തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീന് വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നില്‍ ഹാജരാകാനാവില്ലെന്ന് അറിയിച്ചു. തുടര്‍ച്ചയായ അവധി കാരണം പത്തു വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഇ മെയിലിലൂടെ ഇ ഡിയെ അറിയിച്ചു. രേഖകള്‍ ലഭിച്ച ശേഷം മറ്റൊരു ദിവസം ഹാജരാകാമെന്നും മൊയ്തീന് അറിയിച്ചു.
ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശൂരിലെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. 22 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷമാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-2018 കാലത്ത് അനധികൃതമായി വായ്പ നല്കി തട്ടിച്ചെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് ആരോപണം ഇക്കാലത്ത് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീന് ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്.
അതിനിടെ എ.സി. മൊയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന അനില്‍ സേഠ് ഇന്ന് ഇ.ഡി.യുടെ മുന്നില്‍ ഹാജരായി. ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മിഷന് ഏജന്റ് പി.പി..കിരണ്‍ എന്നിവരും ഇ.ഡിക്ക് മുന്നില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: