥാപിച്ച് ഗുരുദേവന്റെ തൃക്കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുവാന്‍ അവസരം ഉണ്ടായ കര്‍മ്മപടുവാണ്. ശിവഗിരി മഹാസാധിമന്ദിരം പടുത്തുയര്‍ത്തുവാന്‍ നിസ്തുല പങ്കുവഹിച്ച സ്വാമികള്‍ ശിവഗിരിമഠത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കവിയും പത്രാധിപരും സാഹിത്യവിശാരദനുമായ സ്വാമികള്‍ 1966 ല്‍ ശിവഗിരിയില്‍ വച്ച് സമാധിയായി.

25: നടരാജഗുരു
1895ല്‍ ഡോ.പല്‍പ്പുവിന്റെ മകനായി ജനിച്ച നടരാജന്‍ പ്രശസ്തമായ നിലയില്‍ എംഎ പാസാവുകയും ഗുരുദേവ ശിഷ്യത്വം വരിച്ച് 1923 ല്‍ തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ശ്രീനാരായണഗുരുകുലം സ്ഥാപിക്കുകയും ചെയ്തു. ഗുരുദേവന്‍ വിദേശത്തുവിട്ട് പഠിപ്പിച്ച നടരാജന്‍ പിന്നീട് നടരാജഗുരുവായി മാറുകയും ഗുരുദേവകൃതികള്‍ക്ക് ആധുനിക ഭാഷ്യം ചമയ്‌ക്കുകയും ചെയ്തു. രാജ്യമെമ്പാടുമായി നിരവധി നാരായണഗുരുകുലങ്ങള്‍ സ്ഥാപിച്ച ഈ വിദ്യാഭ്യാസ വിചക്ഷണന്‍ ഗുരുദേവ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഏകലോക ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. 1973 ല്‍ വര്‍ക്കലയില്‍ വച്ച് സമാധിയായി.

26: രാമാനന്ദസ്വാമികള്‍
തൃശൂരിലെ തച്ചപ്പള്ളി കുടുംബത്തില്‍ ജനിച്ച രാമന്‍, ശിവലിംഗസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ച് സംസ്‌കൃതം, തമിഴ്, സിദ്ധവൈദ്യം തുടങ്ങിയ വിഷയങ്ങളില്‍ പാണ്ഡിത്യം വരിച്ച് ഉപരിപഠനം നടത്തുകയും രാമാനന്ദ സ്വാമികള്‍ എന്ന പേരില്‍ സംന്യസിക്കുകയും ചെയ്തു. സ്വാമികളുടെ ശിഷ്യനായ സി.ആര്‍.കേശവന്‍ വൈദ്യര്‍ക്ക് നല്‍കിയ ഉപദേശപ്രകാരമാണ് പ്രസിദ്ധമായ ചന്ദ്രികാ സോപ്പിന്റെ ആരംഭം. 1958 ല്‍ തൃശൂരില്‍വച്ച് സമാധിയായി.

27: ധര്‍മ്മതീര്‍ത്ഥസ്വാമികള്‍
ഹൈക്കോടതി വക്കീലായിരുന്ന സി.പരമേശ്വരമേനോന്‍ ആദ്യം ബോധാനന്ദ സ്വാമികളുടെ ശിഷ്യനാകുകയും തുടര്‍ന്ന് ഗുരുദേവനില്‍ നിന്ന് സംന്യാസം സ്വീകരിച്ച് ധര്‍മ്മതീര്‍ത്ഥസ്വാമികളാകുകയും ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായ സ്വാമികളാണ് ഇംഗ്ലീഷില്‍ ആദ്യമായി ഗുരുദേവ ജീവിത ചരിത്രം രചിച്ചത്. ചെമ്പഴന്തിയില്‍ ഗുരുദേവന്‍ ജനിച്ച ഗൃഹവും സ്വത്തുക്കളും ശിവഗിരി മഠത്തിന്റെ ഭാഗമാക്കുന്നതിനും ഗുരുദേവ കൃതികളും സംഭാഷണങ്ങളും സമാഹരിക്കുന്നതിനും സ്വാമികള്‍ മുഖ്യപങ്കുവഹിച്ചു. ഗുരുദേവ ദര്‍ശനം ഡോ. അംബേദ്കര്‍ക്ക് പകര്‍ന്നുനല്‍കി ഇന്ത്യന്‍ ഭരണഘടനയില്‍ ഗുരുദര്‍ശനത്തിന്റെ സ്വാധീനം സൃഷ്ടിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സ്വാമികള്‍ 1976 ജൂലൈ18 ന് സമാധിയായി.

28: ആനന്ദതീര്‍ത്ഥസ്വാമികള്‍
1904 ജനുവരി 2ന് തലശേരിയില്‍ സാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആനന്ദഷേണായി ഫസ്റ്റ് ക്ലാസോടുകൂടി എംഎ പാസാവുകയും ആദ്യം മഹാത്മാഗാന്ധിയുടേയും രാജാജിയുടെയും ശിഷ്യത്വം സ്വീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീനാരായണ ഗുരുദേവന്‍ ജാതി വ്യത്യാസം ഇല്ലാതാക്കാന്‍ വന്ന അവതാരപുരുഷന്‍ എന്നു വിശ്വസിച്ച് തൃപ്പാദങ്ങളുടെ അവസാന സംന്യാസ ശിഷ്യനായി സ്വാമി ആനന്ദതീര്‍ത്ഥനായി മാറി. ‘ഹരിജന സേന നവയുഗ ധര്‍മ്മം’ എന്ന മുദ്രാവാക്യം മുഴക്കി ഹരിജനങ്ങളെ ഉദ്ധരിച്ചതിന്റെ പേരില്‍ മന്ത്രി ജി.രാമചന്ദ്രന്‍ നോബല്‍ സമ്മാന സമ്മാന കമ്മിറ്റിക്കു കത്തെഴുതി, സ്വാമിക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന്. ഗുരുവായൂരില്‍ ബ്രാഹ്മണസദ്യ നിര്‍ത്തലാക്കി സര്‍വര്‍ക്കും പന്തിഭോജനം ലഭ്യമാക്കിയ സ്വാമികള്‍ 1987 നവംബര്‍ 21 ന് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ വച്ച് സമാധിയായി.

29: ഷണ്മുഖസ്വാമികള്‍
അമ്മമാരോട് ബി.എക്കാരെ പ്രസവിക്കുക എന്നുപദേശിച്ചുകൊണ്ടിരുന്ന വൈദികാചാര്യനും സുബ്രഹ്മണ്യ ഉപാസകനുമായിരുന്ന പപ്പുശാന്തി ഗുരുദേവനില്‍ നിന്ന് സംന്യസിച്ച് സ്വാമി ഷണ്മുഖദാസായി മാറി. ചവറ ഗുഹാനന്ദപുരത്ത് ആശ്രമവും സംസ്‌കൃത സ്‌കൂളും സ്ഥാപിച്ച സ്വാമികള്‍ക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ടായിരുന്നു.

30: ബാവാഭാരതി സ്വാമികള്‍
കൊച്ചി സ്വദേശിയായിരുന്ന സ്വാമികള്‍ സംസ്‌കൃത പണ്ഡിതനും വൈദിക ആചാര്യനുമായിരുന്നു. വലിയൊരു ശിഷ്യസമ്പത്തുണ്ടായിരുന്ന സ്വാമികള്‍ ഗുരുദേവന്റെ വൈദിക സമ്പ്രദായം നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും നിര്‍ണായക പങ്കുവഹിച്ചു.
മറവൂര്‍ ഭാസ്‌കരന്‍ നായര്‍-ഭാസ്‌കരാനന്ദസ്വാമി, വലപ്പാട് ഉണ്ണിപ്പാറന്‍ വൈദ്യന്‍ – കഴമ്പ്രം സച്ചിദാനന്ദസ്വാമി, സ്വാമി ആത്മറാം (സംസ്‌കൃത പണ്ഡിതനും ബ്രഹ്മണസമുദായാംഗം) രാമസ്വാമി കൊല്ലം, കൃഷ്ണാനന്ദസ്വാമി (പെരുങ്ങോട്ടുകര) മലയാളമഹര്‍ഷി(ആന്ധ്രയില്‍ ഗുരുദേവനെപ്പോലെ അറിയപ്പെടുന്നു.). ഹനുമാന്‍ ഗിരിസ്വാമി (മധുരയില്‍ ശ്രീനാരായണാശ്രമം) ശാന്തലിംഗസ്വാമി തിരുപുറം കുന്ധ്രം, ശാന്തലിംഗമഠം (തമിഴ് വംശജന്‍), സച്ചിദാനന്ദസ്വാമി (ശിവിഗിരി) നിര്‍മ്മലാനന്ദ സ്വാമി (ശിവിഗിരി), നീലമ്പി സ്വാമി (തൃശൂര്‍), ജലശ്ശായി സ്വാമി (തൃശൂര്‍), രാമാനന്ദസ്വാമി (മാമ്പലം), കൊച്ചുനാരായണസ്വാമി (പറവൂര്‍), മുനിവരസ്വാമി കാഞ്ചിപുരം (സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പൂര്‍ണാനന്ദസ്വാമി (ശിവഗിരി ഖജാന്‍ജി), കുമാരാനന്ദസ്വാമി (ശിവഗിരിമഠം പ്രസിഡന്റ്), മാധവാനന്ദസ്വാമി (ശിവഗിരിമഠം പ്രസിഡന്റ്), കേശവന്‍ വേദാന്തി (പരവൂര്‍), കുമാരസ്വാമി സംന്യാസി (നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്), മണമ്പൂര്‍ ഗോവിന്ദനാശാന്‍ (നൈഷ്ഠിക ബ്രഹ്മചാരി: യോഗി), പി.കെ.ഭാനു, ധര്‍മ്മാനന്ദജി (ഗുരുദേവ ജീവിത ചരിത്രകാരന്‍), ശാരദാപ്രസാദ് സ്വാമികള്‍ (കൃഷ്ണന്‍), പരമാനന്ദസ്വാമി ശിവഗിരി, സദാശിവ സ്വാമി ആലുവ (മട്ടാഞ്ചേരി), ശ്രീധരയോഗി (ചെങ്ങന്നൂര്‍), ഖാദര്‍ (സ്‌കന്ദസ്വാമി, സിലോണ്‍), കോത്തല സൂര്യനാരായണ ദീക്ഷിതര്‍, സ്വാമി ധര്‍മാനന്ദജീ തുടങ്ങി അറുപതിലധികം സംന്യാസി ശിഷ്യന്മാര്‍ ശ്രീനാരായണ ഗുരുദേവനുണ്ടായിരുന്നു. അവരെല്ലാം ഗുരുദേവനില്‍ വിലയം പ്രാപിച്ച് ജീവിച്ചതിനാല്‍ അവരില്‍ പലരേയും ലോകം അറിയാതെ പോയി. എല്ലാ സമുദായങ്ങളിലും പെട്ടവരായിരുന്നു ഈ ശിഷ്യന്മാര്‍.
ഒരു സമുദായത്തിനുവേണ്ടിയല്ല, സര്‍വ്വ സമുദായങ്ങളുടെയും മനുഷ്യരാശിയുടെയും പുരോഗതിക്കുവേണ്ടിയാണ് ഗുരുദേവന്‍ നിലകൊണ്ടത്. വടക്കേ ഇന്ത്യയില്‍ വിവേകാനന്ദസ്വാമി എന്നതുപോലെ തെക്കേ ഇന്ത്യയില്‍ സനാതനധര്‍മത്തിന് പുരോഗതി സംലബ്ധമായത് ഗുരുദേവനിലൂടെയാണ്. മതപരിവര്‍ത്തനത്തിന് ഗുരു എതിരായിരുന്നു. അഥവാ ആര്‍ക്കെങ്കിലും മതപരിവര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നുള്ള സനാതനധര്‍മ്മത്തിലൂടെയാകട്ടെ എന്ന് പള്ളാത്തുരുത്തി എസ്എന്‍ഡിപി യോഗ വാര്‍ഷികത്തില്‍ ഗുരു പ്രഖ്യാപിച്ചിട്ടുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണ് ഗുരുദര്‍ശനം. 169-ാമത് ഗുരു ജയന്തിവേളയില്‍ ഗുരുദേവന്റെ അദ്ധ്യാത്മഭാവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by