ഭവനനിര്‍മാണത്തിനായി കിട്ടുന്ന ഭൂമിയില്‍ കാണുന്ന പുറ്റുകള്‍, പാമ്പിന്‍മാളങ്ങള്‍, പെരുച്ചാഴിമാളം ഇങ്ങനെയുള്ളവ വെട്ടി ഇളക്കി ആവശ്യമായ മാറ്റം വരുത്തണം. ദുര്‍ഗന്ധമുള്ള മണ്ണ്, പണ്ടു കുഴിച്ചിട്ട ഭസ്മം, കുടുക്കകള്‍, ഉമി, തലനാര്, പുഴുക്കള്‍ വമിക്കുന്ന പോടുകള്‍, പഴയ മരം മുറിച്ച കുറ്റികള്‍, ഉമി, മറ്റുതരം മാലിന്യങ്ങള്‍ എന്നിവ ഭവനം നില്‍ക്കേണ്ട മണ്ണില്‍നിന്നു മാന്തിയെടുത്തു മാറ്റണം. എന്നിട്ട് ഉറപ്പുള്ള നല്ല മണ്ണുകൊണ്ട് നിറയ്‌ക്കണം.
അസ്ഥിഖണ്ഡങ്ങള്‍, കുഴിമാടം
ഭൂമിയില്‍ അസ്ഥിക്കഷണങ്ങള്‍, മുന്‍കാലത്ത് അടക്കം ചെയ്തവരുടെ കല്ലറകള്‍ എന്നിവ കണ്ടാല്‍ അവയെ പൂര്‍ണമായി നീക്കം ചെയ്‌ശേഷം ഭൂമി ശുദ്ധീകരണം ചെയ്ത് നല്ല മണ്ണ് നിറയ്‌ക്കാം. അസ്ഥിഖണ്ഡം കണ്ടുവെന്ന കാരണത്താല്‍ ആ ഭൂമി വീടുവയ്‌ക്കാതെ ഉപേക്ഷിക്കേണ്ടതില്ല. മരണപ്പെട്ടവര്‍ ആരെയും തേടി വരുന്നില്ല. വാസ്തുശാസ്ത്രത്തില്‍ നാം അന്ധവിശ്വാസം വച്ചു പുലര്‍ത്തരുത്. ശാസ്ത്രീയത മാത്രം കണക്കിലെടുത്താല്‍ മതി. പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ ഇങ്ങോട്ടു ചിന്തിച്ചാല്‍ ഏതെങ്കിലും ജീവജാലങ്ങളുടെ അസ്ഥിക്കഷണം വീഴാത്ത ഒരു തുണ്ട് ഭൂമിപോലും ഈ പ്രപഞ്ചത്തില്‍ ഉണ്ടാവുകയില്ല. മരണപ്പെട്ടവരുടെ ആത്മാവ് അഞ്ചുകൊല്ലത്തിലധികം പ്രപഞ്ചത്തില്‍ വ്യക്തിരൂപേണ നിലനില്‍ക്കില്ല. അതിനകം അത് എവിടെയെങ്കിലും പുനര്‍ജനിച്ചിരിക്കും. ആയതിനാല്‍ പഴയ അസ്ഥിഖണ്ഡങ്ങള്‍, ചുടലതെങ്ങ്, കുഴിമാടങ്ങള്‍ ഇവ എടുത്തുമാറ്റി ശുദ്ധിചെയ്ത് വീട് നിര്‍മിക്കാം.
പഴയ കിണര്‍ നികത്തുമ്പോള്‍
വീടു വയ്‌ക്കുന്ന ഭൂമിയിലോ, വീടും സ്ഥലവുമായി വാങ്ങുമ്പോഴോ പറമ്പില്‍ ഉപയോഗശൂന്യമായ കിണര്‍ കണ്ടാല്‍ അതു വാസ്തുനിയമപ്രകാരം മണ്ണിട്ട് മൂടേണ്ടതാണ്. കുടിവെള്ളത്തിനായി ഭൂമിയില്‍ ഒരു കാലത്ത് കുഴിച്ച കിണറായതിനാല്‍ അതു നികത്തുന്നത് പ്രകൃതിയെ മാനിച്ചുവേണം. ആദ്യമായി മൂടുന്ന ആ കിണറിനകത്തേക്ക് സൂര്യോദയം കഴിഞ്ഞ് അര മണിക്കൂര്‍ കൂടി കഴിഞ്ഞശേഷം സൂര്യനെ സാക്ഷിനിര്‍ത്തി ഒരു വലിയ കപ്പ് പാല്‍ ഒഴിക്കണം. ശേഷം ഒരു ഗ്ലാസ് കരിമ്പിന്‍ നീര് ഒഴിക്കണം. അതിനുശേഷം അല്‍പ്പം തേന്‍, അതു കഴിഞ്ഞ് ഒരു കുടം ശുദ്ധജലം, പിന്നെ ഒരു കുട്ട നല്ല മണ്ണ്. ഇത്രയും നിക്ഷേപിച്ചശേഷം മാത്രമ്രേ മറ്റു മണ്ണും കല്ലും ഉപയോഗിച്ച് കിണര്‍ നികത്താവൂ. നമുക്ക് ദൃഷ്ടിഗോചരമായ പഞ്ചഭൂതശക്തികളാണ് ഭൂമി, ജലം, സൂര്യന്‍ എന്നിവയൊക്കെ. ആ പ്രകൃതിശക്തികളെ മാനിച്ച് ജീവിച്ചാല്‍ ഭൂമിയിലെ ജീവിതം സുഖകരമാവും.
വാസ്തുപ്രകാരം വീടിന്റെ പ്ലാന്‍
മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും വളരെ ശ്രദ്ധ ആവശ്യമായതുമായ ഒന്നാണ് നമ്മുടെ സ്വപ്‌നത്തിലെ വീടിന്റെ നിര്‍മാണം. ചെറുതായാലും വലുതായാലും ആ വീടിന് എന്തൊക്കെ സൗകര്യങ്ങള്‍ വേണം. നേരത്തേ പല വീടുകളിലും കണ്ടുവച്ചതുപോലെ വിവിധസൗകര്യങ്ങളും ഡിസൈനും നമ്മുടെ മനസ്സിലുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വീടിനു പ്ലാന്‍ ചിന്തിക്കു മ്പോള്‍ത്തന്നെ ഒരു സുപ്രധാനകാര്യം മറക്കരുത്. ഏറ്റവുമധികം സമയം ചെലവഴിക്കേണ്ടതും, വിശ്രമം, ശയനം, ഭക്ഷണം, ദാമ്പത്യം, കുട്ടികളുടെ പഠനം, ഭാവി ഇങ്ങനെ നമ്മുടെ ജീവിതത്തിലെ സ്വകാര്യമായ നിമിഷങ്ങളുടെ സാക്ഷിക്കൂടാണ് വീട്. അവിടെ സ്വസ്ഥവും മാനസികമായി ഉന്മേഷം പകരുന്നതുമായ ഒരന്തരീക്ഷം അത്യാവശ്യമാണ്. ആയതിനു വേണ്ടുന്ന ഊര്‍ജവും ഉണര്‍വും നല്‍കാന്‍ നമ്മുടെ വീടിനു കഴിയണം. ചുരുക്കിപ്പറഞ്ഞാല്‍, പ്രാപഞ്ചികോര്‍ജവും ഭൗമോര്‍ജവും വേണ്ടത്ര അളവില്‍ ലഭ്യമാക്കിയും ഊര്‍ജപ്രസരണത്തെ തടയാതെയും നഷ്ടപ്പെടുത്താതെയും ക്രമീകരിക്കുന്ന തരത്തിലുള്ള വാസ്തുശാസ്ത്രതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്ലാനാണു തയ്യാറാക്കേണ്ടത്.
വാസ്തുവിദ്യ ഒരു ശാസ്ത്രം എന്നതിലുപരി ഒരു കലകൂടിയാണ്. ഭാവനാത്മകമായും കലാസൗന്ദര്യത്തോടെയും ഒരു വീടു പണിയുക. ആ വീടിന്റെ അകത്തും പുറത്തും വാസ്തുപരമായി ശരിയായ ഊര്‍ജസംതുലനാവസ്ഥ നിലനിര്‍ത്തുക. ഇങ്ങനെ എന്തുകൊണ്ടും വാസ്തുനിയമങ്ങള്‍ അനുസരിക്കുന്ന ഒരു നല്ല ഭവനം നമുക്കു വേണമെങ്കില്‍ വാസ്തുപെര്‍ഫെക്ടായ ഒരു പ്ലാനും ഉണ്ടായേ മതിയാവൂ.
ഒന്നാംഘട്ടമായി നാം വടക്കും കിഴക്കും ചരിഞ്ഞ് മട്ടപ്പെടുത്തിയ മതില്‍ കെട്ടി വാസമണ്ഡലം തിരിച്ച ഒരു ഭൂമി മനസ്സില്‍ കാണുക. പ്രസ്തുത സ്ഥലത്ത് ഗൃഹനാഥയുടെ നക്ഷത്രത്തിനു യോജിച്ച രീതിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു താല്‍ക്കാലിക പ്ലാന്‍ ആദ്യം തയ്യാറാക്കണം. ആ പ്ലാനില്‍ ഒരു വാസ്തുപണ്ഡിതന്റെ നിര്‍ദേശങ്ങള്‍ മാനിച്ച് പൂമുഖം, കിടപ്പുമുറികള്‍, പൂജാമുറി (പൂജാസ്ഥാനം) അടുക്കള, സ്‌റ്റെയര്‍കെയ്‌സുകള്‍, ബാത്ത് റൂമുകള്‍, പഠനമുറി, ഓഫീസ് മുറി, പെണ്‍കുട്ടികള്‍ക്കുള്ള മുറി, ഗസ്റ്റ് മുറി, ഡ്രോയിംഗ് മുറി തുടങ്ങിയവ ചിട്ടപ്പെടുത്തി മാര്‍ക്കു ചെയ്യണം.
ഭദ്രത, ശില്‍പഭംഗി, ലാളിത്യം, ഒതുക്കം, സൗകര്യങ്ങള്‍, സ്വകാര്യത ഇവ കണക്കിലെടുത്ത് ഓരോ ഇഞ്ചു സ്ഥലവും വാസ്തുനിയമാനുസൃതം വിനിയോഗിക്കാവുന്ന ഉപയോഗക്ഷമതയുള്ള പ്ലാനാണ് മുഖ്യം. ഭാവിയിലെ വീടിന്റെ അറ്റകുറ്റപ്പണികള്‍, വിപുലീകരണം, സംരക്ഷണം ഇവ അധികം ചെലവില്ലാതെ നിര്‍വഹിക്കത്തക്കവിധമുള്ള പ്ലാനാണ് തയ്യാറാക്കേണ്ടത്.
ആരോഗ്യസംരക്ഷണത്തിന് വാസ്തുപ്രകാരമുള്ള കിടപ്പുമുറി
ഒരു വീടിന്റെ പ്ലാനില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും ശ്രദ്ധയോടെ വാസ്തുനിയമപ്രകാരം ശരിയായ സ്ഥാനത്തു വരേണ്ടതുമായ ഒന്നാണു കിടപ്പുമുറി ഒരു ഗൃഹത്തില്‍ വസിക്കുന്നവരുടെ ആരോഗ്യം, ദാമ്പത്യം, ഐശ്വര്യം ഇവ ബെഡ് റൂമിനെ ആശ്രയിച്ചാണ് ഒരു പിരിധിവരെ നിലനില്‍ക്കുന്നത്.
മാസ്റ്റര്‍ ബെഡ് റൂം (പ്രധാന കിടപ്പുമുറി)
ഒരു വീടിന്റെ ഗൃഹനാഥനും ഗൃഹനാഥയും ശയിക്കാന്‍ തെരഞ്ഞെടുക്കേണ്ട മാസ്റ്റര്‍ ബെഡ്‌റൂം എപ്പോഴും വീടിന്റെ കന്നിമൂല അഥവാ തെക്കുപടിഞ്ഞാറേ മൂലയിലുള്ള മുറിയാകുന്നതാണ് ഉത്തമം. ശാസ്ത്രഗ്രന്ഥങ്ങള്‍ പ്രധാന കിടപ്പുമുറിക്ക് ഒന്നാം സ്ഥാനമായി ചൂണ്ടിക്കാട്ടുന്നത് കന്നിമൂല കിടപ്പുമുറിതന്നെ. ആ മുറിയുടെ വാതില്‍ ഉച്ചം സംഭവിക്കുന്ന സ്ഥലത്തുതന്നെ വയ്‌ക്കാനും ശ്രദ്ധിക്കണം. ഓരോ മുറിക്കും ഉച്ചം, നീചം ഭവിക്കുന്ന സ്ഥാനങ്ങളുണ്ട്. കഴിയുന്നതും ഏതു മുറിയിലും വാതില്‍ ഉച്ചത്തില്‍ വയ്‌ക്കാന്‍ ശ്രദ്ധിക്കണം. മറ്റു കിടപ്പുമുറികളും കഴിയുന്നത്ര തെക്കു ദിശയോടു ചേര്‍ന്നു വരുന്നതാണു നല്ലത്.
വടക്കുപടിഞ്ഞാറ് (വായുകോണ്‍)
വായുകോണില്‍ കിടപ്പുമുറിയുണ്ടെങ്കില്‍ വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ ക്ക് കിടക്കാന്‍ നല്ലതാണ്. അവരുടെ ആരോഗ്യം, നല്ല വിവാഹബന്ധം എന്നിവയ്‌ക്ക് ഗുണം ചെയ്യും. വൃദ്ധജനങ്ങള്‍ അതിഥികള്‍ എന്നിവര്‍ക്കും ഈ മുറി നല്‍കാം.
വടക്കുകിഴക്കേ കോണിലെ (ഈശാനകോണ്‍) മുറി
വടക്കുകിഴക്കേ കോണിലെ കിടപ്പുമുറി വൃദ്ധജനങ്ങള്‍ക്ക് ഏറ്റവും നല്ലതാണ്. അഗ്‌നികോണില്‍ (കിഴക്കുതെക്ക് ) ഒരിക്കലും പ്രധാനകിടപ്പുമുറി വരരുത്.
കിടപ്പുമുറികളില്‍ മധ്യപ്രായം കഴിഞ്ഞവര്‍ തെക്കാട്ടും കുട്ടികള്‍ കിഴക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ആരോഗ്യത്തിനു ഗുണം. ഒരിക്കലും വടക്കോട്ടും പടിഞ്ഞാറോട്ടും തലവച്ച് ഉറങ്ങരുത്. തെക്കുവശത്തേക്ക് തലവച്ച് ഉറങ്ങുന്നത് ഗുണമാണെന്നു പറയുന്നതില്‍ ശാസ്ത്രീയത ഉണ്ട്. നമ്മുടെ ഭൂമിക്കു ചുറ്റും ഒരു കാന്തികവലയം ഉണ്ടെന്നു നമുക്കറിയാം. ഈ കാന്തവലയത്തില്‍ കിടക്കേണ്ടത് കാന്തി കദിശയ്‌ക്കനുസരിച്ചാകണം. മനുഷ്യന്റെ ശരീരഭാഗം തല നോര്‍ത്ത് പോളും കാല്‍ഭാഗം സൗത്ത് പോളുമാണ്. തല വടക്കോട്ടുവച്ചാല്‍ നോര്‍ത്ത് പോളുകള്‍ തമ്മില്‍ വികര്‍ഷിക്കും. ഇതു തലച്ചോറിലെ രക്തചംക്രമണം, കോശങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കും. ക്രമേണ ഉറക്കം നഷ്ടപ്പെട്ട് രോഗിയായി മാറും. ഭൂമിയുടെ ചലനം പ്രദക്ഷിണമായിട്ടാകയാല്‍ പടിഞ്ഞാറോട്ടും തല വയ്‌ക്കരുത്. ഇക്കാരണങ്ങളാലാണ് തെക്കുദിശയില്‍ കിടപ്പുമുറികള്‍ വരണമെന്നും തെക്കോട്ട് തലവച്ചുറങ്ങണമെന്നും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: