കോട്ടയം: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് എന്‍ഡിഎ നേതാക്കള്‍ മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യവസായ പ്രമുഖന്‍മാരുടെ കയ്യില്‍ നിന്നും മാസപ്പടി വാങ്ങിയതില്‍ ഒരമ്മ പെറ്റ മക്കളെ പോലെയാണ് യുഡിഎഫും എല്‍ഡിഎഫും. വീണയ്‌ക്ക് മാസപ്പടി കൊടുക്കുന്ന ആറ് കമ്പനികളുടെ വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. ജെഡിടി ഇസ്ലാം, ഐഡിഎല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആന്‍ഡ് മാനേജ്‌മെന്റ് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷന്‍, അനന്തപുരി എജ്യുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്കിയത്. ഇതില്‍ ചിലര്‍ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരുമാണ്. ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം.
അഴിമതി ചൂണ്ടിക്കാണിക്കുമ്പോള്‍ സംഘപരിവാറെന്ന് പറയുകയാണ് പിണറായി വിജയന്‍. മാസപ്പടി, കരുവന്നൂര്‍ സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയുമില്ല. അഴിമതി ആരോപണങ്ങളില്‍ നിന്നും ഇങ്ങനെ ഒളിച്ചോടുന്ന ഒരു മുഖ്യമന്ത്രിയെ കേരളം മുമ്പ് കണ്ടിട്ടില്ല. 2021ല്‍ തുടര്‍ ഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോയെന്ന് എങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലൊന്നും യുഡിഎഫിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പി
ണറായി വിജയന്റെ സ്വാഭാവിക സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. മാസപ്പടിയിലെ പോലെ എല്ലാ കാര്യത്തിലും ഇവര്‍ ഒറ്റക്കെട്ടാണ്. 53 വര്‍ഷം യുഡിഎഫിലെ പ്രധാന നേതാവ് പ്രതിനിധീകരിച്ച മണ്ഡലത്തില്‍ എത്തിയ മുഖ്യമന്ത്രി യുഡിഎഫിനെതിരെ മിണ്ടുന്നില്ലെന്നത് ഐഎന്‍ഡിഐഎ സഖ്യം കേരളത്തിലും ചുവടുറപ്പിക്കുന്നതിന്റെ ഉദാഹരണമാണ്.
പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണം. പുതുപ്പള്ളിയുടെ ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ഒരുമിച്ച് ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും പുതുപ്പള്ളിയില്‍ ജനങ്ങളെ പറ്റിക്കാനാണ് പരസ്പരം മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഐഎന്‍ഡിഐഎ മുന്നണി എന്‍ഡിഎക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ദേശീയതലത്തിലെ സഖ്യം കേരളത്തിലും വരുന്നതിന്റെ ഉദാഹരണമാണ്. സംസ്ഥാനത്ത് ഐഎന്‍ഡിഐഎ മുന്നണിയുടെ പാലമായി പ്രവര്‍ത്തിക്കുന്നത് മതവര്‍ഗീയ ശക്തികളാണെന്ന് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, എല്‍ജെപി നേതാക്കളായ രമാ ജോര്‍ജ്, പി.എസ്. രാമചന്ദ്രന്‍, വി.വി. രാജേന്ദ്രന്‍ (എസ്‌ജെഡി), കുരുവിള മാത്യൂസ് (എന്‍കെസി), ഷാജി ശ്രീശിവന്‍ (ബിഡിജെഎസ്), ബി. രാധാകൃഷ്ണ മേനോന്‍ (ബിജെപി), രതീഷ് മുട്ടപ്പള്ളി, ടോണി ജോര്‍ജ് (ആര്‍എല്‍ജെപി), ജിനേഷ് (ജെആര്‍പി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: