പാചകവാതകത്തിന്റെ വില വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം അങ്ങേയറ്റം സ്വാഗതാര്‍ഹവും ജനോപകാരപ്രദവുമാണ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില 200 രൂപയാണ് കുറച്ചിരിക്കുന്നത്. 1100 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടര്‍ ഇനി 910 രൂപയ്ക്കും ലഭിക്കുമെന്നതാണ് നേട്ടം. പ്രധാനമന്ത്രി ഉജ്വലയോജന പ്രകാരം ലഭിക്കുന്ന സിലിണ്ടറിന് 400 രൂപയും കുത്തനെ കുറച്ചിരിക്കുകയാണ്. വാണിജ്യ പാചകവാതക സിലണ്ടറിന്റെ വില കഴിഞ്ഞവര്‍ഷം ജൂണില്‍ 135 രൂപ കുറച്ചിരുന്നു. 2355 രൂപയായിരുന്നത് 2219 രൂപയായാണ് കുറച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് വില കുറച്ചിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഉജ്വലയോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 200 രൂപ സബ്സിഡിയായി ബാങ്കുവഴി അനുവദിക്കുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ചാണ് ഈ സിലിണ്ടറിന്റെ വില ഇപ്പോള്‍ 400 രൂപ കുറച്ചിരിക്കുന്നത്. രാജ്യത്തെ പത്ത് കോടിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 200 രൂപ കുറച്ചത് മധ്യവര്‍ഗക്കാരുടെ ജീവിത ചെലവ് കുറയ്ക്കും. അടുക്കളയില്‍ പുകശ്വസിച്ചും മറ്റുമുണ്ടാകുന്ന രോഗങ്ങളില്‍നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഉജ്വലയോജന. അടുക്കള കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വമുള്ള സ്ത്രീകളെ സംബന്ധിച്ച് പാചകവാതകത്തിന്റെ വില കുത്തനെ കുറച്ചത് അവര്‍ക്ക് വലിയ സഹായമായിരിക്കുമെന്നതില്‍ സംശയമില്ല. കേരളംപോലെയുള്ള ഉപഭോക്തൃ സംസ്ഥാനത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ഇരുകയ്യും നീട്ടി സ്വീകരിക്കും. മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി ഇതിനെ കണക്കാക്കാം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല ഇതെന്നു പറഞ്ഞുകൊണ്ടാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പാചകവാതക സിലിണ്ടറിന്റെ വിലകുറച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസ്സോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുമെന്നുറപ്പാണ്. ഇക്കാര്യം അറിയാമെന്നതുകൊണ്ടാണ് ഇത് തെരഞ്ഞെടുപ്പു പ്രഖ്യാപനമല്ലെന്നു അനുരാഗ് ഠാക്കൂര്‍ പറയാന്‍ കാരണം. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനാണ് പാചക വാതക വില കുറച്ചതെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ജനോപകാരപ്രദമായ ഈ നടപടിയെ സ്വാഗതം ചെയ്യാനാവാത്തതുകൊണ്ടും, മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടുമാത്രമാണ് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ പേടിക്കേണ്ട യാതൊരു സാഹചര്യവും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയെങ്കിലും യോഗങ്ങള്‍ ചേരുന്നത് കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ല. പ്രതിപക്ഷ ഐക്യ ശ്രമം തുടങ്ങിയതോടെ പല പാര്‍ട്ടികളും നേതാക്കളും എന്‍ഡിഎയ്ക്കൊപ്പം വന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപി, ബിജെപി ഉള്‍പ്പെടുന്ന മുന്നണിയിലേക്ക് വരികയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തിരിക്കുകയാണല്ലോ. യാഥാര്‍ത്ഥ്യം എന്താണെന്ന് നന്നായി അറിയാവുന്ന ശരദ് പവാറും ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് കരുതാം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇപ്പോള്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്ക്കുന്ന പലരും മറുകണ്ടം ചാടുമെന്ന് ഉറപ്പിക്കാം.
ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് കോണ്‍ഗ്രസ്സും മറ്റും കണക്കുകൂട്ടുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന്റെയും മറ്റും ഫലമായി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രഖ്യാപിച്ച സൗജന്യങ്ങളാണ് വോട്ടായി മാറിയതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ചില മാധ്യമങ്ങളും ഇങ്ങനെ പ്രചരിപ്പിക്കുകയുണ്ടായി. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഭരണം ലഭിച്ച കര്‍ണാടകയില്‍ ഈ സൗജന്യവാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ണുതുറന്നു കാണേണ്ടതുണ്ട്. വാഗ്ദാനം ചെയ്ത പലതിനെക്കുറിച്ചും കോണ്‍ഗ്രസ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സൗജന്യങ്ങള്‍ അനുവദിക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തുമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ല. ചില സൗജന്യങ്ങള്‍ നല്കാന് പണം കണ്ടെത്താനാവാതെ സര്‍ക്കാര്‍ വലയുകയാണ്. ഇതിനായി അധികനികുതി ചുമത്താനുള്ള ശ്രമം തിരിച്ചടിയാവും. സൗജന്യവൈദ്യുതി വാഗ്ദാനം ചെയ്തശേഷം വീടുകളില്‍ പണംപിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനങ്ങള്‍ തല്ലിയോടിക്കുകയാണ്. തങ്ങള്‍ വാഗ്ദാനം നല്‍കുക മാത്രം ചെയ്യുന്ന കാര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നു എന്നതാണ് പ്രതിപക്ഷത്തെ രോഷംകൊള്ളിക്കുന്നത്. ഇങ്ങനെയായാല്‍ തങ്ങള്‍ക്ക് എങ്ങനെ ജനങ്ങളെ സമീപിക്കാനാവുമെന്നതാണ് പ്രതിപക്ഷത്തെ അലട്ടുന്നത്. സല്‍ഭരണത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: