മണര്‍കാട് (കോട്ടയം): മലയാളികളുടെ ഓണം പിണറായി സര്‍ക്കാര്‍ കുളമാക്കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. ഇത്തവണ കേരളീയര്‍ ഓണം ആഘോഷിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതുപോലെ ജനങ്ങള്‍ കഷ്ടപ്പാടിലായ മറ്റൊരു ഓണക്കാലം ഉണ്ടായിട്ടില്ലെന്നും കോട്ടയം മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും കച്ചവടക്കാരും വലിയ പ്രതിസന്ധിയിലാണ്. മാസാവസാനമാണ് ഓണം വരുന്നതെങ്കില്‍ അഡ്വാന്‍സായി ശമ്പളവും പെന്‍ഷനും കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുത്തില്ല. കിറ്റ് വിതരണം അവതാളത്തിലാകാന്‍ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. ആകെ ആറുലക്ഷം പേര്‍ക്ക് മാത്രം കൊടുക്കുന്ന കിറ്റ് ഉത്രാട ദിവസം വിതരണം ചെയ്യാന്‍ ശ്രമിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പാവപ്പെട്ടവര്‍ക്ക് ഓണത്തിന് കിറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം. വിലക്കയറ്റം നേരിടാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ലാത്ത അവസ്ഥയാണുള്ളത്.
അയ്യങ്കാളി ജയന്തി ആഘോഷിക്കാനുള്ള അര്‍ഹത സംസ്ഥാന സര്‍ക്കാരിനില്ല. അദ്ദേഹത്തെ അപമാനിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണ്. ബിജെപിയും പട്ടികജാതി മോര്‍ച്ചയും പ്രതികള്‍ക്കെതിരെ കേസ് കൊടുത്തിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. അയങ്കാളിയെ അപമാനിച്ചവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. അല്ലാത്ത പക്ഷം ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: