Categories: KeralaNews

ഏറ്റെടുത്ത നെല്ലിന് പണമില്ല; ഉത്രാട ദിനത്തില്‍ ഉപവസിച്ച് അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍

Published by

തിരുവനന്തപുരം: സപ്ലെകോ എടുത്ത നെല്ലിന്റെ പണം പൂര്‍ണ്ണമായും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്രാടദിനത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിച്ച് കര്‍ഷകര്‍. അപ്പര്‍കുട്ടനാട് സ്വതന്ത്ര നെല്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നെല്‍ കര്‍ഷകര്‍ പാളത്തൊപ്പി ധരിച്ച് രാവിലെ ഒമ്പതു മുതല്‍ ഉപവാസം അനുഷ്ഠിച്ചത്.
ചിങ്ങം ഒന്നിന് മുമ്പായി പണം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും അത് പാലിക്കാത്തിനാല്‍ അപ്പര്‍കുട്ടനാട് മേഖലയില്‍ കര്‍ഷകദിനം പുര്‍ണ്ണമായും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഓണത്തിന് മുമ്പ് എല്ലാ കര്‍ഷകര്‍ക്കും അക്കൗണ്ടില്‍ പണം ലഭിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും 28.50 ശതമാനം തുകമാത്രമാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമായത്. ഉത്രാട ദിനത്തിന് മുന്‍പ് മുഴുവന്‍ കര്‍ഷകര്‍ക്കും വില നല്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും അതും ലഭിച്ചില്ല. ഇതോടെയാണ് കര്‍ഷകര്‍ ഉപവാസ സമരത്തിലേക്ക് നീങ്ങിയത്.
ഉപവാസ സമരം കര്‍ഷക കൂട്ടായ്മ വൈസ് പ്രസിഡന്റ് ഗോപന്‍ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷനായി. സംസ്ഥാന നെല്‍ക്കര്‍ഷക കൂട്ടായ്മയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.ആര്‍. സതീഷ്, ട്രഷറര്‍ റ്റിറ്റോ, സാം വര്‍ഗീസ്, വിജയന്‍ വേലു തുടങ്ങിയവര്‍ സംസാരിച്ചു. അടുത്തദിവസങ്ങളിലും പണം കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷക കൂട്ടായ്മയുടെ തീരുമാനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by