തൃശൂര്‍: ചന്ദ്രയാന്‍ ദൗത്യം നിര്‍ണായക കാല്‍വയ്പ്പ് നടത്തിയപ്പോള്‍ കേരളത്തിനും അഅഭിമാനിക്കാനേറെ. തൃശൂരിലെ കോണത്തുകുന്ന് ഗ്രാമത്തിലെ വജ്ര റബ്ബേഴ്സ് ചന്ദ്രയാന്‍-3 ദൗത്യത്തിലേക്ക് നല്കിയ സംഭാവന ശ്രദ്ധേയമായി. ചന്ദ്രയാന്‍-3 ദൗത്യത്തില്‍ വജ്രയുടെ പങ്കാളിത്തം പുറമേക്ക് ദൃശ്യമല്ലെങ്കിലും തിരശീലക്ക് പിന്നില്‍ അതീവ നിര്‍ണായകമായിരുന്നു. പ്രഗത്ഭരായ എഞ്ചിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു സംഘം ചന്ദ്രയാന്‍ മിഷന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ക്കായി നിര്‍ണായക ഘടകങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിര്‍മിക്കുന്നതിനും അശ്രാന്തം പ്രവര്‍ത്തിച്ചു. ബഹിരാകാശ പേടകത്തിന്റെ സഞ്ചാരപഥവും തന്ത്രങ്ങളും സമാനതകളില്ലാത്ത കൃത്യതയോടെ നിര്‍വ്വഹിക്കപ്പെട്ടത് ഇവരുടെയും സമാനതകളില്ലാത്ത പരിശ്രമങ്ങളിലൂടെയാണ്. വജ്രയുടെ ഒരു അത്യാധുനിക പ്രൊപ്പല്‍ഷന്‍ സിസ്റ്റം – ത്രസ്റ്റ് വെക്റ്റര്‍ കണ്ട്രോള് ഫ്ളെക്സ് സീല്‍ വികസിപ്പിച്ചെടുത്തതാണ് ദൗത്യത്തിലെ പ്രധാന നേട്ടമായത്. ബഹിരാകാശ പേടകത്തെ അതിന്റെ സങ്കീര്‍ണമായ പാതയിലൂടെ നയിക്കുന്നതില്‍ ഈ സംവിധാനം നിര്‍ണായക പങ്ക് വഹിച്ചു, ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താനും സൂക്ഷ്മമായി ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍ നടപ്പിലാക്കാനും അത് പ്രാപ്തമാക്കി.
വജ്ര എംഡി പി.എസ്. സചീന്ദ്രനാഥിന്റെ നിശ്ചയദാര്‍ഢ്യവും ദീര്‍ഘവീക്ഷണവുമാണ് റബ്ബര്‍ ഫ്ളിപ്പ് ഫ്േളാപ്പുകള് നിര്‍മിക്കുന്നത് മുതല്‍ നൂതന റോക്കറ്റുകളിലേക്ക് കടക്കുന്നത് വരെ വജ്രക്ക് സാധ്യമാക്കിയത്. റോക്കറ്റ് സയന്‍സിന്റെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യാനുള്ള അന്വേഷണത്തിലാണ് കമ്പനി. ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് വജ്രയെ അഭിനന്ദിച്ചു. ‘ഐഎസ്ആര്‍ഒയെ വലിയ ഉയരങ്ങളിലെത്തിച്ച ഇന്ത്യയിലെ അതുല്യ കമ്പനികളിലൊന്നാണ് വജ്ര.’ യെന്നും വിക്ഷേപണ വാഹനങ്ങളിലെ ഐഎസ്ആര്‍ഒയുടെ തദ്ദേശീയ ശ്രമങ്ങള്‍ക്ക് അവര്‍ നല്കിയ സംഭാവനകളില്‍ ഒന്ന് മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ ഫലപ്രദമായ സഹകരണത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകളില്‍ 1992-ല്‍ ഹീറ്റ് ഷീല്‍ഡിന്റെ വികസനം, 2008 ലെ ചന്ദ്രയാന്‍-I ദൗത്യത്തിലെ പങ്കാളിത്തം, 2013-ല്‍ മംഗള്യാനിലേക്കുള്ള സംഭാവനകള്‍ എന്നിവ ഉള്‍പ്പെടുന്നു. റബ്ബര്‍ സാങ്കേതികവിദ്യയില്‍ വജ്രയുടെ വൈദഗ്ദ്ധ്യം എയ്റോസ്പേസിനും അപ്പുറമാണ്; നാവിക പ്ലാറ്റ്ഫോമുകള്, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍, കൂടാതെ ഇന്ത്യയുടെ ആദ്യത്തെ ആണവോര്‍ജ അന്തര്‍വാഹിനിയായ അരിഹന്തിന്റെ നിര്‍ണായക ഘടകങ്ങള്‍ എന്നിവക്കായുള്ള വിലകൂടിയ നിരവധി ഘടകങ്ങള്‍ തദ്ദേശീയമാക്കുന്നതിലൂടെ കമ്പനി ഇന്ത്യയുടെ പ്രതിരോധ മേഖലയിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എംഡി പി.എസ്. സചീന്ദ്രനാഥിനെ കുടാതെ എക്സി. ഡയറക്ടര്‍ ജി. ശബരീനാഥ്, ഡയറക്ടര്‍മാരായ കണ്ണന് പി.എസ്., പ്രശാന്ത് പി.എസ്. എന്നിവരുടെ നിതാന്ത പരിശ്രമവും ഉജ്വല നേട്ടങ്ങള്‍ക്കു പിന്നിലുണ്ട്.
വജ്ര റബ്ബേഴ്സ് നിര്‍മിച്ച ത്രസ്റ്റ് വെക്റ്റര്‍ കണ്ട്രോള് ഫ്ളെക്സ്
സീല്‍ ഐഎസ്ആര്‍ഒയില്‍ എത്തിച്ചപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: